'എന്നെപ്പോലെയുള്ളവർ ആഗ്രഹിക്കുന്നത് ഇതുപോലെയുള്ള സിനിമകൾ'; ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനെക്കുറിച്ച് അടൂർ ഗോപാലകൃഷ്ണൻ

 'എന്നെപ്പോലെയുള്ളവർ ആഗ്രഹിക്കുന്നത് ഇതുപോലെയുള്ള സിനിമകൾ'; ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനെക്കുറിച്ച് അടൂർ ഗോപാലകൃഷ്ണൻ

സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ ദി ഗ്രേറ്റ് ഇന്ത്യൻ സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവെച്ച് പ്രമുഖ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. പതിവ് രീതിയിൽ നിന്നും മാറിയുള്ള സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനെന്നും തന്നെപ്പോലുള്ളവർ ആഗ്രഹിക്കുന്നത് ഇത്തരത്തിലുള്ള മാറ്റങ്ങൾ ആണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ അദ്ദേഹം പറഞ്ഞു. മഹാനായ ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മഹത്തായ അടുക്കളയെക്കുറിച്ച് സംസാരിക്കുന്നു. ഞങ്ങള്‍ക്ക് ഇതൊരു വലിയ അംഗീകാരമാണ് എന്നാണ് അടൂർ ഗോപാലകൃഷ്ണനന്റെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ട് സംവിധായകൻ ജിയോ ബേബി കുറിച്ചിരിക്കുന്നത്.

അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾ

പതിവ് രീതിയിൽ നിന്നും മാറിയുള്ള സിനിമ. സർവിത ചർവ്വണം ചെയ്ത രീതികളിൽ നിന്നും മാറി പുതുതായി എന്തെങ്കിലും മലയാള സിനിമയിൽ ഉണ്ടാവണമെന്ന് ആഗ്രഹമുണ്ട്. അത്തരത്തിൽ മാറ്റങ്ങൾ വരുന്നതിൽ സന്തോഷമുണ്ട്. കല്യാണം കഴിച്ചുക്കൊണ്ട് വന്ന പെൺകുട്ടിയെ വീട്ടിലെ അടുക്കളയിൽ ഒതുക്കുന്ന പ്രവണത. അത് സ്വാഭാവികമാണെന്നാണ് വീട്ടുകാർ കരുതുന്നത്. ആ വീട്ടിലെ അമ്മ ഈ രീതിയോട് മെരുകി കഴിഞ്ഞിരിക്കുന്നു. ഭർത്താവിന്റെയും അച്ഛന്റെയും മുഖത്തേയ്ക്കു അഴുക്കു വെള്ളം ഒഴിക്കുന്ന രംഗമാണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്. അടുക്കളയിലേക്കുള്ള പൈപ്പ് കേടായ കാര്യം ഭർത്താവിനോട് പറഞ്ഞിട്ടും അയാൾ അത് നിസ്സാരമായി കരുതുകയാണ്. നമ്മൾ ജീവിക്കുന്നത് ചെറിയൊരു കാലയളവിലാണ്. അത് നമ്മുക്ക് ഇഷ്ടപെട്ടത് ചെയ്ത് ജീവിക്കുകയാണ് വേണ്ടത്. ചിലരൊക്കെ പറയുന്നുണ്ട്, ആ വീട്ടിൽ നിന്നുകൊണ്ട് ആ അച്ഛനെയും മകനെയും നന്നാക്കുകയാണ് ചെയ്യേണ്ടതെന്ന്. എന്നാൽ അവരുടെ ജീവിതം ആ അടുക്കളയിൽ അവസാനിപ്പിക്കേണ്ട കാര്യമില്ല.വാസനകൾ ഉള്ള പെൺകുട്ടികൾ വീട്ടിൽ തന്നെ തളയ്ക്കപ്പെടുന്ന അവസ്ഥ ഇപ്പോഴും ഉണ്ട്. ഇനിയും മാറ്റം വരാത്ത പുരുഷന്മാരുടെ മാനസിക അവസ്ഥയെക്കുറിച്ചാണ് സിനിമ പറയുന്നത്.

ചിത്രത്തിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. നിമിഷ സജയനാണ് നായിക. ഒരു സാധാരണ ഇന്ത്യൻ അടുക്കളയിലെ സ്ത്രീകളുടെ കഥയാണ് സിനിമയിൽ അവതരിപ്പിച്ചത് .തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് നിർമ്മിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in