'കുടയല്ല, വടി', ജ​ഗതിയെ പൊട്ടിച്ചിരിപ്പിച്ച കോമഡി, വൈറലായി വീഡിയോ

'കുടയല്ല, വടി', ജ​ഗതിയെ പൊട്ടിച്ചിരിപ്പിച്ച കോമഡി, വൈറലായി വീഡിയോ

സമൂഹമാധ്യമങ്ങളിൽ ഏറെ ചിരി പടർത്തിയ ഡയലോ​ഗ് കേട്ട് പൊട്ടിച്ചിരിക്കുന്ന ജഗതി ശ്രീകുമാറിന്റെ വീഡിയോ വൈറലാകുന്നു. വൃദ്ധ ദമ്പതികളായ ഒരു മുത്തശ്ശന്റേയും മുത്തശ്ശിയുടേയും സംഭാഷണമാണ് 31 സെക്കന്റ് മാത്രം ദൈർഘ്യമുളള വീഡിയോയിൽ.

തെങ്ങോലൊരു ചോട് കാ ഇല്ല, വളം മേടിച്ചിട്.. വളം

കുടയോ...?

കുടയല്ല, വടി

ഇരുവരുടേയും പെർഫോമൻസിൽ സ്വയംമറന്ന് ചിരിക്കുകയാണ് ജഗതി. മകൾ പാർവതിയാണ് ജഗതിക്ക് ഫോണിലൂടെ ഈ വിഡിയോ കാണിച്ചുകൊടുക്കുന്നത്. 'പാറുവിനോടൊപ്പം അല്പം ചിരി മധുരം' എന്ന കുറിപ്പോടെയാണ് ജ​ഗതി തന്റെ ഫേസ്ബുക് പേജിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കാലങ്ങളോളം മലയാളിയെ നിർത്താതെ ചിരിപ്പിച്ച ജ​ഗതി മറ്റൊരാളുടെ കോമഡിയിൽ മതിമറന്ന് ചിരിക്കുന്നത് കണ്ടതിൽ ഏറെ സന്തോഷം എന്ന് പങ്കുവെച്ചിരിക്കുകയാണ് ആരാധകർ. താരത്തിന്റെ സിനിമയിലേയ്ക്കുളള തിരിച്ചുവരവ് എപ്പോഴാണെന്നും കമന്റുകളിൽ ചോദിക്കുന്നു.

സേതുരാമയ്യർ സിബിഐയുടെ അഞ്ചാം ഭാഗം പുറത്തിറങ്ങാനിരിക്കെ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള വാർത്തകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ജഗതി ശ്രീകുമാർ സിബിഐ അഞ്ചിൽ വിക്രം എന്ന സിബിഐ ഓഫീസറായി വീണ്ടുമെത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. പക്ഷെ പ്രചരണം ശരിയല്ലെന്നും സിനിമയുമായി ബന്ധപ്പെട്ട് ആരും അദ്ദേഹത്തെ സമീപിച്ചിട്ടില്ലെന്നുമായിരുന്നു തിരക്കഥാകൃത്ത് എസ്. എൻ.സ്വാമി ദ ക്യു'വിന് നൽകിയ പ്രതികരണം.

Related Stories

The Cue
www.thecue.in