കമല്‍ഹാസനൊപ്പം ഫഹദ് ഫാസില്‍, ലോകേഷ് കനകരാജിന്റെ 'വിക്രമില്‍' വില്ലൻ

കമല്‍ഹാസനൊപ്പം ഫഹദ് ഫാസില്‍, ലോകേഷ് കനകരാജിന്റെ 'വിക്രമില്‍' വില്ലൻ

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽ ഹാസൻ നായകനാകുന്ന 'വിക്രം' സിനിമയിൽ ഫഹദ് ഫാസിൽ വില്ലൻ വേഷത്തിൽ എത്തുന്നു. ഫഹദ് ഫാസിൽ തന്നെയാണ് സിനിമയിലെ തന്റെ വേഷത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് സിനിമയിൽ ഭാഗമാകുന്നുണ്ടെന്ന് ഫഹദ് സമ്മതിച്ചത്. വെള്ളൈക്കാരൻ, സൂപ്പർ ഡീലക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദ് ഫാസ്സിൽ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് വിക്രം. അല്ലു അര്‍ജ്ജുന്‍ നായകനായ പുഷ്പ എന്ന തെലുങ്ക് ചിത്രത്തിലും ഫഹദ് ഫാസില്‍ വില്ലന്‍ റോളിലെത്തുന്നുണ്ട്. ചന്ദനക്കള്ളക്കടത്ത് പ്രമേയമാക്കിയാണ് ഈ സിനിമ.

ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്നതായിരുന്നു കമൽ ഹാസന്റെ മാസ് ആക്ഷൻ രം​ഗങ്ങളോടുകൂടിയ സിനിമയുടെ ടീസർ. ആക്ഷൻ ത്രില്ലറ്‍ ഴോണറിൽ വരുന്ന 'വിക്രം' കമൽഹാസന്റെ 232-ാം ചിത്രമാണ്. 1986 ൽ രാജശേഖർ സംവിധാനം ചെയ്ത ആക്ഷൻ സാഹസിക ചിത്രത്തിന്റെ തലക്കെട്ടും 'വിക്രം' എന്നായിരുന്നു. കമൽ ഹാസൻ, സത്യരാജ് എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ. ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന റീമേക്കാണോ ലോകേഷിന്റെ വിക്രം എന്നതിൽ വ്യക്തതയില്ല.

ടീസറിൽ നിന്ന് നായകൻ സീരിയൽ കില്ലറായാണോ എത്തുന്നത് എന്ന സംശയവും ആരാധകരിൽ നിന്ന് ഉയരുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ (ആർ‌കെ‌എഫ്‌ഐ) ആണ് ചിത്രം നിർമ്മിക്കുന്നത്.

No stories found.
The Cue
www.thecue.in