രണ്ടാംഘട്ട തെരഞ്ഞെടുപ്പ്: വോട്ട് ചെയ്ത് താരങ്ങള്‍, കര്‍ഷകസമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ടൊവിനോ, ഭരണത്തുടര്‍ച്ചക്ക് വേണ്ടിയെന്ന് ആഷിക്

രണ്ടാംഘട്ട തെരഞ്ഞെടുപ്പ്: വോട്ട് ചെയ്ത് താരങ്ങള്‍, കര്‍ഷകസമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ടൊവിനോ, ഭരണത്തുടര്‍ച്ചക്ക് വേണ്ടിയെന്ന് ആഷിക്

തദ്ദേശതെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തി മഞ്ജു വാര്യരും, ടൊവിനോയും അടക്കമുള്ള താരങ്ങള്‍. എല്ലാ തെരഞ്ഞെടുപ്പിലും മുടങ്ങാതെ വോട്ടുചെയ്യുന്ന മമ്മൂട്ടിക്ക് ഇത്തവണ വോട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല. വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതാണ് കാരണം. അമ്മയോടൊപ്പം തൃശൂരിലെ പുള്ള് എല്‍.പി സ്‌കൂളിലാണ് മഞ്ജുവാര്യര്‍ വോട്ട് ചെയ്യാനെത്തിയത്.

ഇരിങ്ങാലക്കുട ഗവണ്‍മെന്റ് സ്‌കൂളിലായിരുന്നു ടൊവിനോയുടെ വോട്ട്. കര്‍ഷകരോട് അനുഭാവം പ്രകടിപ്പിക്കുന്നതായി നടന്‍ പറഞ്ഞു. ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടിയാണ് വോട്ടെന്നാണ് സംവിധായകന്‍ ആഷിക് അബുവും നടി റിമ കല്ലിങ്കലും പറഞ്ഞത്. ഒരുപാട് ബുദ്ധിമുട്ടുകള്‍ക്കിടയിലും അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സര്‍ക്കാരിനായെന്നും അവര്‍ പറഞ്ഞു.

നിലവിലെ വിവാദങ്ങളൊന്നും തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ബാധിക്കില്ലെന്നായിരുന്നു വോട്ട് ചെയ്ത ശേഷം നടന്‍ ഇന്നസെന്റ് പറഞ്ഞത്. സംവിധായകന്‍ രാജീവ് രവിയും നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും കൊച്ചി കടവന്ത്ര മേരി മാതാ പബ്ലിക് സ്‌കൂളിലാണ് വോട്ട് ചെയ്തത്.

വോട്ട് ചെയ്ത സന്തോഷം നടന്‍ ഉണ്ണി മുകുന്ദനും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. കാര്യമ്പാറ വാര്‍ഡ് 19ലായിരുന്നു ഉണ്ണി മുകുന്ദന്റെ വോട്ട്. കടവന്ത്ര സെന്റ് ജോസഫ്‌സ് സ്‌കൂളിലായിരുന്നു രഞ്ജി പണിക്കര്‍ വോട്ട് ചെയ്തത്. സംവിധായകന്‍ സത്യന്‍ അന്തിക്കാട് തൃശൂര്‍ അന്തിക്കാടും, കെ.പി.എ.സി ലളിത വടക്കാഞ്ചേരിയിലും വോട്ട് രേഖപ്പെടുത്തി.

Related Stories

No stories found.
logo
The Cue
www.thecue.in