'ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ഗാനം മോഷ്ടിച്ചു'; ആരോപണവുമായി അനുഭവ് സിന്‍ഹ

'ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ഗാനം മോഷ്ടിച്ചു'; ആരോപണവുമായി അനുഭവ് സിന്‍ഹ

ബിജെപി തന്റെ ഗാനം മോഷ്ടിച്ചുവെന്ന ആരോപണവുമായി സംവിധായകന്‍ അനുഭവ് സിന്‍ഹ. തന്റെ 'ബാംബയ് മേന്‍ കാ ബാ' എന്ന റാപ്പ് ഗാനം മോഷ്ടിച്ചാണ് ബിജെപി ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നതെന്ന് അനുഭവ് സിന്‍ഹ പറയുന്നു.

കുടിയേറ്റ തൊഴിലാളികളുടെ ദുരിതം വിവരിക്കുന്ന ഗാനം സെപ്റ്റംബറിലായിരുന്നു പുറത്തിറക്കിയത്. മനോജ് ബാജ്‌പേയിയാണ് പാടി അഭിനയിച്ചിരിക്കുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ബിഹാര്‍ ബിജെപിയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ കാമ്പെയിന്‍ വീഡിയോ പുറത്തുവിട്ടത്. 'ബിഹാര്‍ മേന്‍ യെ ബാ' എന്ന് പേരിട്ടിരിക്കുന്ന പ്രചാരണ വീഡിയോ അനുഭവ് സിന്‍ഹയുടെ ഗാനത്തോട് സാമ്യമുള്ളതാണ്. എന്‍ഡിഎ സര്‍ക്കാരിന്റെ കീഴില്‍ സംസ്ഥാനത്തുണ്ടായ നേട്ടങ്ങളാണ് പ്രചാരണ ഗാനം പറയുന്നത്.

പാട്ടില്‍ ബിഹാര്‍ എന്ന വാക്ക് ഒരിടത്ത് പോലും പറഞ്ഞിട്ടില്ലെന്നും, ഗാനം കേട്ട് നോക്കൂ എന്നും അനുഭവ് സിന്‍ഹ ട്വീറ്റ് ചെയ്തിരുന്നു. 'എനിക്ക് ഇത് പറയാതിരിക്കാന്‍ കഴിയില്ല, ഞാന്‍ ഇത് പറഞ്ഞില്ലെങ്കില്‍ എന്നോട് തന്നെ ചെയ്യുന്ന ദ്രോഹമാകും. എന്റെ സുഹൃത്തുക്കള്‍ എന്നോട് മിണ്ടാതിരിക്കാന്‍ പറയുന്നു, എനിക്ക് അവരെയും ഇഷ്ടമാണ്. പക്ഷെ, ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ഒരു ഗാനം പുറത്തിറക്കി. ആറാഴ്ച മുമ്പ് ഞാന്‍ പുറത്തിറക്കിയ ബാംബയ് മേന്‍ കാ ബാ എന്ന, എനിക്ക് 100 ശതമാനം കോപ്പി റൈറ്റ് അവകാശമുള്ള ഗാനത്തിന്റെ തനിപ്പകര്‍പ്പാണ് ഈ ഗാനം', അനുഭവ് സിന്‍ഹ ട്വീറ്റില്‍ കുറിച്ചു.

രാജ്യം ഭരിക്കുന്ന ബിജെപി മറ്റുള്ളവരുടെ അവകാശത്തെ മാനിക്കാതെ, ഭയങ്കരമായ ഒരു മാതൃകയാണ് സൃഷ്ടിക്കുന്നതെന്നും അനുഭവ് സിന്‍ഹ പറയുന്നുണ്ട്. എന്റെ അനുവാദത്തിനായി ഒരാളും സമീപിച്ചിട്ടില്ല. ഇത് കോടതിയില്‍ എത്തിക്കുകയെന്നത് തന്റെ കഴിവിനും അധികാരത്തിനും അതീതമാണെന്നും, ഒരു കടപ്പാട് മാത്രമാണ് താന്‍ പ്രതിക്ഷിക്കുന്നതെന്നും അനുഭവ് സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം അനുഭവ് സിന്‍ഹയുടെ ആരോപണത്തിന് മറുപടിയുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രതിപക്ഷമായ കോണ്‍ഗ്രസ് ഉപയോഗിച്ച ഗാനത്തിന് മറുപടി നല്‍കുകയാണ് തങ്ങള്‍ ചെയ്തതെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചതായി മണികണ്‍ട്രോള്‍.കോം റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസാണ് അനുഭവ് സിന്‍ഹയുടെ ഗാനം കോപ്പി അടിച്ചത്. അവരുടെ വാക്കുകളില്‍ പ്രതികരിക്കുകയാണ് തങ്ങള്‍ ചെയ്തതെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in