'അടി' ഷൂട്ടിങ് പൂർത്തിയായി, 'നാൻസി റാണി' ബ്രേക്കിന് ശേഷം തുടങ്ങും, മറ്റൊരു ചിത്രവും ലിസ്റ്റിലുണ്ട്', അഹാന കൃഷ്ണ

'അടി' ഷൂട്ടിങ് പൂർത്തിയായി, 'നാൻസി റാണി' ബ്രേക്കിന് ശേഷം തുടങ്ങും, മറ്റൊരു ചിത്രവും ലിസ്റ്റിലുണ്ട്', അഹാന കൃഷ്ണ

വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ഒരുക്കുന്ന, 'അടി'യിൽ ഷൈൻ ടോം ചാക്കോയും അഹാന കൃഷ്ണയും പ്രധാന വേഷത്തിൽ എത്തും. 'വരനെ ആവശ്യമുണ്ട്', 'മണിയറയിലെ അശോകൻ', 'കുറുപ്പ്' എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ സൽമാൻ നിർമിക്കുന്ന നാലാമത് ചിത്രം സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയനാണ്. ധ്രുവൻ, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. 'അടി' ഒരു ഫൺ ഫിൽഡ് ഫാമിലി എന്റർടെയ്നർ ആയിരിക്കുമെന്നും ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലാണെന്നും നടി അഹാന 'ദ ക്യു'വിനോട് പറഞ്ഞു.

Adi Adi Adi 😜❤️ More Details Soon... :)

Posted by Ahaana Krishna on Friday, January 1, 2021

'നാൻസി റാണി'യാണ് അഹാന നായികയാകുന്ന മറ്റൊരു ചിത്രം. ലാൽ, അജു വർഗീസ്, ശ്രീനിവാസൻ, വിശാഖ് നായർ, നന്ദു പൊതുവാൾ എന്നിവരാണ് മറ്റ് താരങ്ങൾ. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലൊക്കേഷനിലെ കൊവിഡ് വ്യാപനത്തെ തുടർന്ന് അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചത്. അഹാന ഉൾപ്പടെ ചിത്രത്തിലെ മറ്റ് ചില അണിയറപ്രവർത്തർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 'രോ​ഗം ഭേദമായി, ഇപ്പോൾ പൂർവ്വസ്ഥിതിയിലാണ്, ഉടൻ തന്നെ ഷൂട്ടിങ് പുനരാരംഭിക്കുമെന്നാണ് കരുതുന്നത്. മറ്റൊരു ചിത്രം ഷൂട്ടിങ് തുടങ്ങാനിരിക്കുന്നുണ്ട്. പ്രമുഖരായ ഒരുപാട് പേർ ഒന്നിക്കുന്ന ചിത്രമാണ്. ഔദ്യോ​ഗിക പ്രഖ്യാപനത്തിന് ശേഷം കൂടുതൽ വിവരങ്ങൾ അറിയാം', അ​ഹാന പറയുന്നു.

കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് അടി ചിത്രീകരണം പൂർത്തിയാക്കിയത്. 'ഇഷ്‌കി'ന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. '96'ന് സംഗീതം ഒരുക്കിയ ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീത സംവിധാനവും ഫായിസ് സിദ്ധിഖ് ഛായാഗ്രഹണവും നിർവഹിക്കുന്നു. കോസ്റ്റ്യൂം സ്റ്റെഫി സേവ്യറും ആർട്ട് സുഭാഷ് കരുണും രഞ്ജിത് ആർ മേക്കപ്പും. 'സുഡാനി ഫ്രം നൈജീരിയ' ഫെയിം നൗഫലാണ് എഡിറ്റിംഗ്. ആലുവയിലും പരിസര പ്രദേശങ്ങളിലുമായി അൻപത് ദിവസങ്ങൾ കൊണ്ടായിരുന്നു ചിത്രം ഷൂട്ടിങ് പൂർത്തിയാക്കിയത്.

Related Stories

The Cue
www.thecue.in