പച്ചയായ മനുഷ്യനായിരുന്നു ബാലേട്ടൻ; നഷ്ടപെട്ടത് ഗുരുവിനെയെന്ന് മോഹൻലാൽ; പി ബാലചന്ദ്രന് ആദരാഞ്ജലി അർപ്പിച്ച് ബറോസ് ടീം

പച്ചയായ മനുഷ്യനായിരുന്നു ബാലേട്ടൻ; നഷ്ടപെട്ടത്  ഗുരുവിനെയെന്ന് മോഹൻലാൽ; 
പി ബാലചന്ദ്രന് ആദരാഞ്ജലി അർപ്പിച്ച് ബറോസ് ടീം

തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി.ബാലചന്ദ്രന് ആദരാഞ്ജലി അർപ്പിച്ച് ബറോസ് ടീം. മോഹൻലാലിന്റെ ആദ്യത്തെ സംവിധാന സംരംഭമായ ബാരോസ് സിനിമയുടെ ചിത്രീകരണം ഇപ്പോൾ കൊച്ചിയിൽ പുരോഗമിക്കുകയാണ്. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, തിരക്കഥാകൃത്ത് ജിജോ പുന്നൂസ് എന്നിവർ മോഹൻലാലിനൊപ്പം പി ബാലചന്ദ്രന് ആദരാഞ്ജലി അർപ്പിച്ചു. നഷ്ടപ്പെട്ടത് ഒരു സഹോദരനെയും, ഗുരുവിനേയും ഒപ്പം ഒരു വഴികാട്ടിയേയുമാണെന്ന് മോഹൻലാൽ പറഞ്ഞു.

ഔപചാരിതകൾക്കപ്പുറത്തായിരുന്നു ബാലേട്ടൻ. നമുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ, തികച്ചും പച്ചയായ ഒരു മനുഷ്യന്‍... അനുഭവങ്ങളായിരുന്നു ബാലേട്ടന്റെ പേനത്തുമ്പിൽ നിന്ന് ഒഴുകിവന്നത്. നമുക്ക് നഷ്ടപ്പെട്ടത് ഒരു സഹോദരനെയും, ഗുരുവിനേയും ഒപ്പം ഒരു വഴികാട്ടിയേയും ആണ്. വ്യക്തിപരമായി ഞാന്‍ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന രണ്ട് കഥാപാത്രങ്ങളെ തന്നിട്ടാണ് ബാലേട്ടന്‍ പോയത്.. ചേട്ടച്ഛനും അങ്കിള്‍ ബണ്ണും.. ആ രണ്ടു കഥാപാത്രങ്ങളും നെഞ്ചില്‍ സങ്കടങ്ങള്‍ നിറച്ച് മറ്റുള്ളവരെ സന്തോഷിപ്പിച്ച് നടക്കുന്നവരായിരുന്നു.. ബാലേട്ടനും അങ്ങനെ ഒരാളായിരുന്നു.. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരാം..

മോഹൻലാൽ

മോഹൻലാൽ നായകനായ അങ്കിൾ ബൺ എന്ന സിനിമയ്ക്കാണ് പി ബാലചന്ദ്രൻ ആദ്യമായി തിരക്കഥ എഴുതിയത് . തുടർന്ന് ഉള്ളടക്കം, അഗ്നിദേവൻ, പവിത്രം, തച്ചോളി വർഗീസ് ചേകവർ തുടങ്ങിയ മോഹൻലാൽ സിനിമകൾക്കായി അദ്ദേഹം തിരക്കഥ രചിച്ചു. കമ്മട്ടിപ്പാടം, എടക്കാട് ബറ്റാലിയൻ എന്നീ സിനിമകൾക്കായാണ് അവസാനമായി തിരക്കഥ ഒരുക്കിയത്. ഇവൻ മേഘരൂപൻ എന്ന സിനിമ സംവിധാനവും ചെയ്തിട്ടുണ്ട്. 50ഓളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ കോര എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായി. ടൊവീനോ തോമസ് ചിത്രം മിന്നല്‍ മുരളിയാണ് അവസാനമായി അദ്ദേഹം അഭിനയിച്ച ചിത്രം.

Related Stories

No stories found.
logo
The Cue
www.thecue.in