എന്തുക്കൊണ്ട് ദൃശ്യം 2 നിങ്ങൾ കണ്ടിരിക്കണം? ബംഗ്ലാദേശ് പോലീസ് അഡിഷണൽ സൂപ്രണ്ടിന്റെ വൈറൽ വിലയിരുത്തൽ

എന്തുക്കൊണ്ട് ദൃശ്യം 2 നിങ്ങൾ കണ്ടിരിക്കണം? ബംഗ്ലാദേശ് പോലീസ് അഡിഷണൽ സൂപ്രണ്ടിന്റെ വൈറൽ വിലയിരുത്തൽ

മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം 2 വിനെക്കുറിച്ചുള്ള പ്രതികരണങ്ങൾ ഭാഷയുടെ അതിർവരമ്പുകളും കടന്ന് മുന്നേറുകയാണ്. സിനിമയെക്കുറിച്ചുള്ള ബംഗ്ലാദേശിലെ ഒരു പൊലീസ് അഡിഷണൽ സൂപ്രണ്ടിന്റെ പ്രതികരണം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ബംഗ്ലാദേശ് പൊലീസിലെ അഡിഷണൽ സൂപ്രണ്ട് ആയ മഷ്‌റൂഫ് ഹൊസൈനാണ് ദൃശ്യത്തെക്കുറിച്ചുള്ള അഭിപ്രായം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പോലീസ് അക്കാദമിയിലെ ട്രെയിനികൾ ദൃശ്യം 2 നിർബന്ധമായും കാണണം. അന്വേഷണത്തിന് വേണ്ട മനോനിലയെ കുറിച്ച് അവർക്ക് മനസ്സിലാക്കുവാൻ സാധിക്കും. പോലീസ് ആകണമെന്ന് ആഗ്രഹിക്കുന്നവരും അല്ലാത്തവരും ദൃശ്യം 2 നിർബന്ധമായും കണ്ടിരിക്കണം. ഇപ്രകാരമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

ഫെബ്രുവരി 19 ആമസോൺ പ്രൈമിലാണ് ദൃശ്യം 2 റിലീസ് ചെയ്തത്. സിനിമയുടെ ത്രില്ലർ പരിസരത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും സജീവമാണ്. അതുകൊണ്ടു തന്നെ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ആമസോൺ പ്രൈമിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ നടൻ മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും മറുപടി നൽകിയിരുന്നു. രസകരമായ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് കൗതുകമുള്ള മറുപടികളായിരുന്നു നടൻ മോഹൻലാലും ജീത്തു ജോസഫും നൽകിയത്.

ക്ലൈമാക്സ് കേട്ടപ്പോള്‍ ആദ്യം തോന്നിയത് എന്തായിരുന്നു എന്നായിരുന്നു മോഹൻലാലിനോടുള്ള ഒരു ചോദ്യം. ക്ലൈമാക്സ് കേട്ടപ്പോള്‍ സര്‍പ്രൈസ് തോന്നിയെന്നായിരുന്നു മോഹൻലാലിന്റെ മറുപടി. ജോര്‍ജുകുട്ടി അത്രയ്ക്കും ബുദ്ധിമാനാണ് . നായകനായതുകൊണ്ട് മാത്രമാണ് ജീത്തു ജോസഫ് എന്നോട് ക്ലൈമാക്സ് പറഞ്ഞത്. ക്ലൈമാക്സ് നല്ലതായാല്‍ മാത്രം പോര. അത് കൃത്യമായി എക്സിക്യൂട്ട് ചെയ്യണം. ജീത്തു ജോസഫ് അത് കൃത്യമായി തന്നെ നിർവ്വഹിച്ചിട്ടുണ്ടെന്നും മോഹൻലാൽ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in