കടക്കല്‍ ചന്ദ്രന്‍ മുഖ്യമന്ത്രിയാകും മാര്‍ച്ച് 26 മുതല്‍, മമ്മൂട്ടിയുടെ വണ്‍ തിയറ്ററുകളിലേക്ക്

കടക്കല്‍ ചന്ദ്രന്‍ മുഖ്യമന്ത്രിയാകും മാര്‍ച്ച് 26 മുതല്‍, മമ്മൂട്ടിയുടെ വണ്‍ തിയറ്ററുകളിലേക്ക്

മമ്മൂട്ടി കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്റെ റോളിലെത്തുന്ന 'വണ്‍' മാര്‍ച്ച് 26 മുതല്‍ തിയറ്ററുകളില്‍. ബോബി-സഞ്ജയ് തിരക്കഥയെഴുതിയ പൊളിറ്റിക്കല്‍ എന്റര്‍ടെയിനല്‍ സംവിധാനം ചെയ്തിരിക്കുന്നത് സന്തോഷ് വിശ്വനാഥാണ്. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് നിര്‍മ്മാണം. വൈദി സോമസുന്ദരമാണ് ക്യാമറ.

കടക്കല്‍ ചന്ദ്രനെന്ന കാര്‍ക്കശ്യക്കാരനായ മുഖ്യമന്ത്രിയെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സമകാലിക രാഷ്ട്രീയവുമായി ചേര്‍ന്നുനീങ്ങുന്ന ചിത്രമായിരിക്കും വണ്‍ എന്നാണ് സൂചന. കേരളം നിയമസഭാ തെരഞ്ഞെടുപ്പിന് പടിവാതില്‍ക്കല്‍ നില്‍ക്കെ മുഖ്യമന്ത്രി കേന്ദ്രകഥാപാത്രമായെത്തുന്ന സിനിമ റിലീസിനെത്തുന്നു എന്നതിലും കൗതുകമുണ്ട്.

സിനിമയുടെ ടീസറിന് വൻ സ്വീകാര്യതയായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ വോട്ട് ചെയ്യാന്‍ കിട്ടുന്ന ഒരു ദിവസം, നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്ത് ഡെമോക്രസിയെന്ന വാക്കിന്റെ അര്‍ത്ഥം അതാണ്, എന്ന ഡയലോഗ് ഉള്‍ക്കൊള്ളിച്ചായിരുന്നു സിനിമയുടെ ടീസർ.

ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സ്പൂഫ് സംവിധാനം ചെയ്ത സന്തോഷ് വിശ്വനാഥിന്റെ രണ്ടാമത്തെ സിനിമയാണ് ‘വണ്‍’. ബോബി-സഞ്ജയ് ആണ് തിരക്കഥ. ഗോപിസുന്ദര്‍ സംഗീത സംവിധാനവും, രംഗനാഥ് രവി സൗണ്ട് ഡിസൈനും.

ജോജു ജോര്‍ജ്ജ്, മുരളി ഗോപി, നിമിഷ സജയന്‍, മധു, അലന്‍സിയര്‍, ബിനു പപ്പു, രഞ്ജിത് ബാലകൃഷ്ണന്‍, ബാലചന്ദ്രമേനോന്‍, സിദ്ദീഖ്, സുരേഷ് കൃഷ്ണ, സലിംകുമാര്‍, തോമസ് മാത്യു എന്നിവരും ചിത്രത്തിലുണ്ട്.

കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തിന് മറ്റൊരു രാഷ്ട്രീയനേതാവുമായും സാമ്യമുണ്ടാകരുതെന്ന് മമ്മൂട്ടിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും, കഥാപാത്രത്തിന്റെ ലുക്ക് കണ്ടെത്തിയത് മമ്മൂട്ടിയായിരുന്നുവെന്നും സംവിധായകന്‍ സന്തോഷ് വിശ്വനാഥ് പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in