'സിനിമ മനുഷ്യരെ സ്വാധീനിക്കും അല്ലേ?', ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ ടെല​ഗ്രാമിൽ കണ്ടവരും പണമയച്ചെന്ന് ജിയോ ബേബി

'സിനിമ മനുഷ്യരെ സ്വാധീനിക്കും അല്ലേ?', ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ ടെല​ഗ്രാമിൽ കണ്ടവരും പണമയച്ചെന്ന് ജിയോ ബേബി

‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ ടെല​ഗ്രാമിൽ കണ്ടവർ പണമയച്ചെന്ന് സംവിധായകൻ ജിയോ ബേബി. അമേരിക്കന്‍ ആസ്ഥാനമായ ജെകെഎച്ച് ഹോള്‍ഡിങ്‌സ് എന്ന കമ്പനിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മലയാളം സ്ട്രീമിങ് പ്ലാറ്റഫോമായ നീസ്ട്രീമിലൂടെ ആയിരുന്നു ചിത്രത്തിന്റെ റിലീസ്. സിനിമയ്ക്ക് പ്രേക്ഷകർക്കിടയിൽ പ്രതീക്ഷിച്ചതിനേക്കാൾ സ്വീകാര്യത ലഭിക്കുകയും സബ്സ്ക്രിപ്ഷൻ വർധിക്കുകയും ചെയ്തതോടെ ചില സാങ്കേതിക തടസങ്ങൾ നേരിട്ടിരുന്നു. ഇതോടെ ആളുകൾക്ക് ചിത്രം കാണുന്നതിനായി ടെല​ഗ്രാമിനെ ആശ്രയിക്കേണ്ടതായും വന്നു. എന്നാൽ സിനിമ കണ്ടവർ നിർമ്മാതാവിന് സ്ട്രീമിങ് ചാർജ് ആയ 140 രൂപ അയച്ചു നൽകാൻ തയ്യാറായെന്നും സംവിധായകൻ ജിയോ ബേബി പറയുന്നു.

കുറിപ്പ്:

'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ടെലിഗ്രാമിൽ കണ്ടിട്ട് 140 രൂപ പ്രൊഡ്യൂസർക്ക് തരണം എന്നു പറഞ്ഞു നിരവധി കോളുകൾ വന്നു കൊണ്ടിരിക്കുന്നു.അവർ അക്കൗണ്ടിൽ പണം ഇടുകയും ചെയ്യുന്നു. സിനിമ മനുഷ്യരെ സ്വാധീനിക്കും അല്ലേ? സ്നേഹം മനുഷ്യരേ'

ചിത്രത്തിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമായിരുന്നു. നിമിഷ സജയനാണ് ചിത്രത്തിലെ നായിക. നിലവിലെ സാമൂഹിക സാഹചര്യത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന കഥാ പശ്ചാത്തലമാണ് ചിത്രത്തിന്റേത്. ഒരു സാധാരണ ഇന്ത്യൻ അടുക്കളയിലെ സ്ത്രീകളുടെ കഥയാണ് ചിത്രം പറഞ്ഞത്. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. സാലു കെ തോമസ് ക്യാമറ ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സൂരജ് എസ് കുറുപ്പാണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്, കലാസംവിധാനം ജിതിന്‍ ബാബു.

Related Stories

No stories found.
logo
The Cue
www.thecue.in