'ഒരു തരത്തില്‍ ഞങ്ങളും തെരുവുകലാകാരന്‍മാരാണ്, ജയസൂര്യ പങ്കുവച്ച ആഗ്രഹം സഫലമാകുന്നു

'ഒരു തരത്തില്‍ ഞങ്ങളും തെരുവുകലാകാരന്‍മാരാണ്, ജയസൂര്യ പങ്കുവച്ച ആഗ്രഹം സഫലമാകുന്നു

കൊച്ചിയിലെ കലാസാംസാകാരിക പ്രവർത്തനങ്ങൾക്കായി 'ആര്‍ട്‌സ് സ്‌പേസ് കൊച്ചി' (ആസ്‌ക്) എന്ന പേരിൽ ഒരു ഇടം ഒരുങ്ങി. കലാകാരന്മാർക്കായി കേരളത്തിലുടനീളം മനോഹരമായ തെരുവുകള്‍ ഒരുങ്ങണമെന്ന നടന്‍ ജയസൂര്യയുടെ ആഗ്രഹം കൊച്ചി മേയറായ എം. അനില്‍കുമാറുമായുള്ള കൂടികാഴ്ചയില്‍ താരം പങ്കുവച്ചിരുന്നു. ഇതിനെത്തുടർന്നാണ് 'ആര്‍ട്‌സ് സ്‌പേസ് കൊച്ചി' (ആസ്‌ക്) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി യാഥാർഥ്യമായതും നടൻ ജയസൂര്യ തന്നെ ഉദ്ഘാടനം ചെയ്തതും . പാശ്ചാത്യരാജ്യങ്ങളില്‍ തെരുവു കലാകാരന്‍മാര്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയും പ്രോത്സാഹനവും നമ്മുടെ നാട്ടിലെ കലാകാരന്‍മാര്‍ക്കും ലഭിക്കണമെന്ന ആഗ്രഹംമൂലമാണ് താന്‍ ഇതെക്കുറിച്ച് മേയറോട് സംസാരിച്ചതെന്ന് ജയസൂര്യ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. എന്നാല്‍ ഈ പദ്ധതി ഇത്രപെട്ടന്ന് നടപ്പാകുമെന്ന് കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയസൂര്യയുടെ വാക്കുകൾ

വിദേശ രാജ്യങ്ങളില്‍ യാത്ര ചെയ്യുന്ന അവസരങ്ങളില്‍ തെരുവിലെ കലാപ്രകടനങ്ങള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്. അവിടെയെല്ലാം കാണാന്‍ ഭംഗിയുള്ള തെരുവുകളുണ്ടാകും. ഒരുപാട് കലാകാരന്‍മാരും. അവരവിടെ നൃത്തം ചെയ്യും മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കും സംഗീത ഉപകരണങ്ങള്‍ വായിക്കും മാജിക് ചെയ്യും, ഇതെല്ലാം ആസ്വദിക്കാന്‍ ജനങ്ങള്‍ തടിച്ച് കൂടി നില്‍ക്കുകയും ചെയ്യും. അവരുടെ കഴിവ് പ്രദര്‍ശിപ്പിക്കാനുള്ള വേദിയാണ് അവിടെ ഒരുങ്ങുന്നത്. ചിലര്‍ക്ക് അത് വരുമാനം കൂടിയാണ്.ആരോടും അനുവാദം ചോദിക്കാതെ, ആര്‍ക്കും പെര്‍ഫോം ചെയ്യാനുള്ള ഒരിടം.

ഞങ്ങള്‍ അഭിനേതാക്കളും ഒരു തരത്തില്‍ തെരുവുകലാകാരന്‍മാരാണ്. പലപ്പോഴും അഭിനയം തെരുവിലാണ്. അത് ക്യാമറ വച്ചു പകര്‍ത്തുന്നുവെന്നു മാത്രം. അല്ലാതെ അവരുമായി മറ്റു വ്യത്യാസങ്ങളൊന്നുമില്ല. അതുകൊണ്ടു തന്നെ തെരുവു കലാകാരന്‍മാര്‍ ആര്‍ക്കും പിറകിലല്ല. അവരെ വിലക്കുറച്ചു കാണേണ്ടതുമില്ല. കലാകാരന്‍മാരെ സംബന്ധിച്ച് ഒരോ നിമിഷവും വഴിത്തിരിവാണ്. ഇത്തരം തെരുവുകള്‍ വരുമാനത്തിനപ്പുറം, അവര്‍ കൂടുതല്‍ ഉയരങ്ങളിലേക്കുള്ള അവരുടെ യാത്രയ്ക്ക് കരുത്തേകും. അവര്‍ തെരുവുകള്‍ പരാമവധി ഉപയോഗിക്കട്ടെ. നമുക്ക് അതാസ്വസ്വദിക്കുകയും ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in