പൃഥ്വി പറഞ്ഞു 'ജയന്‍ ഈ പടം ചെയ്യണം'; വിലായത് ബുദ്ധയെക്കുറിച്ച് ജയന്‍ നമ്പ്യാര്‍

പൃഥ്വി പറഞ്ഞു 'ജയന്‍ ഈ പടം ചെയ്യണം'; വിലായത് ബുദ്ധയെക്കുറിച്ച് ജയന്‍ നമ്പ്യാര്‍

സംവിധായകന്‍ സച്ചിക്കാണ് 'വിലായത് ബുദ്ധ' എന്ന സിനിമ സമര്‍പ്പിച്ചിരുന്നത്. അയ്യപ്പനും കോശിയും എന്ന സിനിമക്ക് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു വിലായത്ത് ബുദ്ധ. സച്ചിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ വിലായത്ത് ബുദ്ധ സംവിധാനം ചെയ്യാനുള്ള നിയോഗം ശിഷ്യന്‍ ജയന്‍ നമ്പ്യാരിലെത്തി. തിരക്കഥാകൃത്തുക്കളായ ഇന്ദുഗോപനും രാജേഷ് പിന്നാടനുമാണ് വിലായത് ബുദ്ധ സംവിധാനം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ജയന്‍ നമ്പ്യാര്‍ ദ ക്യുവിനോട് പറഞ്ഞു. മറ്റൊരു പ്രൊജക്റ്റുമായി മുന്നോട്ടു പോകുന്ന സമയത്താണ് വിലായത് ബുദ്ധ സംവിധാനം ചെയ്യണമെന്ന് ഇവര്‍ പറയുന്നത്. ജയന്‍ തന്നെ ഈ സിനിമ ചെയ്യണമെന്ന് പൃഥ്വിരാജും പറഞ്ഞു. ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ പൂര്‍ത്തായാക്കിയ ശേഷം വിലായത് ബുദ്ധ സംവിധാനം ചെയ്യാനായിരുന്നു സച്ചിയുടെ തീരുമാനം. എഴുത്തുകാരന്‍ ജി. ആര്‍ ഇന്ദുഗോപന്റെ ഇതേ പേരിലുള്ള നോവലാണ് ഇപ്പോള്‍ ജയന്‍ നമ്പ്യാരുടെ സംവിധാനത്തില്‍ പ്രേക്ഷകരിലെത്തുന്നത്.

ആദ്യം പറഞ്ഞതും എന്നോട്

വിലായത് ബുദ്ധയെക്കുറിച്ച് സച്ചിയേട്ടന്‍ എന്നോടാണ് ആദ്യം പറഞ്ഞത്. അയ്യപ്പനും കോശിയുടെയും സെറ്റില്‍ വെച്ച് എന്റെ സിനിമയുടെ അനൗണ്‍സ്മെന്റ് നടന്നിരുന്നു. സച്ചിയേട്ടന്റെ തിരക്കഥയിലായിരുന്നു ആ ചിത്രം. എന്റെ സിനിമയുടെ ജോലികള്‍ പൂര്‍ത്തിയാക്കിയ ഉടന്‍ വിലായത്ത് ബുദ്ധയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കുവാനായിരുന്നു പദ്ധതി. മറയൂരിലെ സിനിമയുടെ ലൊക്കേഷന്‍ കാണുവാനും എന്നോട് പറഞ്ഞിരുന്നു. ലൊക്കേഷന്‍ കാണുവാനായി മറയൂരിലേയ്ക്ക് പോകാനിരുന്ന സമയത്താണ് ലോക്ക്ഡൗൺ വന്നതും തുടര്‍ന്ന് സിനിമയുടെ റിസേര്‍ച്ച് വര്‍ക്കിലേക്ക് കടക്കുന്നതും. അയ്യപ്പനും കോശിയുടെയും ഒന്നാം വാര്‍ഷികമായതു കൊണ്ടും ഫെബ്രുവരി ഏഴാം തീയതി എന്ന ദിവസത്തോട് ഇഷ്ടമുള്ളതു കൊണ്ടുമാണ് സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം ആ ദിവസം നടത്തിയത്. മറ്റൊരു പ്രോജെക്റ്റുമായി മുന്നോട്ടു പോകാനായിരുന്നു പ്ലാന്‍. ഇന്ദുച്ചേട്ടനും രാജേഷ് പിന്നാടനുമാന് ഞാന്‍ തന്നെ വിലായത് ബുദ്ധ ചെയ്യണമെന്ന് നിര്‍ദേശിച്ചത്. സച്ചിയേട്ടന്റെ മനസ്സറിയുന്ന ആളായത് കൊണ്ടാണ് അവര്‍ എന്നോട് ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളുമൊക്കെ ഇക്കാര്യം പറഞ്ഞു. 'തീര്‍ച്ചയായും ജയന്‍ വിലായത്ത് ബുദ്ധ ചെയ്യണമെന്ന് പൃഥ്വിരാജും പറഞ്ഞു.

നോവലില്‍ നിന്ന് ഏറെ മാറ്റങ്ങള്‍

പുസ്തകത്തില്‍ നിന്നും ഒരുപാട് മാറ്റങ്ങള്‍ സിനിമയില്‍ ഉണ്ടാകും. കഥാപാത്രങ്ങളെ വേറൊരു വിധത്തില്‍ അവതരിപ്പിക്കുകയും മറയൂരില്‍ നടക്കുവാന്‍ സാധ്യതയുള്ള കഥാസന്ദർഭങ്ങളുമാണ് സിനിമയാകുന്നത്. കഥാപാത്രങ്ങളുടെ പേരിലൊന്നും മാറ്റമുണ്ടായിരിക്കുകയില്ല. പുസ്തകത്തിൽ നിന്നും വ്യത്യസ്‍തമായി കഥാപാത്രങ്ങളുടെ ചുറ്റുപാടുകളിലേയ്ക്കും സിനിമ കടക്കുന്നുണ്ട്.

പൃഥ്വിരാജ് സുകുമാരന്‍ നായകനാകുന്ന വിലായത്ത് ബുദ്ധ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ഉര്‍വശി തിയറ്റേഴ്‌സ് 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന സിനിമക്ക് ശേഷം നിര്‍മ്മിക്കുന്ന ചിത്രവുമാണ് വിലായത്ത് ബുദ്ധ.

ജോമോന്‍ ടി ജോണ്‍ ക്യാമറയും മഹേഷ് നാരായണന്‍ എഡിറ്റിംഗും ജേക്സ് ബിജോയ് സംഗീതവുമൊരുക്കും. വികാരഭരിതമായ കുറിപ്പിനൊപ്പമാണ് പൃഥ്വിരാജ് സുകുമാരന്‍ വിലായത്ത് ബുദ്ധയുടെ ഫസ്റ്റ് ലുക്ക് പങ്കുവച്ചിരുന്നത്. ഇത് സച്ചിയുടെ സ്വപ്നമായിരുന്നു, സഹോദരാ ഇത് നിനക്ക് സമര്‍പ്പിക്കുന്നുവെന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in