'മാര'യ്ക്ക് 'ചാർളി'യുടെ ശബ്​ദം, പുതിയ ട്രെയ്ലറിൽ കവിത പാടി ദുൽഖർ സൽമാൻ, നന്ദി പറഞ്ഞ് മാധവൻ

'മാര'യ്ക്ക് 'ചാർളി'യുടെ ശബ്​ദം, പുതിയ ട്രെയ്ലറിൽ കവിത പാടി ദുൽഖർ സൽമാൻ, നന്ദി പറഞ്ഞ് മാധവൻ

മാധവൻ, ശ്രദ്ധ ശ്രീനാഥ് എന്നിവർ മുഖ്യവേഷത്തിൽ എത്തുന്ന മാരയ്ക്ക് വേണ്ടി കവിത ചൊല്ലി ദുൽഖർ സൽമാൻ. ട്രെയ്ലറിന് വോയ്സ് ഓവർ ആയാണ് ദുൽഖർ കവിത ആലപിച്ചിരിക്കുന്നത്. ദുൽഖറിന് നന്ദി അറിയിച്ചുകൊണ്ട് മാധവൻ വീഡിയോയും പങ്കുവച്ചു. തമിഴ് പതിപ്പിന്റെ ഭാ​ഗമായതിൽ ഏറെ സന്തോഷമുണ്ടെന്നും ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണെന്നും മാധവന്റെ വീഡിയോയ്ക്ക് മറുപടിയായി ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ദുൽഖർ നായകനായ 'ചാർലി'യുടെ തമിഴ് റീമേക്ക് കൽക്കി എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ദിലിപ് കുമാറാണ് സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആദ്യ ഫീച്ചർ ഫിലിം കൂടിയാണ് 'മാരാ'. ശ്രദ്ധ ശ്രീനാഥും ശിവദയുമാണ് നായികമാർ. 'ചാർലി'യിലെ പാർവതിയുടെ റോളിൽ 'മാരാ'യിൽ ശ്രദ്ധ എത്തും. അപർണ ഗോപിനാഥിന്റെ കഥാപാത്രമാണ് ശിവദയ്ക്ക്. കൽപനയുടെ കഥാപാത്രമായി അഭിരാമി എത്തുന്നു. മാലാ പാർവതിയും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ആവശ്യമായ മാറ്റങ്ങളോടെയാണ് 'ചാർലി' തമിഴിൽ ഒരുക്കുക എന്ന് അണിയറക്കാർ മുമ്പ് വ്യക്തമാക്കിയിരുന്നു. 'ചാർലി'യുടെ മറാഠി റീമേക്കും കഴിഞ്ഞ വർഷം റിലീസ് ചെയ്തിരുന്നു.

സംവിധായകൻ എ എൽ വിജയ് ആയിരുന്നു ചിത്രം മുൻപ് പ്രഖ്യാപിച്ചിരുന്നത്. ആദ്യ പ്രഖ്യാപനത്തിൽ സായി പല്ലവിയെയായിരുന്നു തമിഴ് പതിപ്പിലെ നായികയായി തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് വിജയ് പ്രൊജക്ടിൽ നിന്ന് പിന്മാറുകയും ദിലിപ് കുമാർ ചിത്രം ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് ഡേറ്റ് പ്രശ്നങ്ങൾ കാരണം സായി പല്ലവിയും ചിത്രത്തിൽ നിന്ന് പിന്മാറി. ജനുവരി 8-ന് ആമസോൺ പ്രൈം വഴിയാണ് 'മാര'യുടെ ആ​ഗോള റിലീസ്. പ്രമോദ് ഫിലിംസിന്റെ ബാനറിൽ പ്രതീക് ചക്രവർത്തി, ശ്രുതി നല്ലപ്പ എന്നിവർ ചേർന്നാണ് നിർമാണം.

Related Stories

The Cue
www.thecue.in