'സെല്‍ഫിയെടുക്കാമെന്ന് പറഞ്ഞ് ആളെ കൂട്ടാന്‍ ഇത് ദോശക്കട ഉദ്ഘാടനമല്ല', ഐ.എഫ്.എഫ്.കെ പോസ്റ്ററുകള്‍ക്കെതിരെ വിമര്‍ശനം

'സെല്‍ഫിയെടുക്കാമെന്ന് പറഞ്ഞ് ആളെ കൂട്ടാന്‍ ഇത് ദോശക്കട ഉദ്ഘാടനമല്ല', ഐ.എഫ്.എഫ്.കെ പോസ്റ്ററുകള്‍ക്കെതിരെ വിമര്‍ശനം

25-ാമത് അന്താരാഷ്ട്രചലച്ചിത്ര മേളയ്ക്കായി തയ്യാറാക്കിയ പോസ്റ്ററുകല്‍ നിലവാരം കുറഞ്ഞതെന്ന് വിമര്‍ശനം. യാതൊരു നിലവാരവും ഗൗരവവും പുലര്‍ത്താത്തതാണ് പോസ്റ്ററുകള്‍ എന്നാണ് വിമര്‍ശനം. സംവിധായകരായ ഡോ.ബിജു, പി.ജി.പ്രേംലാല്‍ തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്ററുകളുടെ നിലവാരമില്ലായ്മ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്.

15,000ത്തോളം ഡെലിഗേറ്റുകള്‍ കഴിഞ്ഞ 24 വര്‍ഷമായി മേളയ്‌ക്കെത്തിയത് ചലച്ചിത്ര സാക്ഷരത ഉള്ളതുകൊണ്ടാണ്, മുഖ്യധാരാ സിനിമയുടെ പരസ്യങ്ങളും ചാനല്‍ മെഗാഷോ മാര്‍ക്കറ്റിങ്ങും മാത്രം അറിയുന്ന ആളുകള്‍ അക്കാദമി ഭരിക്കുമ്പോള്‍ ഇതിലുമപ്പുറം സംഭവിക്കുമെന്നായിരുന്നു ഡോ.ബിജു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മാര്‍ക്കറ്റിങ് നിലവാരത്തോടെയും ഗൗരവത്തോടെയുമാകണമെന്നും, സെല്‍ഫിയെടുക്കാമെന്നൊക്കെ പറഞ്ഞ് ആളെ കൂട്ടാന്‍ ഇത് ദോശക്കട ഉദ്ഘാടനമല്ലെന്നും പി.ജി.പ്രേംലാല്‍ കുറിച്ചു.

ഡോ.ബിജുവിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

'അന്താരാഷ്ട്ര ചലച്ചിത്ര മേള ഡെലിഗേറ്റുകളേ.. കടന്നു വരൂ..കടന്നു വരൂ.. ആകര്‍ഷകമായ ഓഫറുകള്‍..മനോഹരമായ പരസ്യങ്ങള്‍....ഇരുപത്തി അഞ്ചാമത്തെ വര്‍ഷത്തെ മേളയാണ്..പടവലങ്ങയോട് സാമ്യം...15000 ത്തോളം ഡെലിഗേറ്റുകള്‍ കഴിഞ്ഞ 24 വര്‍ഷമായി മേളയ്ക്ക് എത്തിയത് ചലച്ചിത്ര സാക്ഷരത ഉള്ളത് കൊണ്ടാണ് . പറഞ്ഞിട്ട് കാര്യമില്ല..ഇതൊന്നും അറിയാതെ മുഖ്യധാരാ സിനിമയുടെ പരസ്യങ്ങളും ചാനല്‍ മെഗാഷോ മാര്‍ക്കറ്റിങ്ങും മാത്രം അറിയുന്ന ആളുകള്‍ അക്കാദമി ഭരിക്കുമ്പോള്‍ ഇതിലുമപ്പുറം സംഭവിക്കും.....അപ്പോള്‍ പ്രിയ ഡെലിഗേറ്റുകളെ നിങ്ങള്‍ വരില്ലേ..വരൂ..വന്നു സെല്‍ഫി എടുക്കൂ..അനന്ദിക്കൂ.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പി.ജി.പ്രേംലാലിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

'എന്തൊരു ബോറന്‍ പോസ്റ്ററുകളാണിത് ! അന്താരാഷ്ട്ര ചലച്ചിത്രമേളയാണ്... അതിന്റെ ഒരു നിലവാരത്തോടെയും ഗൗരവത്തോടെയുമാകണം മാര്‍ക്കറ്റിങും. സെല്‍ഫിയെടുക്കാമെന്നൊക്കെ പറഞ്ഞ് ആളെ കൂട്ടാന്‍ ഇത് ദോശക്കട ഉദ്ഘാടനമല്ല.'

Related Stories

No stories found.
logo
The Cue
www.thecue.in