വില്ലനല്ല നോബിള്‍, 11 വര്‍ഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒറ്റക്കൊമ്പനില്‍ ഒന്നിച്ച്

വില്ലനല്ല നോബിള്‍, 11 വര്‍ഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒറ്റക്കൊമ്പനില്‍ ഒന്നിച്ച്
Summary

സുരേഷേട്ടനൊപ്പം വീണ്ടും സിനിമ ചെയ്യാനാവുന്നതിന്റെ ആഹ്ലാദത്തിലാണെന്ന് ബിജു മേനോന്‍

സുരേഷ് ഗോപിയുടെ മാസ് ആക്ഷന്‍ സിനിമകളില്‍ ശക്തമായ സാന്നിധ്യമായി ഉണ്ടായിരുന്ന നടനാണ് ബിജു മേനോന്‍. സുരേഷ് ഗോപിയുടെ 250ാം ചിത്രമായി പ്രഖ്യാപിച്ച ഒറ്റക്കൊമ്പനില്‍ രണ്ടാമത്തെ പ്രധാന താരമായി അണിയറക്കാര്‍ പ്രഖ്യാപിച്ചത് ബിജു മേനോനെയാണ്. 11 വര്‍ഷത്തിന് ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ചെത്തുന്നത്. സിനിമക്ക് പുറത്ത് അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ഇരുവരും.

വില്ലന്‍ റോളിലാണ് ബിജു മേനോന്‍ എത്തുകയെന്ന് പ്രചരണമുണ്ടായെങ്കിലും അണിയറ പ്രവര്‍ത്തകര്‍ ഇത് നിഷേധിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ കുറുവച്ചനൊപ്പം നില്‍ക്കുന്ന കഥാപാത്രമാണ് ബിജു മേനോന്റെ നോബിള്‍.

ജയരാജ് ചിത്രം കളിയാട്ടം, ജോഷിയുടെ പത്രം, എഫ്.ഐ.ആര്‍, രണ്ടാം ഭാവം എന്നീ സിനിമകളില്‍ ബിജു മേനോന്‍ സുരേഷ് ഗോപിക്കൊപ്പം നിര്‍ണായക റോളുകളിലെത്തിയിരുന്നു. 2010ല്‍ രാമരാവണന്‍ എന്ന ചിത്രത്തിനായാണ് ഇരുവരും അവസാനമായി ഒരുമിച്ചത്. സുരേഷേട്ടനൊപ്പം വീണ്ടും സിനിമ ചെയ്യാനാവുന്നതിന്റെ ആഹ്ലാദത്തിലാണെന്ന് ബിജു മേനോന്‍ പറയുന്നു.

സിഐഎ, അണ്ടര്‍ വേള്‍ഡ് എന്നീ സിനിമകള്‍ക്ക് ശേഷം ഷിബിന്‍ ഫ്രാന്‍സിസ് തിരക്കഥയെഴുതുന്ന ഒറ്റക്കൊമ്പന്‍ സംവിധാനം ചെയ്യുന്നത് മാത്യൂസ് തോമസാണ്. ഷാജി കുമാറാണ് ക്യാമറ. അര്‍ജുന്‍ റെഡ്ഡി, കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്നീ സിനിമകള്‍ക്ക് സംഗീതമൊരുക്കിയ ഹര്‍ഷവര്‍ധന്‍ ആണ് സംഗീതം. 25 കോടിക്ക് മുകളില്‍ മുതല്‍ മുടക്കിലാണ് സിനിമ.

മുകേഷ്, വിജയരാഘവന്‍, രണ്‍ജി പണിക്കര്‍, ജോണി ആന്റണി, സുധി കോപ്പ, കെ.പി.എ.സി ലളിത എന്നിവരും ചിത്രത്തിലുണ്ട്. വില്ലനും നായികയും ബോളിവുഡില്‍ നിന്നായിരിക്കും. ടോമിച്ചന്‍ മുളകുപ്പാടമാണ് നിര്‍മ്മാണം.

ottakomban suresh gopi
ഷിബിന്‍ ഫ്രാന്‍സിസും മാത്യൂസും എന്നോട് പറഞ്ഞ തിരക്കഥ ഇഷ്ടപ്പെട്ടാണ് സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. അവര്‍ രണ്ട് പേരും മലയാള സിനിമയില്‍ പ്രധാനപ്പെട്ടവര്‍ക്കൊപ്പം സഹകരിച്ചിട്ടുള്ളവരാണ്. കടുവയുമായി ഒറ്റക്കൊമ്പന് ഒരു തരത്തിലുള്ള സാമ്യവുമില്ല. അത് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. മുളകുപ്പാടം ഫിലിംസ് മുമ്പ് ചെയ്തിട്ടുള്ള സിനിമകളും അങ്ങനെയാണല്ലോ. നേരത്തെ തീരുമാനിച്ച തിരക്കഥയും കഥാപശ്ചാത്തലവും കഥാപാത്രങ്ങളും തന്നെയാണ് ഒറ്റക്കൊമ്പനിലേത്. ഞങ്ങള്‍ 2019 ഡിസംബറില്‍ ഷൂട്ട് തുടങ്ങിയ സിനിമയാണ്. മൂന്ന് ദിവസം ഷൂട്ട് ചെയ്തിരുന്നു. ടീസറില്‍ ഉള്ള സീനുകള്‍ അന്ന് ഷൂട്ട് ചെയ്തതാണ്. ഏപ്രില്‍ 15മുതല്‍ വീണ്ടും ഷൂട്ട് ചെയ്യാനിരുന്നതാണ്. അതിനിടെ കൊവിഡ് പ്രശ്‌നമായി. ഷിബിന്‍ ഫ്രാന്‍സിസ് അമേരിക്കയിലായി പോയി. അങ്ങനെ നിന്നുപോയതാണ്.ഇത് മാസ്സിനെയും ഫാമിലിയെയും പരിഗണിച്ചുള്ള സിനിമയാണ്. പോക്കിരിരാജയും പുലിമുരുകനും അത്തരത്തിലായിരുന്നല്ലോ. അതുകൊണ്ട് തന്നെയാണ് ഇപ്പോള്‍ ഷൂട്ട് ചെയ്യാന്‍ സാധിക്കാത്തത്. കൊറോണയുടെ പ്രശ്‌നങ്ങള്‍ തീരാതെ സിനിമ ചെയ്യാനാകില്ല. ഓടിപ്പിടിച്ച് ചെയ്യാവുന്ന സിനിമയല്ല.
ടോമിച്ചന്‍ മുളകുപ്പാടം

Related Stories

No stories found.
logo
The Cue
www.thecue.in