
മോഹൻലാലിൽ എന്നും ഒരു സംവിധായകൻ ഉണ്ടായിരുന്നുവെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. തന്റെ വരവേൽപ്പ് എന്ന സിനിമയിൽ സംഘട്ടന സംവിധായകൻ ത്യാഗരാജന്റെ അഭാവത്തിൽ ഒരു ഫൈറ്റ് സീൻ ചിത്രീകരിച്ചത് മോഹൻലാൽ ആയിരുന്നുവെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. മോഹൻലാൽ സംവിധായകനായ ബറോസ് സിനിമയുടെ പൂജ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യൻ അന്തിക്കാട് പറഞ്ഞത്
‘ലാലിന്റെ മനസ്സിൽ എന്നും ഒരു സംവിധായകനുണ്ടെന്ന് ഞങ്ങളെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. പണ്ട് വരവേൽപ് എന്ന സിനിമ ചെയ്യുമ്പോൾ അതിൽ ആ ബസ് തല്ലിപൊളിക്കുന്ന രംഗത്ത് ചെറിയൊരു ഫൈറ്റ് സ്വീക്വൻസ് ഉണ്ട്. ഷൂട്ടിന്റെ അവസാന നിമിഷത്തിൽ ഫൈറ്റ് മാസ്റ്ററായ ത്യാഗരാജൻ മാഷിന് എത്തിച്ചേരാൻ സാധിച്ചില്ല. ഏത് മാസ്റ്ററെ കൊണ്ടുവന്ന് ഈ ഫൈറ്റ് ചിത്രീകരിക്കും എന്ന ടെൻഷനിലായിരുന്നു ഞാൻ. അപ്പോൾ ലാൽ പറഞ്ഞു, ‘ത്യാഗരാജൻ മാസ്റ്ററിന്റെ അനുഗ്രഹം ഉണ്ടായാൽ മതി നമുക്ക് ചെയ്യാം’. അന്ന് ആ ഫൈറ്റ് സംവിധാനം ചെയ്തത് മോഹൻലാൽ ആണ്. ലാലിന്റെ മനസിൽ സംവിധായകൻ ഉണ്ട്, ഉണ്ടായേ തീരൂ.
മോഹൻലാൽ അഭിനയിക്കുന്നത് പോലും സ്വയം അറിയാതെയാണ്. അതിനു വേണ്ടി പ്രത്യേക തയാറെടുപ്പുകളൊന്നും എടുക്കാറില്ല. ആ കഴിവ് സംവിധാനത്തിലും ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, മുരളി, രേവതി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായിരുന്നു വരവേൽപ്പ്. ശ്രീനിവാസനായിരുന്നു സിനിമയുടെ കഥയും തിരക്കഥയും നിർവഹിച്ചത്.