kamal director
kamal director

സലിംകുമാറിനെ ഒഴിവാക്കി ചലച്ചിത്ര മേള സാധ്യമല്ല; രാഷ്ട്രീയമായി മാറ്റി നിര്‍ത്താവുന്ന ആളല്ലെന്നും കമല്‍

പ്രായത്തിന്റെ പേര് പറഞ്ഞ് കൊച്ചിയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്നും ഒഴിവാക്കിയെന്ന സലിം കുമാറിന്റെ ആരോപണത്തില്‍ പ്രതികരിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. രാഷ്ട്രീയമായി മാറ്റി നിര്‍ത്താവുന്ന ആളല്ല സലിംകുമാറെന്ന് കമല്‍ പറഞ്ഞു. രാഷ്ട്രീയ കാരണങ്ങളാലാണ് മാറ്റി നിര്‍ത്തിയതെന്നായിരുന്നു സലിം കുമാറിന്റെ ആരോപണം.

ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ അന്തിമ പട്ടിക തയ്യാറായിട്ടില്ലെന്ന് കമല്‍ വ്യക്തമാക്കി. കൊച്ചിയില്‍ നടക്കുന്ന ചലച്ചിത്ര മേളയില്‍ നിന്നും സലിംകുമാറിനെ ഒഴിവാക്കില്ല. സലിംകുമാറിനെ ഒഴിവാക്കി എറണാകുളത്ത് ചലച്ചിത്ര മേള സാധ്യമല്ലെന്നും കമല്‍ അറിയിച്ചു.

ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിലേക്ക് 25 പുരസ്‌കാര ജേതാക്കളെ ക്ഷണിച്ചപ്പോള്‍ തന്നെ ഒഴിവാക്കിയെന്നായിരുന്നു സലിംകുമാറിന്റെ ആലോപണം.

സലിം കുമാറിന്റെ പ്രതികരണം

പ്രായക്കൂടുതല്‍ കൊണ്ടാണ് വിളിക്കാത്തതെന്നാണ് മറുപടി ലഭിച്ചത്. ദേശീയ പുരസ്‌കാര ജേതാക്കളാണ് മേളയില്‍ തിരി തെളിക്കുക. ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കാനാണെന്നാണ് വാദമെന്നും സലീം കുമാര്‍ പറഞ്ഞു.

മാറ്റി നിര്‍ത്തിയത് എന്തിനാണെന്ന് അറിയാനായിരുന്നു നേരിട്ട് വിളിച്ചത്. പ്രായക്കൂടുതല്‍ കൊണ്ടാണെന്ന് പറയുന്നത് രസകരമായ മറുപടിയായി തോന്നി. ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കുമെന്ന് പറയുന്നത് മുട്ടുന്യായമാണ്. ആഷിക് അബുവും അമല്‍ നീരദും കോളേജില്‍ തന്റെ ജൂനിയറായിരുന്നു. തങ്ങള്‍ തമ്മില്‍ പ്രായവ്യത്യാസമില്ല.

മാറ്റി നിര്‍ത്തലിന് പിന്നില്‍ രാഷ്ട്രീയമാണെന്നും സലീംകുമാര്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഭരിക്കുമ്പോഴും സി.പി.എം ഭരിക്കുമ്പോഴും തനിക്ക് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.കലാകാരന്മാരോട് എന്തു ചെയ്യാമെന്ന് നേരത്തെ തെളിയിച്ചതാണെന്നും അതിന്റെ ഉദാഹരണമാണ് പുരസ്‌കാരം മേശപ്പുറത്ത് വച്ച് നല്‍കിയതെന്നും സലീം കുമാര്‍ വിമര്‍ശിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in