'ഇടതുകണ്ണിലെ കാഴ്ച മങ്ങാന്‍ തുടങ്ങി, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, കൊവിഡ് ഭീകരമാണ്'; അനുഭവം പങ്കുവെച്ച് സാനിയ ഇയ്യപ്പന്‍

'ഇടതുകണ്ണിലെ കാഴ്ച മങ്ങാന്‍ തുടങ്ങി, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, കൊവിഡ് ഭീകരമാണ്'; അനുഭവം പങ്കുവെച്ച് സാനിയ ഇയ്യപ്പന്‍

കൊവിഡ് ഭീകരമായ അനുഭവമായിരുന്നുവെന്ന് നടി സാനിയ ഇയ്യപ്പന്‍. രോഗത്തെ നിസാരവല്‍ക്കരിക്കരുതെന്നും, എല്ലാവരും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ നടി പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

'2020 മുതല്‍ കൊവിഡിനെക്കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും നമ്മള്‍ കേള്‍ക്കുന്നുണ്ട്. രോഗത്തിനെതിരെ ആവശ്യമായ സുരക്ഷാ നടപടികള്‍ സീകരിക്കുകയും ചെയ്തു. എന്നാല്‍ ലോക്ഡൗണ്‍ മാറിയ ശേഷം ആ ഭയം നഷ്ടപ്പെടുകയും, കൊറോണവൈറസിനെ നിസാരവല്‍ക്കരിക്കുകയും ചെയ്തു. ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല, എല്ലാവര്‍ക്കും അവരവരുടേതായ ജോലിയും കാര്യങ്ങളുമുണ്ട്. നമ്മളെല്ലാം ഇതിനെതിരെ പോരാടുന്നവരും അതിജീവിക്കുന്നവരുമാണ്. അത് ഇപ്പോള്‍ കോവിഡ് ആയാലും പ്രളയമായാലും നമ്മള്‍ നേരിടും.' സാനിയ പറയുന്നു.

എന്റെ ക്വാറന്റൈന്‍ ദിനങ്ങളെ കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ടെസ്റ്റ് റിസല്‍ട്ടിനായ ഞാന്‍ കാത്തിരിക്കുകയായിരുന്നു. അത് നെഗറ്റീവാകുമെന്ന വിശ്വാസത്തിലായിരുന്നു ഞാന്‍. ആറാമത്തെ തവണയാണ് കൊവിഡ് ടെസ്റ്റിന് വിധേയയായത്. എന്നാല്‍ ഇത്തവണ ഫലം പോസിറ്റീവാണെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയായി. അങ്ങനെ കേള്‍ക്കാന്‍ ഞാന്‍ മാനസികമായി തയ്യാറെടുത്തിരുന്നില്ല എന്ന് മാത്രമറിയാം. കുടുംബം, കൂട്ടുകാര്‍, കഴിഞ്ഞ കുറെ ദിവസമായി കണ്ടുമുട്ടിയ വ്യക്തികള്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കയായിരുന്നു മനസ്സില്‍.

ഞാന്‍ വല്ലാതെ ക്ഷീണിതയും ദുഃഖിതയുമായി. വീട്ടില്‍ ചെന്ന് ദിവസങ്ങള്‍ എണ്ണാന്‍ ആരംഭിച്ചു. നെറ്റ്ഫ്ലിക്സില്‍ സമയം ചിലവിടാം എന്ന് കരുതിയെങ്കിലും അതിഭീകരമായ തലവേദന അതിന് തടസമായി. കണ്ണുകള്‍ തുറക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു. ഇടതുകണ്ണിലെ കാഴ്ച മങ്ങാന്‍ തുടങ്ങിയതായി രണ്ടാമത്തെ ദിവസം ഞാന്‍ തിരിച്ചറിഞ്ഞു. ശരീരത്തിന്റെ പലഭാഗങ്ങളിലും തിണര്‍ത്തു. കൂടാതെ, ഉറക്കത്തില്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടി. മുന്‍പൊരിക്കലും അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. ജനിച്ച നാള്‍ മുതല്‍ സുഖമായി ശ്വസിക്കാന്‍ കഴിഞ്ഞിരുന്ന ഞാന്‍ അതിന്റെ വില എന്തെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ഉത്കണ്ഠ എന്നെ മാനസികമായി തളര്‍ത്തി. ഇനി എഴുന്നേല്‍ക്കുമെന്നുപോലും കരുതിയില്ല.

അതിനാല്‍ ദയവായി എല്ലാവരും സ്വയം സംരക്ഷിക്കുക. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുക. കൊറോണ ഭീകരമാണ്. മൂന്നു ദിവസം മുന്‍പ് നെഗറ്റീവ് ഫലം വന്നു.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Saniya Iyyappan About Her Quarantine Days

Related Stories

No stories found.
logo
The Cue
www.thecue.in