വീണ്ടും മാരി സെല്‍വരാജിനൊപ്പം ധനുഷ്, ചിത്രീകരണം അടുത്ത വര്‍ഷം

വീണ്ടും മാരി സെല്‍വരാജിനൊപ്പം ധനുഷ്, ചിത്രീകരണം അടുത്ത വര്‍ഷം
Dhanush and Mari Selvaraj to join hands once again following Karnan's success

കര്‍ണന്‍ എന്ന സിനിമയുടെ വിജയത്തിന് ശേഷം സംവിധായകന്‍ മാരി സെല്‍വരാജിനൊപ്പം ധനുഷ് വീണ്ടും. പുതിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ നടക്കുകയാണെന്നും അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങുമെന്നും ധനുഷ് ട്വീറ്റ് ചെയ്തു.

പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ സിനിമകളൊരുക്കിയ മാരി സെല്‍വരാജ് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രതീക്ഷയേകുന്ന പുതുതലമുറ സംവിധായകരിലൊരാളാണ്. ജാതിരാഷ്ട്രീയവും ദളിത് രാഷ്ട്രീയവും അതിശക്തമായി പറഞ്ഞ രണ്ട് ചിത്രങ്ങളായിരുന്നു പരിയേറും പെരുമാളും കര്‍ണനും.

ധനുഷിനൊപ്പം യോഗി ബാബു, രജിഷ വിജയന്‍, ലാല്‍ എന്നിവരാണ് കര്‍ണനില്‍ അഭിനയിച്ചത്. കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിന്റെ ഉന്നമനത്തിനായി പോരാടുന്ന നായകനായാണ് ധനുഷ് കര്‍ണനിലെത്തിയത്. പൊടിയന്‍കുളത്തെ മനുഷ്യരെ അടിമകളായി കണ്ടുപോന്ന സവര്‍ണ-അധികാരി സമൂഹത്തോടുള്ള കര്‍ണന്റെ പോരാട്ടമായിരുന്നു സിനിമ.

തേനി ഈശ്വര്‍ ക്യാമറയും സന്തോഷ് നാരായണന്‍ സംഗീത സംവിധാനവും നിര്‍വഹിച്ച സിനിമ കരിയറില്‍ ഏറെ പ്രിയപ്പെട്ടതാണെന്ന് ധനുഷ് പറഞ്ഞിരുന്നു.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഗാംഗ്സ്റ്റര്‍ ത്രില്ലര്‍ ജഗമേ തന്തിരം, ആനന്ദ് എല്‍ റായി സംവിധാനം ചെയ്ത ഹിന്ദി ചിത്രം അത്രംഗി രേ, ദ ഗ്രേ മാന്‍ എന്നിവയാണ് ധനുഷ് പൂര്‍ത്തിയാക്കിയ ചിത്രങ്ങള്‍. കാര്‍ത്തിക് നരേന്‍, ശെല്‍വരാഘവന്‍ എന്നിവരുടെ ചിത്രങ്ങളാണ് ധനുഷിന്റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.

വ്യക്തിയെന്ന നിലയ്ക്കും നടനെന്ന നിലയിലും കര്‍ണന്‍ വിശേഷപ്പെട്ട സിനിമയാണെന്നും ഒരു പാട് കാര്യങ്ങള്‍ പഠിച്ച ചിത്രമായിരുന്നു കര്‍ണനെന്നും ധനുഷ്. ഈ ചിത്രം ഉറപ്പായും തന്നെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നാണ് മാരി ശെല്‍വരാജിനോട് ധനുഷ് പറഞ്ഞത്.

Related Stories

No stories found.