അവാര്‍ഡിലെ മികച്ച ചിത്രം വാസന്തിക്കെതിരെ ഗുരുതര ആരോപണം, തമിഴ് നാടകം മോഷ്ടിച്ചെന്ന് എഴുത്തുകാരന്‍

അവാര്‍ഡിലെ മികച്ച ചിത്രം വാസന്തിക്കെതിരെ ഗുരുതര ആരോപണം, തമിഴ് നാടകം മോഷ്ടിച്ചെന്ന് എഴുത്തുകാരന്‍

ഈ വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ 'വാസന്തി'ക്കെതിരെ ഗുരുതര ആരോപണവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി.കെ.ശ്രീനിവാസന്‍. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ ഇന്ദിര പാര്‍ത്ഥ സാരഥിയുടെ പോര്‍വേ പോര്‍ത്തിയ ഉടല്‍കള്‍ എന്ന നാടകത്തില്‍ നിന്നും മോഷ്ടിച്ചതാണ് വാസന്തി എന്ന സിനിമയെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പി.കെ.ശ്രീനിവാസന്‍ ആരോപിക്കുന്നു.

ഇന്ദിര പാര്‍ത്ഥ സാരഥിയുടെ നാടകത്തിലെ കഥാപാത്രത്തിന്റെ പേര് പോലും മാറ്റാന്‍ വാസന്തി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കായില്ലെന്നും കുറിപ്പില്‍ വിമര്‍ശനമുണ്ട്. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഐപി എന്ന് ഞങ്ങള്‍, സുഹൃത്തുക്കള്‍ വിളിക്കുന്ന ഇന്ദിര പാര്‍ത്ഥസാരഥിയെ വിളിച്ചു ചോദിച്ചുവെന്നും, 'എന്നെ ആരും വിളിച്ചില്ല. 90 വയസ്സായ ഞാന്‍ ഇപ്പോഴും ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്ന് അവരോട് പറഞ്ഞേക്കു', എന്നുമാണ് അദ്ദേഹം നല്‍കിയ മറുപടി എന്നും പോസ്റ്റില്‍ പറയുന്നു.

എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവും നടനുമായ സിജു വില്‍സണ്‍ പ്രതികരിച്ചു. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ സിനിമ കണ്ടതിന് ശേഷം പ്രതികരിക്കട്ടെയെന്നും സിജു വില്‍സണ്‍ ദ ക്യുവിനോട് പറഞ്ഞു. റഹ്മാന്‍ ബ്രദേര്‍സ് എന്നറിയപ്പെടുന്ന ഷിനോസ് റഹ്മാനും സജാസ് റഹ്മാനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

പി.കെ.ശ്രീനിവാസന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

'വാസന്തിയെ മോഷ്ടിച്ചവര്‍

'വാസന്തി വന്ന വഴി ' എന്നൊരു ലേഖനം ഇന്നലത്തെ മനോരമയുടെ ഞായറാഴ്ചയില്‍ കണ്ടു. ലേഖകന്‍ എം കെ കുര്യാക്കോസ്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വാസന്തിയുടെ സംവിധായകരായ ഷിനോസ് റഹ്മാന്‍, സജാസ് റഹ്മാന്‍ എന്നിവരെ കുറിച്ചാണ് എഴുത്ത്.

തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ ഇന്ദിര പാര്‍ത്ഥസാരഥിയുടെ പോര്‍വേ പോര്‍ത്തിയ ഉടല്‍കള്‍ (പുതപ്പു പുതപ്പിച്ച ശരീരങ്ങള്‍) എന്ന കഥയിലെ കഥാപാത്രമാണ് വാസന്തി എന്ന് സംവിധായകര്‍ പറയുന്നു. 2010 ല്‍ വാസന്തി നാടകരൂപത്തില്‍ ആക്കിയെന്നും രംഗത്ത് അവതരിപ്പിച്ചെന്നും പറയുന്നുണ്ട്. ആ കഥാപാത്രത്തില്‍ സിനിമക്കുള്ള സാധ്യത കണ്ടെത്തി ഇപ്പോള്‍ വാസന്തി എന്ന സിനിമ വന്നിരിക്കുന്നു.

പോര്‍വേ പോര്‍ത്തിയ ഉടല്‍കള്‍ ഐപിയുടെ പ്രസിദ്ധ നാടകമാണ്. കഥയല്ല. മറ്റൊരു ഭാഷയിലെ പ്രഗത്ഭനായ ഒരു എഴുത്തുകാരന്റെ നാടകം സിനിമയാക്കുമ്പോള്‍ സാമാന്യ മര്യാദ അനുസരിച്ച് അദ്ദേഹത്തിന്റെ അനുവാദം വാങ്ങണം. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഐപി എന്ന് ഞങ്ങള്‍, സുഹൃത്തുക്കള്‍ വിളിക്കുന്ന ഇന്ദിര പാര്‍ത്ഥസാരഥിയെ വിളിച്ചു ഞാന്‍ ചോദിച്ചു, ആരെങ്കിലും താങ്കളെ കഥക്ക് സമീപിച്ചിരുന്നോ? അനുവാദം ചോദിച്ചിരുന്നോ? മലയാളത്തില്‍ നിന്ന് ആരെങ്കിലും വിളിച്ചാല്‍ ഐപി എന്നെ വിളിക്കും. കാരണം കേന്ദ്ര അക്കാദമി അവാര്‍ഡ് ലഭിച്ച കുരുതിപ്പുനല്‍ ഉള്‍പ്പെടെ മൂന്നു നോവലുകളും കുറെ കഥകളും ഞാനാണ് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്. അദ്ദേഹം, പറഞ്ഞു, 'എന്നെ ആരും വിളിച്ചില്ല. 90 വയസ്സായ ഞാന്‍ ഇപ്പോഴും ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്ന് അവരോട് പറഞ്ഞേക്കു.' (വര്ഷങ്ങള്‍ക്കു മുന്‍പ് കുരുതിപ്പുനല്‍ ഐപിയുടെ അനുവാദമില്ലാതെ ദേശാഭിമാനി ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. കൂടാതെ ചിന്ത അത് അനുവാദമില്ലാതെ തന്നെ പുസ്തകമാക്കുകയും ചെയ്തു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കുന്ന കാലത്തു നേരില്‍ കണ്ടപ്പോള്‍ ഇ എം എസ് നമ്പൂതിരിപ്പാടിനോട് അക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം തമാശരൂപത്തിലാണ് അതെടുത്ത്. അത് തന്നെ വേദനിപ്പിച്ചെന്നു അദ്ദേഹം പറയുമായിരുന്നു.)

ഐപിക്ക് പ്രതിഫലം വേണ്ട. പക്ഷേ മര്യാദക്ക് വിവരം അറിയിക്കാമല്ലോ. ഇതിനെയാണ് മോഷണം എന്ന് നാം സാധാരണ പറയാറ്. വാസന്തിയുടെ കാര്യത്തിലും അതാണ് സംഭവിച്ചത്. തികഞ്ഞ മോഷണം. അദ്ദേഹം സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചാല്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് സ്വീകരിക്കാനാവുമോ? കഥയും കാലവും സന്ദര്‍ഭവും മാറ്റി വാസന്തി പിറന്നു എന്നാണ് ഉളുപ്പില്ലാതെ അവര്‍ പറയുന്നത്. കഥാപാത്രത്തിന്റെ പേര് പോലും മാറ്റാന്‍ വാസന്തിക്കാര്‍ക്കു ആയില്ല. (ഐപിയുടെ ഉച്ചിവയില്‍ എന്ന കഥയാണ് കെ എസ് സേതുമാധവന്‍ മറുപക്കം എന്ന പേരില്‍ 1992 ല്‍ സിനിമയാക്കിയത്. തമിഴ് സിനിമാലോകത്തെ ആദ്യത്തെ സ്വര്‍ണ കമല്‍ ആ ചിത്രത്തിനായിരുന്നു.) ഇത്തരത്തിലുള്ള മോഷണങ്ങള്‍ മലയാള സിനിമയുടെ യശ്ശസ്സിനു അപമാനകരമല്ലേ?'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in