'പൃഥ്വിരാജ്' എന്ന പേര് അപമാനം; അക്ഷയ് കുമാർ ചിത്രത്തിന് കർണ്ണി സേനയുടെ താക്കീത്

'പൃഥ്വിരാജ്' എന്ന പേര് അപമാനം; അക്ഷയ് കുമാർ ചിത്രത്തിന് കർണ്ണി സേനയുടെ താക്കീത്

ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ പുതിയ ചിത്രം 'പൃഥ്വിരാജിന്' കർണ്ണി സേനയിൽ നിന്നും തിരിച്ചടി . പൃഥ്വിരാജ് എന്ന സിനിമയുടെ പേര് മാറ്റണമെന്നാണ് കര്‍ണ്ണി സേനയുടെ ആവശ്യം. രജ്പുത് പൃഥ്വിരാജ് ചൗഹാന്റെ കഥയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. സിനിമയുടെ പേര് പൃഥ്വിരാജ് ചൗഹാനെ അപമാനിക്കുന്നതാണെന്നാണ് കർണ്ണി സേനയുടെ അഭിപ്രായം. അദ്ദേഹത്തിന്റെ മുഴുവന്‍ പേരും ചിത്രത്തിന് നല്‍കണമെന്ന് കര്‍ണ്ണി സേന യൂത്ത് വിങ്ങ് പ്രസിഡന്റുമായ സുര്‍ജീത്ത് സിങ്ങ് രാധോര്‍ ആവശ്യപ്പെട്ടു.

സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് കര്‍ണ്ണി സേനയ്ക്ക് മുന്നിൽ സ്ക്രീൻ ചെയ്യണമെന്ന നിര്‍ദ്ദേശവും മുന്നോട്ട് വെച്ചിട്ടുണ്ട് . കർണ്ണി സേനയുടെ നിർദേശങ്ങൾ അനുസരിക്കാത്ത പക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. സഞ്ജയ് ലീല ബൻസാലിയുടെ പദ്മാവതിന് സമാനമായ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും എല്ലാം നേരിടാൻ സംവിധായകൻ ഒരുങ്ങിയിരിക്കണമെന്നുമാണ് സേനയുടെ ഭീഷണി.

2019ല്‍ അക്ഷയ് കുമാറിന്റെ പിറന്നാള്‍ ദിനത്തിലാണ് പൃഥ്വിരാജ് എന്ന സിനിമ പ്രഖ്യാപിക്കുന്നത്. മുന്‍ മിസ് വേള്‍ഡ് മാനുഷി ചില്ലാറാണ് നായിക .പൃഥ്വിരാജ് ചൗഹാന്റെ ഭാര്യയുടെ വേഷമാണ് മാനുഷി ചെയ്യുന്നത്. ഡോ ചന്ദ്ര പ്രകാശ് തൃവേദി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ആദിത്യ ചോപ്രയാണ്.

The Cue
www.thecue.in