'ദയവായി എന്നെ വെറുതെ വിടൂ ന്യൂസ് 18', വിനീതമായ അപേക്ഷയെന്ന് പേളി മാണി

'ദയവായി എന്നെ വെറുതെ വിടൂ ന്യൂസ് 18', വിനീതമായ അപേക്ഷയെന്ന് പേളി മാണി

പേളി മാണിയുടെ പ്രണയവും, വിവാഹവും, ഗര്‍ഭകാലവും സെന്‍സേഷണലൈസ് ചെയ്തും ക്ലിക്ക് ബെയിറ്റ് സ്വഭാവത്തിലും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തകളാക്കുന്നതിനെതിരെ നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. പാപ്പരാസി മോഡല്‍ ഒളിനോട്ട സംസ്‌കാരം സൃഷ്ടിക്കുന്ന രീതിയിലാണ് ചില മാധ്യമങ്ങള്‍ സെലിബ്രിറ്റികളുടെ വിശേഷങ്ങളും വാര്‍ത്തകളും കൈകാര്യം ചെയ്യുന്നതെന്ന് താരങ്ങള്‍ പരാതിയായും അവതരിപ്പിച്ചിട്ടുണ്ട്.

തന്റെ ഗര്‍ഭകാലവും വിശേഷങ്ങളും മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയെ വിമര്‍ശിച്ച് പേളി മാണി തന്നെ ഒടുവില്‍ രംഗത്ത് വന്നിരിക്കുകയാണ്. റിലയന്‍സ് നിയന്ത്രണത്തിലുള്ള ന്യൂസ് 18 കേരളയുടെ വാര്‍ത്തയില്‍ കമന്റ് ആയാണ് പേളിയുടെ പ്രതിഷേധവും അപേക്ഷയും. 'ഗര്‍ഭിണിയായ പേളിക്ക് പൊതിച്ചേറ് കഴിക്കാന്‍ കൊതി' എന്ന തലക്കെട്ടിലായിരുന്നു ന്യൂസ് 18 കേരളയുടെ വാര്‍ത്ത. വാര്‍ത്തയെ വിമര്‍ശിച്ചും നെഗറ്റീവ് സ്വഭാവത്തിലുള്ള കമന്റുകളായും പ്രതികരണം നിറയുന്നതിനിടെയാണ് പേളി മാണി ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്ന് മറുപടിയുമായി എത്തിയിരിക്കുന്നത്.

''ദയവായി എന്നെ വെറുതെ വിടൂ, ന്യൂസ് 18; ഇത് വിനീതമായ അപേക്ഷയാണ്'' പേളി കമന്റിലൂടെ അറിയിച്ചു. പേളിയുടെ കമന്റിന് പിന്തുണയുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്. ആയിരത്തി നാനൂറിലധികം പേരുടെ ലൈക്കും പേളി മാണിയുടെ കമന്റിലുണ്ട്. ക്ലിക്ക് ബെയിറ്റ് സ്വഭാവത്തില്‍ പേളി മാണിയുടെ ഗര്‍ഭകാലം വാര്‍ത്തയാക്കുന്ന എല്ലാ മാധ്യമങ്ങളോടുമുളള പ്രതിഷേധമാണ് പേളി മാണിയുടെ പരസ്യപ്രതികരണമെന്നാണ് കമന്റുകളില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്.

ഗര്‍ഭകാല പരിചരണത്തെക്കുറിച്ചും പ്രണയകാലത്തെക്കുറിച്ചുമെല്ലാം പേളി മാണി സ്വന്തം യൂട്യൂബ് ചാനലില്‍ വീഡിയോയും വിശേഷങ്ങളുമായി എത്താറുണ്ട്. ഈ വീഡിയോയുടെ ഉള്ളടക്കവും ഇന്‍സ്റ്റഗ്രാം വീഡിയോയും തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടില്‍ അവതരിപ്പിക്കുന്ന രീതിയെയും നേരത്തെ പേളി വിമര്‍ശിച്ചിരുന്നു. ടെലിവിഷന്‍ താരം ശ്രീനിഷ് അരവിന്ദാണ് പേളി മാണിയുടെ ജീവിതപങ്കാളി. മോഹന്‍ലാല്‍ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. 2020ല്‍ ബോളിവുഡിലും പേളി മാണി അരങ്ങേറ്റം കുറിച്ചിരുന്നു. അനുരാഗ് ബസു സംവിധാനം ചെയ്ത ലുഡോ എന്ന സിനിമയില്‍ മലയാളി നഴ്‌സിന്റെ റോളിലാണ് താരം എത്തിയത്.

'ദയവായി എന്നെ വെറുതെ വിടൂ, ന്യൂസ് 18; ഇത് വിനീതമായ അപേക്ഷയാണ്''

ഗര്‍ഭിണിയായത് മുതലുള്ള വിശേഷങ്ങള്‍ പേളി മാണി ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും യൂട്യൂബിലൂടെയും പങ്കുവച്ചിരുന്നു. ഇതിന്റെ പേരില്‍ രൂക്ഷമായ സൈബര്‍ അകമ്രണവും പേളി നേരിട്ടിരുന്നു. സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ ഇതിനിടെ പേളി രംഗത്ത് വരികയും ചെയ്തിരുന്നു. തന്റെ ഗര്‍ഭകാലം ആഘോഷമാക്കാന്‍ മാധ്യമങ്ങള്‍ കാണിക്കുന്ന ഉത്സാഹം ആദ്യ ബോളിവുഡ് ചിത്രമായ ലുഡോ പ്രൊമോട്ട് ചെയ്യാന്‍ കൂടി കാണിക്കാമോ എന്ന് പേളി മുമ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ചോദിച്ചിരുന്നു. ഗര്‍ഭാവസ്ഥയില്‍ ഞാന്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യുന്ന എന്റെ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നതായി കണ്ടു. നന്ദിയുണ്ട്. ഇതുപോലെ, ഇപ്പോള്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യുന്ന എന്റെ ആദ്യ ബോളിവുഡ് ചിത്രം 'ലുഡോ' ഒന്ന് പ്രൊമോട്ട് ചെയ്ത് തരാന്‍ നിങ്ങള്‍ക്ക് പറ്റുമോ? എന്റെ ഗര്‍ഭകാലം പങ്കുവെയ്ക്കാന്‍ കാണിക്കുന്ന ഉത്സാഹം ഇതിനുവേണ്ടിക്കൂടി ഉപയോഗിച്ചാല്‍ വലിയ സഹായമായിരുന്നു.

'ദയവായി എന്നെ വെറുതെ വിടൂ ന്യൂസ് 18', വിനീതമായ അപേക്ഷയെന്ന് പേളി മാണി
'ഈ ഉത്സാഹം എന്റെ സിനിമ പ്രൊമോട്ട് ചെയ്യാൻ കൂടി കാണിക്കാമോ?'; ഓൺലൈൻ മാധ്യമങ്ങളോട് പേളി മാണി

Related Stories

The Cue
www.thecue.in