ഗോകുലനും സുധി കോപ്പയും മലയാളത്തിൽ ഇനി നിർണായകം, സീരിയലുകളിൽ നിന്ന് മുന്നോട്ട് പോകാത്ത സിനിമകൾക്കിടയിലെ ആശ്വാസമെന്ന് പി എഫ് മാത്യൂസ്

ഗോകുലനും സുധി കോപ്പയും മലയാളത്തിൽ ഇനി നിർണായകം, സീരിയലുകളിൽ നിന്ന് മുന്നോട്ട് പോകാത്ത സിനിമകൾക്കിടയിലെ ആശ്വാസമെന്ന് പി എഫ് മാത്യൂസ്

മെഗാ സീരിയലിൽ നിന്നും ഒട്ടും മുന്നോട്ടു പോകാത്ത മലയാള മുഖ്യധാരാ സിനിമയിൽ വളരെ പ്രതീക്ഷയുണർത്തുന്ന കാഴ്ചയാണ് ലവ് എന്ന സിനിമയും അതിൽ അഭിനയിച്ച ഗോകുലൻ, സുധി കോപ്പ എന്നീ നടന്മാരുമെന്ന് തിരക്കഥാകൃത്ത് പി എഫ് മാത്യൂസ്. കഥാപ്രസംഗം പോലെ ഡയലോഗടിച്ചു രണ്ടരമണിക്കൂർ മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന ചില മലയാള സിനിമകളെ അപേക്ഷിച്ച് ആശ്വാസം നൽകുന്ന സിനിമയാണ് ലവ് എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഫെബ്രുവരി 19 നാണ് 'ലവ്' നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം തീയറ്ററിക്കൽ റിലീസ് ആയിരുന്നു. ഷൈൻ ടോം ചാക്കോയും, രജിഷ വിജയനുമാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത 'ലവ്' തീയറ്ററിക്കൽ റിലീസ് ആയിരുന്നു. ഷൈൻ ടോം ചാക്കോയും, രജിഷ വിജയനുമാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഫേസ്ബുക് കുറിപ്പ്

താരപ്രൗഢി തീരെയില്ലാത്ത, ആൾക്കൂട്ടത്തിൽ അലിഞ്ഞു പോകുന്ന പ്രതിഭയുള്ള രണ്ടു നടൻമാർ. മുഖ്യധാര സിനിമയിലൂടെ അവർ ശ്രദ്ധ നേടണമെങ്കിൽ തീർച്ചയായും മികച്ചൊരു സംവിധായകൻ അതിന്റെ പിന്നിൽ ഉണ്ടായിരിക്കണം. മെഗാ സീരിയലിൽ നിന്ന്‌ ഒട്ടും മുന്നോട്ടു പോകാത്ത മലയാള മുഖ്യധാരാ സിനിമയിൽ വളരെ പ്രതീക്ഷയുണർത്തുന്ന ഒരു കാഴ്ചയായിരുന്നു അത്. കഴിഞ്ഞ ദിവസം നെറ്റ്ഫ്ളിക്സിൽ കണ്ട ലവ് love എന്ന സിനിമയേയും അതിൽ അഭിനയിച്ച ഗോകുലൻ, സുധി കോപ്പ, എന്നീ നടന്മാരെക്കുറിച്ചുമാണ് പറഞ്ഞു വരുന്നത്. മനസ്സിന്റെ സങ്കീർണത ദൃശ്യവൽക്കരിക്കുക, എന്ന ഒട്ടും എളുപ്പമല്ലാത്ത കലാപരിപാടി സംവിധായകനായ ഖാലിദ് റഹ്മാന് സാധിച്ചിട്ടുള്ളത് കൊണ്ട് തന്നെയാണ് ഈ നടൻമാർ ശ്രദ്ധേയരായിത്തീർന്നത്. കോവിഡിനിടയിൽ സിനിമ ശാലകളിൽ ശ്രദ്ധിക്കപ്പെടാതെ പോയ ഈ ചിത്രം നെറ്റ്ഫ്ലിക്സിലൂടെ കൂടുതൽ ആളുകളിലേക്ക്‌ എത്തും എന്നാണ് എന്റെ ഒരു തോന്നൽ. അതിലുപരി ഗോകുലനും സുധി കോപ്പയും മലയാള സിനിമ രംഗത്ത് നിർണായകമായ ഘടകമായി തീരുമെന്നും പ്രതീക്ഷയുണ്ട്. കഥാപ്രസംഗം പോലെ ഡയലോഗടിച്ചു രണ്ടരമണിക്കൂർ മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന ചില മലയാള സിനിമകളെ അപേക്ഷിച്ച് ഇത് ഒരു ആശ്വാസം തന്നെയാണ്.

കോവിഡ് കാലത്ത് പൂർത്തിയായ ആദ്യ മലയാള സിനിമയാണ് ലവ്. കൊച്ചി വൈറ്റിലയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ചിത്രീകരണം. പൂർണമായും ഒരു അപ്പാർട്ട്‌മെന്റിനുള്ളിലയിരുന്നു ഷൂട്ടിം​ഗ്. ജൂൺ 22ന് തുടങ്ങിയ ചിത്രം 24 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. മമ്മൂട്ടി ചിത്രം 'ഉണ്ടക്ക്' ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനാകുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ആഷിക്ക് ഉസ്മാനാണ്.

AD
No stories found.
The Cue
www.thecue.in