ചിയാൻ 60; വിക്രമിനും ധ്രുവിനുമൊപ്പം സിമ്രനും; ഷൂട്ടിങ് ഇന്ന് മുതൽ

ചിയാൻ 60; വിക്രമിനും ധ്രുവിനുമൊപ്പം സിമ്രനും; ഷൂട്ടിങ് ഇന്ന് മുതൽ

വിക്രമിനെയും ധ്രുവ് വിക്രമിനെയും പ്രധാന കഥാപാത്രങ്ങളാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിയാൻ 60 ഷൂട്ടിങ് ഇന്ന് ആരംഭിക്കും. അഭിനേതാവ് എന്ന നിലയില്‍ സാഹസിക പരീക്ഷണങ്ങള്‍ക്ക് മുതിരുമ്പോഴും കരിയറില്‍ ശക്തമായൊരു ബോക്‌സ് ഓഫീസ് വിജയം കാത്തിരിക്കുന്ന ചിയാന്‍ വിക്രമിന്റെ മാസ് തിരിച്ചുവരവായിരിക്കും കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിയാൻ 60 എന്നാണ് ആരാധകരുടെ പ്രതീക്ഷ. സിനിമയിൽ സിമ്രനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിയാൻ വിക്രമിനൊപ്പം അഭിനയിക്കുന്ന സിമ്രാന്റെ മൂന്നാമത്തെ ചിത്രമാണിത്. ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ധ്രുവ് നക്ഷതിരം വിക്രമിന് ദേശിയ അവാർഡ് നേടിക്കൊടുത്ത പിതാമഗൻ എന്നിവയാണ് വിക്രമിനൊപ്പമുള്ള സിമ്രൻറെ മറ്റ് ചിത്രങ്ങൾ. കാർത്തിക് സുബ്ബരാജിനും വിക്രമിനും ധ്രുവ് വിക്രമിനുമൊപ്പം അഭിനയിക്കുവാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സിമ്രൻ ട്വിറ്ററിലൂടെ അറിയിച്ചു

ധനുഷിനെ നായകനാക്കി ഒരുക്കുന്ന ഗാംഗ്‌സ്റ്റര്‍ ആക്ഷന്‍ ചിത്രം ജഗമേ തന്തിരം പൂര്‍ത്തിയാക്കിയാണ് കാര്‍ത്തിക് സുബ്ബരാജ് പുതിയ ചിത്രത്തിലേക്ക് കടന്നത് . കൊവിഡ് ലോക്ക് ഡൗണില്‍ കോളിവുഡില്‍ നിന്ന് പ്രഖ്യാപിക്കപ്പെട്ട പ്രധാന പ്രൊജക്ടുമാണ് ചിയാന്‍ 60 . സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ ആണ് നിർമ്മാണം . സന്തോഷ് നാരായണനാണ് സംഗീതം.

അര്‍ജുന്‍ റെഡ്ഡി തമിഴ് റീമേക്കായ ആദിത്യ വര്‍മ്മയാണ് ധ്രുവ് വിക്രം നായകനായി അരങ്ങേറിയ ചിത്രം. ഈ സിനിമയുടെ ചിത്രീകരണ ഘട്ടത്തിലും പ്രമോഷനും മകന്‍ ധ്രുവിനൊപ്പം വിക്രം ഉണ്ടായിരുന്നു. ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരിക്കുന്ന കോബ്ര പോസ്റ്റ് പ്രൊഡക്ഷനിലിരിക്കെ ആണ് വിക്രം അറുപതാം ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് ലണ്ടനില്‍ ചിത്രീകരിച്ച ജഗമേ തന്തിരം ഏപ്രിലിൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ലോക്ക് ഡൗണ്‍ കാരണം റിലീസ് വൈകിയതോടെയാണ് കാര്‍ത്തിക് പുതിയ സിനിമയിലേക്ക് കടന്നത്. ഇരുമുഖന്‍ ചിത്രീകരണ വേളയിലാണ് കാര്‍ത്തിക് ചിയാൻ 60 യുടെ കഥ വിക്രം കേട്ടത്. ഗാംഗ്സ്റ്റര്‍ ഡ്രാമ സ്വഭാവത്തിലാണ് ചിത്രം.

Related Stories

No stories found.