സിനിമയിലും സീരിയലിലും ഒരേ സമയം, ‘ഉപ്പും മുളകും’ താരങ്ങൾ 'മേപ്പടിയാനി'ൽ ഒന്നിക്കും

സിനിമയിലും സീരിയലിലും ഒരേ സമയം, ‘ഉപ്പും മുളകും’ താരങ്ങൾ 'മേപ്പടിയാനി'ൽ ഒന്നിക്കും

‘ഉപ്പും മുളകും’ എന്ന ഹാസ്യ പരമ്പരയിലൂടെ ശ്രദ്ധേയരായ അഭിനേതാക്കളാണ് നിഷ സാരം​ഗും കോട്ടയം രമേശും മനോഹരി ജോയിയും. ഉണ്ണിമുകുന്ദൻ പ്രധാന വേഷത്തിൽ എത്തുന്ന ‘മേപ്പടിയാൻ’ എന്ന ചിത്രത്തിലൂടെ സിനിമയിലും ഒന്നിക്കുകയാണ് ഇവർ. സീരിയലിൽ നീലുവെന്ന കഥാപാത്രത്തെയാണ് നിഷ സാരംഗ് അവതരിപ്പിക്കുന്നത്, ബിജു സോപാനത്തിന്റെ ബാലചന്ദ്രൻ തമ്പിയെന്ന കഥാപാത്രത്തിന്റെ അച്ഛനമ്മമാരായി കോട്ടയം രമേശും മനോഹരി ജോയിയും എത്തുന്നു.

1989 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘ഞങ്ങളുടെ കൊച്ചു ഡോക്ടർ’ എന്ന ചിത്രത്തിലൂടെയാണ് രമേശ് എന്ന നടൻ ശ്രദ്ധ നേടിയത്. 31 വർഷങ്ങൾക്കിപ്പുറം സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ സന്തത സഹചാരിയായ ഡ്രൈവർ കുമാരൻ എന്ന കഥാപാത്രവും അടുത്തിടെ ഏറെ ശ്രദ്ദിക്കപ്പെട്ടിരുന്നു. 'വൈറസ്', 'സീ യു സൂൺ' എന്നീ ചിത്രങ്ങളിലും കോട്ടയം രമേശ് അഭിനയിച്ചിട്ടുണ്ട്.

‘കെട്ട്യാേളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലെ ആസിഫ് അലിയുടെ അമ്മവേഷമാണ് മനോഹരി ജോയിക്ക് അഭിനന്ദനം നേടിക്കൊടുത്ത കഥാപാത്രങ്ങളിലൊന്ന്. സീരിയലിൽ സജീവമായി ഇരിക്കെത്തന്നെ അനേകം സിനിമകളിലും സാന്നിധ്യം അറിയിച്ച അഭിനയത്രിയാണ് നിഷ സാരംഗ്. 'മാറ്റിനി', 'ആമേൻ', 'ഒരു ഇന്ത്യൻ പ്രണയകഥ', 'ദൃശ്യം', 'കപ്പേള', 'തണ്ണീർമത്തൻ ദിനങ്ങൾ' എന്നിങ്ങനെ എഴുപതിധികം ചിത്രങ്ങളിൽ നിഷ അഭിനയിച്ചിട്ടുണ്ട്. ബിജു സോപാനവും നിഷയും ഒന്നിക്കുന്ന ‘ലെയ്ക്ക’ എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Related Stories

The Cue
www.thecue.in