'ചില സംവിധായകരുണ്ട്, അവരോടൊപ്പം കൂടുതല്‍മികച്ച കഥാപാത്രം ചെയ്യണമെന്ന് തോന്നും', അസുരനിലെ വേഷം വേണ്ടെന്ന് വെച്ചതിനെ കുറിച്ച് സായ് പല്ലവി

'ചില സംവിധായകരുണ്ട്, അവരോടൊപ്പം കൂടുതല്‍മികച്ച കഥാപാത്രം ചെയ്യണമെന്ന് തോന്നും', അസുരനിലെ വേഷം വേണ്ടെന്ന് വെച്ചതിനെ കുറിച്ച് സായ് പല്ലവി

നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്ത തമിഴ് ആന്തോളജി പാവ കഥൈകളില്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രമാണ് വെട്രിമാരന്‍ സംവിധാനം ചെയ്ത 'ഊര്‍ ഇരവ്'. ദുരഭിമാനം പ്രമേയമാക്കി ഒരുക്കിയ ചിത്രത്തില്‍ സായ് പല്ലവിയും പ്രകാശ് രാജുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിലെ പ്രകടനത്തിന് അഭിനന്ദനങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കെ, ഊര്‍ ഇരവില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതിനെ കുറിച്ചും വെട്രിമാരന്റെ തന്നെ 'അസുരനി'ലെ കഥാപാത്രം വേണ്ടെന്ന് വെച്ചതിനെ കുറിച്ചും സംസാരിക്കുകയാണ് സായ് പല്ലവി. ധനുഷ്, മഞ്ജുവാര്യര്‍ തുടങ്ങിയവരായിരുന്നു അസുരനില്‍ പ്രധാനകഥാപാത്രങ്ങളായെത്തിയത്.

ചില സംവിധായകര്‍ക്കൊപ്പം കൂടുതല്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് തോന്നുമെന്നും, അതുകൊണ്ടാണ് അസുരനിലെ കഥാപാത്രം വേണ്ടെന്ന് വെച്ചതെന്നും ഫിലിം കംപാനിയന് വേണ്ടി ഭരദ്വാദ് രംഗന്‍ ചെയ്ത അഭിമുഖത്തില്‍ സായ് പല്ലവി പറഞ്ഞു. 'അസുരനിലെ ഒരു റോളിന് വേണ്ടി വെട്രിമാരന്‍ സാര്‍ സമീപിച്ചിരുന്നു. പക്ഷെ ഞാനത് വേണ്ടെന്നു വെക്കുകയായിരുന്നു. ഇതേക്കുറിച്ച് സാര്‍ തന്നെ കുറച്ച് അഭിമുഖങ്ങളില്‍ സംസാരിച്ചിട്ടുണ്ട്. അപൂര്‍വ്വം ചില സംവിധായകരുണ്ട്, അവരോടൊപ്പം കുറച്ചുകൂടെ മികച്ച റോള്‍ ചെയ്യണം, കുറച്ചു കൂടെ നല്ല കഥാപാത്രങ്ങള്‍ അവര്‍ നിങ്ങള്‍ക്ക് തരണം എന്നുതോന്നും. ഒരു തരം അത്യാഗ്രഹമായിരിക്കാം അത്, കുറച്ചു കൂടെ നല്ലത് ചെയ്യാനുള്ള കൊതിയാണ്. വെട്രി സാറിനൊപ്പം അങ്ങനെ വര്‍ക്ക് ചെയ്യണമെന്നായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പാവ കഥൈകളിലെ കഥാപാത്രത്തിനായി വെട്രി സാര്‍ വീണ്ടും വന്നു. നെറ്റ്ഫ്ളിക്സിനുവേണ്ടി ചെയ്യുന്നതാണ്. 30 മിനിറ്റുള്ള ചിത്രമായിരിക്കും. താല്‍പര്യമുണ്ടോയെന്ന് ചോദിച്ചു. ഞാന്‍ ആ സ്‌ക്രിപ്റ്റ് വായിച്ചു. അത് ചെയ്യണമെന്ന് തോന്നി. ആ റോള്‍ ഞാനെങ്ങനെ ചെയ്യും സാര്‍ എങ്ങനെയാണ് അത് ചെയ്യാന്‍ പോകുന്നത് എന്നൊന്നും കാര്യമായി അറിയില്ലായിരുന്നു. അതേ കുറിച്ച് അങ്ങനെ ചിന്തിച്ചുമില്ല. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ ചെയ്യണമെന്ന് തോന്നുകയായിരുന്നു. വളരെ വിശദമായ സ്‌ക്രിപ്റ്റ് അല്ലായിരുന്നു അത്. ഞാനുണ്ടാകും അച്ഛനുണ്ടാകും. ഞാന്‍ നാട്ടിലേക്ക് തിരിച്ചെത്തും മരിക്കും. ഇത്രയൊക്കെയേ അറിയുമായിരുന്നുള്ളു. അതിന്റെ മറ്റു തലങ്ങളെക്കുറിച്ച് അപ്പോള്‍ അത്രയും വ്യക്തമല്ലായിരുന്നു. സെറ്റില്‍ വെച്ചാണ് എത്ര വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണെന്ന് മനസ്സിലായത്', അഭിമുഖത്തില്‍ സായ് പല്ലവി പറഞ്ഞു.

Related Stories

The Cue
www.thecue.in