പവന്‍ കല്യാണ്‍ അയ്യപ്പനാകുമ്പോള്‍ 'കട്ടയ്ക്ക് ' കോശി വേണ്ട, വെട്ടിക്കുറച്ച് വെറും വില്ലനാക്കും, ക്ലൈമാക്‌സ് പൊളിക്കാനും നിര്‍ദേശം

പവന്‍ കല്യാണ്‍ അയ്യപ്പനാകുമ്പോള്‍ 'കട്ടയ്ക്ക് ' കോശി വേണ്ട, വെട്ടിക്കുറച്ച് വെറും വില്ലനാക്കും, ക്ലൈമാക്‌സ് പൊളിക്കാനും നിര്‍ദേശം

ബിജു മേനോന്‍, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചിയൊരുക്കിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ അടിമുടി വെട്ടിത്തിരുത്തുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ചിത്രത്തില്‍ സെക്കന്‍ഡ് ലീഡ് ഉണ്ടാകില്ലെന്നാണ് വിവരം. അയ്യപ്പന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന പവര്‍സ്റ്റാര്‍ പവന്‍ കല്യാണ്‍ തിരക്കഥയില്‍ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ടെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോശിയുടെ കഥാപാത്രത്തെ ചുരുക്കി വെറും വില്ലനാക്കാനും തിരക്കഥയില്‍ മാറ്റം വരുത്തി ക്ലൈമാക്‌സ് തിരുത്തിയെഴുതാനും നടന്‍, സംവിധായകന്‍ സാഗര്‍ചന്ദ്രയോടും നിര്‍മ്മാതാക്കളോടും ആവശ്യപ്പെട്ടതായാണ് വാര്‍ത്ത.

പവന്‍ കല്യാണ്‍ അയ്യപ്പനാകുമ്പോള്‍ 'കട്ടയ്ക്ക് ' കോശി വേണ്ട, വെട്ടിക്കുറച്ച് വെറും വില്ലനാക്കും, ക്ലൈമാക്‌സ് പൊളിക്കാനും നിര്‍ദേശം
കോശിയുടെ റോളില്‍ വീണ്ടും മാറ്റം, പവന്‍ കല്യാണ്‍ ചിത്രത്തിലേക്ക് പുതിയ താരമെന്ന് റിപ്പോര്‍ട്ടുകള്‍

അങ്ങനെയെങ്കില്‍ ഏക നായകനായിരിക്കും ചിത്രത്തില്‍. കോശിയുടെ റോളിലേക്ക് നേരത്തേ നിരവധി താരങ്ങളെ പരിഗണിച്ചിരുന്നു. രവി തേജ, റാണ ദഗ്ഗുബാട്ടി, യുവതാരം നിതിന്‍ എന്നിവരുടെ പേരുകള്‍ ഒന്നിനുപിറകെ ഒന്നായി പറഞ്ഞുകേട്ടു. പക്ഷേ ആരെയും ഉറപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ക്കായില്ല. പവന്‍കല്യാണിന്റെ പിടിവാശികള്‍ കാരണമാണിതെന്നും പുറത്തുവന്നിരുന്നു. സംവിധായകന്‍ സാഗര്‍ ചന്ദ്രയാണ് തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തുക. സംഭാഷണങ്ങള്‍ എഴുതുന്നത് സംവിധായകന്‍ ത്രിവിക്രം ആയിരിക്കും.

സിതാര എന്റര്‍ടെയിന്‍മെന്റ് ആണ് ചിത്രം നിര്‍മിക്കുന്നത്. ബിജു മേനോന്‍ അവതരിപ്പിക്കുന്ന എസ്.ഐ അയ്യപ്പന്‍ നായരും പൃഥ്വി അവതരിപ്പിച്ച റിട്ടയേര്‍ഡ് ഹവീല്‍ദാര്‍ കോശി കുര്യനും തമ്മിലുള്ള ഈഗോയും തുടര്‍ന്നുള്ള സംഘര്‍ഷങ്ങളുമായിരുന്നു ചിത്രത്തിന്റെ പ്രമേയം . 2020ല്‍ മലയാളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട സിനിമയുമാണ് അയ്യപ്പനും കോശിയും. തെലുങ്കിന് പുറമേ തമിഴിലും ഹിന്ദിയിലും സിനിമ റീമേക്ക് ചെയ്യുന്നുണ്ട്. വീണ്ടും പൊലീസ് യൂണിഫോമില്‍ പവന്‍ കല്യാണ്‍ എത്തുന്ന ചിത്രത്തിനായി 50 കോടി പ്രതിഫലം വാങ്ങുന്നുവെന്നും തെലുങ്ക് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.

The Cue
www.thecue.in