ശ്രീരാമനും കാവി ഷാളുമായി അക്ഷയ്കുമാര്‍, സഹനിര്‍മ്മാതാക്കളായി ആമസോണ്‍; ഇന്ത്യന്‍ പൈതൃകം ഉയര്‍ത്തുന്ന സിനിമയെന്ന് അവകാശവാദം

ശ്രീരാമനും കാവി ഷാളുമായി അക്ഷയ്കുമാര്‍, സഹനിര്‍മ്മാതാക്കളായി ആമസോണ്‍; ഇന്ത്യന്‍ പൈതൃകം ഉയര്‍ത്തുന്ന സിനിമയെന്ന് അവകാശവാദം

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ശക്തമാക്കുമ്പോള്‍ അക്ഷയ്കുമാര്‍ ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്ത് ആമസോണ്‍ പ്രൈം വീഡിയോ. അയോധ്യയില്‍ ലോഞ്ച് ചെയ്യുന്ന അക്ഷയ്കുമാറിന്റെ പിരിഡ് ഡ്രാമ രാംസേതുവിന്റെ സഹനിര്‍മ്മാണമാണ് ആമസോണ്‍ ഏറ്റെടുത്തത്. പരമാണു, തേരേ ബിന്‍ ലാദന്‍ എന്നീ സിനിമകളൊരുക്കിയ അഭിഷേക് ശര്‍മ്മയാണ് അക്ഷയ്കുമാര്‍ ചിത്രം സംവിധാനം ചെയ്യുന്നത്. നരേന്ദ്രമോഡി സര്‍ക്കാര്‍ ഒ.ടി.ടികള്‍ക്ക് മേല്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതും, ആമസോണ്‍ പ്രൈമിലൂടെ വന്ന വെബ് സീരീസുകള്‍ക്ക് ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പുയര്‍ന്നതും മറികടക്കാനുള്ള നീക്കമായും നിര്‍മ്മാണ സഹകരണത്തെ വിലയിരുത്തുന്നുണ്ട്.

കേപ് ഓഫ് ഗുഡ് ഫിലിംസ്, അബുണ്ടാന്റിയ എന്റര്‍ടെയ്ന്‍മെന്റ്, ലൈക പ്രൊഡക്ഷന്‍സ്, പ്രൈം വീഡിയോ എന്നിവരാണ് നിര്‍മ്മാതാക്കള്‍. ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, നുഷ്‌റ ബറുച്ച എന്നിവര്‍ക്കൊപ്പം സൂപ്പര്‍സ്റ്റാര്‍ അക്ഷയ് കുമാര്‍ അഭിനയിക്കുന്നു.

ഇന്ത്യയുടെ സാംസ്‌കാരികവും ചരിത്രപരവുമായ പൈതൃകത്തില്‍ ആഴത്തില്‍ വേരൂന്നിയ ആക്ഷന്‍ ഡ്രാമയാണ് ചിത്രമെന്ന് നിര്‍മ്മാതാക്കള്‍. തിയറ്റര്‍ റിലീസിന് പിന്നാലെ ഇന്ത്യയിലും 240 ലധികം രാജ്യങ്ങളിലുമാണ് ആമസോണിലൂടെ ചിത്രമെത്തും.

രാംസേതു സഹനിര്‍മ്മാണത്തെക്കുറിച്ച് ആമസോണ്‍ ഇന്ത്യ കണ്ടന്റ് ഹെഡ് വിജയ് സുബ്രഹ്മണ്യം

'ആമസോണ്‍ പ്രൈം വീഡിയോയില്‍, ഞങ്ങള്‍ എടുക്കുന്ന ഓരോ തീരുമാനവും പ്രാഥമികമായി ഉപഭോക്താവിന്റെ വീക്ഷണകോണിലൂടെയാണ്. ഇന്ത്യന്‍ മണ്ണില്‍ വേരൂന്നിയ കഥകള്‍ക്ക് പലപ്പോഴും ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും പ്രേക്ഷകരുള്ളതായി കണ്ടെത്തിയിട്ടുണ്ട്, മാത്രമല്ല നമ്മുടെ ഇന്ത്യന്‍ പൈതൃകത്തെ ഉയര്‍ത്തിക്കാട്ടുന്ന ഒരു സിനിമയുമായി സഹകരിച്ച് സഹനിര്‍മ്മാണത്തിലേക്ക് ഒരു ചുവടുവെക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. വിക്രം മല്‍ഹോത്ര, അബുണ്ടാന്റിയ എന്റര്‍ടെയ്ന്‍മെന്റ് എന്നിവയുമായും അക്ഷയ് കുമാറുമായുള്ള ഞങ്ങളുടെ സഹകരണം ഇന്നുവരെ സവിശേഷവും വിജയകരവുമാണ്; ഈ ചുവട് വയ്പ്പിലൂടെ, ഞങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലാക്കാനും ശക്തിപ്പെടുത്താനുമുള്ള ദിശയിലേക്ക് ഞങ്ങള്‍ നീങ്ങുന്നു. മാതൃകാപരമായ ഒരു അഭിനേതൃ നിരയും അദ്വിതീയവും എന്നാല്‍ ചരിത്രത്തില്‍ വേരൂന്നിയതുമായ ഒരു കഥയാല്‍, ലോകമെമ്പാടുമുള്ള ഞങ്ങളുടെ ഉപഭോക്താക്കളെ രസിപ്പിക്കുന്നത് തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.''

Related Stories

No stories found.
logo
The Cue
www.thecue.in