മനുഷ്യന്റെ ആദിമവും വന്യവുമായ പ്രാകൃത ചോദനകളുടെ അവതരണം, ജൂറി റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍
മനുഷ്യന്റെ ആദിമവും വന്യവുമായ പ്രാകൃത ചോദനകളുടെ അവതരണം, ജൂറി റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍

മനുഷ്യന്റെ ആദിമവും വന്യവുമായ പ്രാകൃത ചോദനകളെ അവതരിപ്പിക്കുന്ന വ്യത്യസ്തവും സങ്കീര്‍ണവുമായ പ്രമേയത്തെ മികച്ച കൈയടക്കത്തോടെയും ശില്പഭദ്രതയോടെയും ആവിഷ്‌കരിച്ച സംവിധാന മികവിനാണ് ലിജോ ജോസ് പെല്ലിശേരിക്ക് അംഗീകാരത്തിന് വഴിയൊരുക്കിയതെന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ റിപ്പോര്‍ട്ട്. 119 സിനിമകളില്‍ നിന്നാണ് ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായനായത്.

വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോവേണ്ടി വരുന്ന പെണ്‍കുട്ടിയുടെ സഹനവും അതിജീവനവും നാടകം, സിനിമ എന്നീ സങ്കേതങ്ങളുടെ സര്‍ഗാത്മകമായ സമ്മിശ്രണത്തിലൂടെ ആവിഷ്‌കരിക്കുന്ന സിനിമയാണ് വാസന്തിയെന്ന് മധു അമ്പാട്ട് ചെയര്‍മാനായ ജൂറി വിലയിരുത്തുന്നു.

ജൂറി റിപ്പോര്‍ട്ടും പരാമര്‍ശങ്ങളും പൂര്‍ണരൂപത്തില്‍:

അവാര്‍ഡുകള്‍

1. മികച്ച ചിത്രം - വാസന്തി

സംവിധായകര്‍ - റഹ്മാന്‍ ബ്രദേഴ്സ്

(ഷിനോസ് റഹ്മാന്‍, സജാസ് റഹ്മാന്‍)

നിര്‍മ്മാതാവ് - സിജു വില്‍സന്‍

(നിര്‍മ്മാതാവിന് 2,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും, സംവിധായകര്‍ക്ക് 1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതം)

വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോവേണ്ടി വരുന്ന പെണ്‍കുട്ടിയുടെ സഹനവും അതിജീവനവും നാടകം, സിനിമ എന്നീ സങ്കേതങ്ങളുടെ സര്‍ഗാത്മകമായ സമ്മിശ്രണത്തിലൂടെ ആവിഷ്‌കരിക്കുന്ന സിനിമ.

2. മികച്ച രണ്ടാമത്തെ ചിത്രം - കെഞ്ചിര

സംവിധായകന്‍ - മനോജ് കാന

നിര്‍മ്മാതാവ് - മനോജ് കാന

(നിര്‍മ്മാതാവിന് 1,50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും, സംവിധായകന് 1,50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)

ആദിവാസി സമൂഹം ഇന്ന് നേരിടുന്ന സ്വത്വപ്രതിസന്ധികളെയും സാമൂഹിക പ്രശ്നങ്ങളെയും സമഗ്രമായി ആവിഷ്‌കരിക്കുന്ന ചിത്രം. വഞ്ചനയ്ക്കും ചൂഷണത്തിനും വിധേയരായി കിടപ്പാടം നഷ്ടപ്പെടുന്ന നിസ്സഹായരുടെ ദുരിത ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ പകര്‍ത്തുന്ന സാമൂഹിക പ്രസക്തിയുള്ള സിനിമ.

3. മികച്ച സംവിധായകന്‍ - ലിജോ ജോസ് പെല്ലിശ്ശേരി

ചിത്രം - ജെല്ലിക്കട്ട്

(2,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)

മനുഷ്യന്റെ ആദിമവും വന്യവുമായ പ്രാകൃത ചോദനകളെ അവതരിപ്പിക്കുന്ന വ്യത്യസ്തവും സങ്കീര്‍ണവുമായ പ്രമേയത്തെ മികച്ച കൈയടക്കത്തോടെയും ശില്പഭദ്രതയോടെയും ആവിഷ്‌കരിച്ച സംവിധാന മികവിന്

4. മികച്ച നടന്‍ - സുരാജ് വെഞ്ഞാറമൂട്

ചിത്രങ്ങള്‍ - 1. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ Ver 5.25, 2. വികൃതി

(1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)

രണ്ടു ചിത്രങ്ങളിലെ തികച്ചും വ്യത്യസ്തമായ രണ്ടു കഥാപാത്രങ്ങളുടെ ആത്മ സംഘര്‍ഷങ്ങളെ ഹൃദയസ്പര്‍ശിയായി ആവിഷ്‌കരിച്ച അഭിനയ മികവിന്.

5. മികച്ച നടി - കനി കുസൃതി

ചിത്രം - ബിരിയാണി

(1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)

മതവും പുരുഷാധിപത്യവും ചേര്‍ന്ന് ദുരിതത്തിലാഴ്ത്തിയ ഒരു പെണ്‍കുട്ടിയുടെ നിസ്സഹായതയും സഹനങ്ങളും അതിജീവനശ്രമങ്ങളും അതിതീക്ഷ്ണമായി ആവിഷ്‌കരിച്ച അഭിനയ മികവിന്.

6. മികച്ച സ്വഭാവനടന്‍ - ഫഹദ് ഫാസില്‍

ചിത്രം - കുമ്പളങ്ങി നൈറ്റ്സ്

(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)

ആണധികാരത്തിന്റെ നിര്‍ദയമായ സമീപനങ്ങളും കപടനാട്യങ്ങളും അതിഭാവുകത്വത്തിന്റെ സ്പര്‍ശമില്ലാതെ സ്വാഭാവികമായി അഭിനയിപ്പിച്ചു ഫലിപ്പിച്ച പ്രകടന മികവിന്.

7. മികച്ച സ്വഭാവനടി - സ്വാസിക വിജയ്

ചിത്രം - വാസന്തി

(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)

അസ്വാഭാവികമായ ജീവിത സാഹചര്യങ്ങളില്‍ പെട്ടുപോകുന്ന ഒരു പെണ്‍കുട്ടിയുടെ അതിജീവനശ്രമങ്ങളുടെ തീവ്രവും ഹൃദയസ്പര്‍ശിയുമായ ഭാവാവിഷ്‌കാരത്തിന്.

8. മികച്ച ബാലതാരം (ആണ്‍) - വാസുദേവ് സജീഷ് മാരാര്‍

ചിത്രങ്ങള്‍ - 1. സുല്ല്

2. കള്ളനോട്ടം

(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)

അപ്രതീക്ഷിതമായി അടഞ്ഞ ഒരിടത്ത് പെട്ടുപോകുന്ന ഒരു കുട്ടിയുടെ വിഹ്വലതയും ക്യാമറ എന്ന കൗതുകത്തിന് പിന്നാലെ നടന്ന് മുതിര്‍ന്നവരുടെ ക്രൂരമായ ലോകത്ത് എത്തിപ്പെടുന്ന കുട്ടിയുടെ നിസ്സഹായതയും മനോഹരമായി അവതരിപ്പിച്ച അഭിനയ മികവിന്.

9. മികച്ച ബാലതാരം (പെണ്‍) - കാതറിന്‍ ബിജി

ചിത്രം - നാനി

(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)

നഗരജീവിതത്തിന്റെ യാന്ത്രികതയില്‍ നിന്ന് പ്രകൃതിയുടെ മടിത്തട്ടിലേക്ക് എത്തിച്ചേരുന്ന ഒരു പെണ്‍കുട്ടിയുടെ വിസ്മയഭാവങ്ങളെ മനോഹരമായി അവതരിപ്പിച്ച പ്രകടന മികവിന്.

10. മികച്ച കഥാകൃത്ത് - ഷാഹുല്‍ അലിയാര്‍

ചിത്രം - വരി - ദ സെന്റന്‍സ്

(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)

നീതിന്യായ വ്യവസ്ഥയുടെ യാന്ത്രികതയും വധശിക്ഷയുടെ നൈതികതയും ഉള്‍പ്പെടെ സാമൂഹിക പ്രസക്തമായ നിരവധി വിഷയങ്ങളെ സര്‍ഗാത്മകമായി ആവിഷ്‌കരിക്കുന്ന രചനാ മികവിന്.

11. മികച്ച ഛായാഗ്രാഹകന്‍ - പ്രതാപ് പി. നായര്‍

ചിത്രങ്ങള്‍ - 1. ഇടം, 2. കെഞ്ചിര

(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)

വ്യത്യസ്തമായ രണ്ടു ചിത്രങ്ങളിലെ കഥാന്തരീക്ഷങ്ങള്‍ക്ക് തികച്ചും അനുയോജ്യമായ വിധത്തിലുള്ള ക്യാമറ ചലനങ്ങളിലൂടെയും ദീപ വിന്യാസത്തിലൂടെയും ദൃശ്യങ്ങള്‍ പകര്‍ത്തിയ ഛായാഗ്രഹണ മികവിന്.

12. മികച്ച തിരക്കഥാകൃത്ത് - റഹ്മാന്‍ ബ്രദേഴ്സ്

(ഷിനോസ് റഹ്മാന്‍, സജാസ് റഹ്മാന്‍)

ചിത്രം - വാസന്തി

(25,000/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതം)

നാടകവും ജീവിതവും ഇടകലരുന്ന വ്യത്യസ്തമായ ഒരു കഥയ്ക്ക് ചലച്ചിത്രാവിഷ്‌കാരം നല്‍കുന്നതിനായി ഒരുക്കിയ ശില്‍പ്പഭദ്രമായ തിരക്കഥ.

13. മികച്ച തിരക്കഥ (അഡാപ്റ്റേഷന്‍) - പി.എസ്. റഫീഖ്

ചിത്രം - തൊട്ടപ്പന്‍

(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതം)

മൂലകഥയുടെ ശക്തിസൗന്ദര്യങ്ങള്‍ ചോര്‍ന്നുപോകാതെ ചലച്ചിത്രാവിഷ്‌കാരത്തിനായി അനുകല്‍പ്പനം നടത്തിയ രചനാമികവിന്.

14. മികച്ച ഗാനരചയിതാവ് - സുജേഷ് ഹരി

ചിത്രം - സത്യം പറഞ്ഞാ വിശ്വസിക്കുവോ?

ഗാനം - ''പുലരിപ്പൂ പോലെ ചിരിച്ചും....''

(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)

പ്രിയപ്പെട്ടവന്റെ അവഗണനയിലും സ്നേഹനിരാസത്തിലും പെട്ട് ഉഴലുന്ന ഒരു പെണ്‍കുട്ടിയുടെ ആത്മഗതങ്ങള്‍ ഭാവ തീവ്രവും കാവ്യാത്മകവുമായി ആവിഷ്‌കരിച്ച രചനാ മികവിന്.

15. മികച്ച സംഗീത സംവിധായകന്‍ (ഗാനങ്ങള്‍)- സുശിന്‍ ശ്യാം

ചിത്രം - കുമ്പളങ്ങി നൈറ്റ്സ്

ഗാനം - എല്ലാ ഗാനങ്ങളും

(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)

കഥാന്തരീക്ഷത്തിന് ഉതകുന്ന വിധം മിതമായ സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ച് വ്യത്യസ്തമായ ഈണങ്ങള്‍ ഒരുക്കിയ സംഗീത സംവിധാന പാടവത്തിന്.

16. മികച്ച സംഗീത സംവിധായകന്‍ - അജ്മല്‍ ഹസ്ബുള്ള

(പശ്ചാത്തല സംഗീതം)

ചിത്രം - വൃത്താകൃതിയിലുള്ള ചതുരം

(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)

പ്രമേയത്തിന്റെ ആഖ്യാനത്തിന് സഹായകമാകുന്ന വിധത്തില്‍ കഥാഗതിയ്ക്ക് ഇണങ്ങുന്ന മിതവും വ്യത്യസ്തവുമായ പശ്ചാത്തല സംഗീതം ഒരുക്കിയതിന്.

17. മികച്ച പിന്നണി ഗായകന്‍ - നജീം അര്‍ഷാദ്

ചിത്രം - കെട്ട്യോളാണെന്റെ മാലാഖ

ഗാനം - ''ആത്മാവിലെ വാനങ്ങളില്‍....''

(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)

പ്രണയത്തിന്റെയും വിരഹത്തിന്റെയും ഭാവങ്ങള്‍ ഹൃദയഹാരിയായി അവതരിപ്പിച്ച ആലാപന മികവിന്.

18. മികച്ച പിന്നണി ഗായിക - മധുശ്രീ നാരായണ്‍

ചിത്രം - കോളാമ്പി

ഗാനം - ''പറയാതരികെ വന്ന പ്രണയമേ...''

(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)

അനുരാഗത്തിന്റെയും വേര്‍പാടിന്റെയും ഭാവതീവ്രതകള്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച ആലാപന മികവിന്.

19. മികച്ച ചിത്രസംയോജകന്‍ - കിരണ്‍ ദാസ്

ചിത്രം - ഇഷ്‌ക്

(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)

സിനിമയുടെ പ്രമേയം ആവശ്യപ്പെടുന്ന തരത്തില്‍ കഥാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ക്രിയാത്മകമായ പങ്ക് വഹിച്ച ചിത്രസംയോജന മികവിന്.

20. മികച്ച കലാസംവിധായകന്‍ - ജ്യോതിഷ് ശങ്കര്‍

ചിത്രങ്ങള്‍ - 1. കുമ്പളങ്ങി നൈറ്റ്സ്

2. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഢലൃ. 5.25

(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)

കഥാന്തരീക്ഷം ആവശ്യപ്പെടുന്ന തരത്തിലുള്ള സൂക്ഷ്മനിരീക്ഷണ പാടവത്തോടെയുള്ള പശ്ചാത്തല സജ്ജീകരണവും കഥാപാത്രങ്ങളുടെ മാനസിക വ്യാപാരം പ്രതിഫലിപ്പിക്കുന്ന പരിസരങ്ങളും ഒരുക്കിയ കലാസംവിധാന മികവിന്.

21. മികച്ച സിങ്ക് സൗണ്ട് - ഹരികുമാര്‍ മാധവന്‍ നായര്‍

ചിത്രം - നാനി

(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)

പ്രകൃതിയിലെ സ്വാഭാവിക ശബ്ദങ്ങള്‍ അതിന്റെ തനിമയിലും അമ്മു എന്ന കഥാപാത്രത്തിന്റെ സംവേദനങ്ങള്‍ അതിന്റെ സൂക്ഷ്മതലങ്ങളിലും ഒപ്പിയെടുത്ത തല്‍സമയ ശബ്ദലേഖന മികവിന്.

22. മികച്ച ശബ്ദമിശ്രണം - കണ്ണന്‍ ഗണപതി

ചിത്രം - ജെല്ലിക്കട്ട്

(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)

ഇരയും വേട്ടക്കാരനും ഒന്നായി മാറുന്ന വന്യവും സംഘര്‍ഷഭരിതവുമായ കഥാന്തരീക്ഷത്തിലെ ശബ്ദങ്ങള്‍ വിദഗ്ധമായി സന്നിവേശിപ്പിച്ച ശബ്ദമിശ്രണ മികവിന്.

23. മികച്ച ശബ്ദരൂപകല്‍പ്പന - 1. ശ്രീശങ്കര്‍ ഗോപിനാഥ്

2. വിഷ്ണു ഗോവിന്ദ്

ചിത്രം - 1. ഉണ്ട

2. ഇഷ്‌ക്

(25,000/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതം)

കഥാന്തരീക്ഷത്തിന് അനുയോജ്യമായതും തീക്ഷ്ണമൂഹൂര്‍ത്തങ്ങളെ ധ്വനിപ്പിക്കുന്നതുമായ ശബ്ദാന്തരീക്ഷം സൃഷ്ടിച്ചെടുത്ത ശബ്ദരൂപകല്‍പ്പനയ്ക്ക്.

24. മികച്ച പ്രോസസിംഗ് ലാബ്/കളറിസ്റ്റ് - ലിജു

(Rang Rays Media Works)

ചിത്രം - ഇടം

(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)

വര്‍ണ്ണങ്ങളുടെയും കറുപ്പിന്റെയും തലങ്ങളുടെ മിതവും സ്ഥിരതയാര്‍ന്നതുമായ ദൃശ്യപരിചരണ മികവിന്.

25. മികച്ച മേക്കപ്പ്മാന്‍ - രഞ്ജിത്ത് അമ്പാടി

ചിത്രം - ഹെലന്‍

(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)

അതിശീതാവസ്ഥയില്‍ അകപ്പെട്ടുപോയ ഒരു പെണ്‍കുട്ടിയുടെ ശരീരത്തിന് സംഭവിക്കുന്ന രൂപഭേദങ്ങളെ തനിമയോടെയും സൂക്ഷ്മതയോടെയും ചമയിച്ചൊരുക്കിയ വൈദഗ്ധ്യത്തിന്.

26. മികച്ച വസ്ത്രാലങ്കാരം - അശോകന്‍ ആലപ്പുഴ

ചിത്രം - കെഞ്ചിര

(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)

ആദിവാസി സമൂഹത്തിന്റെ വേഷവിധാനങ്ങളുടെ തനിമയാര്‍ന്ന അവതരണത്തിന്.

27. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍) - വിനീത് രാധാകൃഷ്ണന്‍

ചിത്രം - 1. ലൂസിഫര്‍, 2. മരക്കാര്‍ : അറബിക്കടലിന്റെ സിംഹം

കഥാപാത്രം - 1. ബോബി (വിവേക് ഒബ്റോയ്), 2. അനന്തന്‍ (അര്‍ജുന്‍)

(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)

കഥാപാത്രങ്ങളുടെയും നടന്മാരുടെയും ഗാംഭീര്യവും ഭാവവും ഉള്‍ക്കൊണ്ട് സ്വാഭാവികമായി ശബ്ദം പകര്‍ന്നു നല്‍കിയതിന്.

28. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍) - ശ്രുതി രാമചന്ദ്രന്‍

ചിത്രം - കമല

കഥാപാത്രം - കമല (റൂഹാനി ശര്‍മ്മ)

(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)

കമല എന്ന കഥാപാത്രത്തിന്റെ സ്വഭാവവും മാനസികാവസ്ഥയും ധ്വനിപ്പിക്കുന്ന വിധം സ്വഭാവികമായി ശബ്ദം പകര്‍ന്നു നല്‍കിയതിന്.

29. മികച്ച നൃത്തസംവിധാനം - 1. ബൃന്ദ, 2. പ്രസന്ന സുജിത്ത്

ചിത്രം - മരയ്ക്കാര്‍ : അറബിക്കടലിന്റെ സിംഹം

(25,000/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതം)

ഗാനത്തിന്റെ ഈണത്തിനും താളത്തിനും ഏറ്റവും അനുയോജ്യമായ ചുവടുകള്‍ ഒരുക്കിയ നൃത്തസംവിധാന മികവിന്.

30. ജനപ്രീതിയും കലാമേന്മയുമുള്ള - കുമ്പളങ്ങി നൈറ്റ്സ്

മികച്ച ചിത്രത്തിനുള്ള

പ്രത്യേക അവാര്‍ഡ്

നിര്‍മ്മാതാക്കള്‍ - 1. ഫഹദ് ഫാസില്‍, 2. നസ്രിയ നസിം, 3. ദിലീഷ് പോത്തന്‍, 4. ശ്യാം പുഷ്‌കരന്‍

സംവിധായകന്‍ - മധു സി. നാരായണന്‍

(നിര്‍മ്മാതാക്കള്‍ക്ക് 25,000/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതം,

സംവിധായകന് 1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)

കലാമൂല്യവും ജനപ്രിയ ഘടകങ്ങളും അതിവിദഗ്ധമായി സമന്വയിപ്പിച്ചുകൊണ്ട് ഒരു കായലോര ഗ്രാമത്തിലെ ശിഥിലമായ കുടുംബത്തിലെ സ്ത്രീപുരുഷ ബന്ധങ്ങളെ മനോഹരമായി ആവിഷ്‌കരിച്ച ചിത്രം.

31. മികച്ച നവാഗത സംവിധായകന്‍ - രതീഷ് പൊതുവാള്‍

ചിത്രം - ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഢലൃ. 5.25

(1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)

അവഗണിക്കപ്പെടുന്ന വാര്‍ദ്ധക്യത്തിന്റെ വേദനകളെയും യന്ത്രവല്‍ക്കരിക്കപ്പെട്ട ഡിജിറ്റല്‍ യുഗത്തിലെ സ്നേഹരഹിതമായ മനുഷ്യബന്ധങ്ങളെയും കൈയൊതുക്കത്തോടെ ആവിഷ്‌കരിച്ച സംവിധാന മികവിന്.

32. മികച്ച കുട്ടികളുടെ ചിത്രം - നാനി

നിര്‍മ്മാതാവ് - ഷാജി മാത്യു

സംവിധായകന്‍ - സംവിദ് ആനന്ദ്

(നിര്‍മ്മാതാവിന് 3,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും. സംവിധായകന് 1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)

നഗരകേന്ദ്രീകൃതമായി വളരുന്ന ബാല്യങ്ങള്‍ക്ക് ഒരു മികച്ച സന്ദേശം നല്‍കുന്ന കുട്ടികളുടെ ചിത്രം. നിഷ്‌കളങ്ക ബാല്യത്തിന്റെ കൗതുകങ്ങളും പ്രകൃതിയുമായുള്ള ബന്ധവും സമൂഹത്തില്‍ പതിയിരിക്കുന്ന അപകടങ്ങളും ഈ ചിത്രത്തിന്റെ പ്രമേയ തലത്തില്‍ കടന്നുവരുന്നു.

33. പ്രത്യേക ജൂറി അവാര്‍ഡ് - സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍

(വിഷ്വല്‍ എഫക്ട്സ്)

ചിത്രം - മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം

(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)

പ്രക്ഷുബ്ധമായ കടലിലെ യുദ്ധരംഗങ്ങളും കരയിലെ പോരാട്ടങ്ങളും യാഥാര്‍ത്ഥ്യ പ്രതീതി ജനിപ്പിക്കുന്ന വിധം സ്വാഭാവികതയോടെ ഒരുക്കിയ ദൃശ്യസാങ്കേതിക മികവിന്.

പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍

1. സംഗീത സംവിധാനം - ഡോ.വി.ദക്ഷിണാമൂര്‍ത്തി

സിനിമ - ശ്യാമരാഗം

(ശില്പവും പ്രശസ്തിപത്രവും)

സംഗീത പ്രധാന്യമുള്ള സിനിമയിലെ ക്ലാസിക്കല്‍ സ്പര്‍ശമുള്ള മനോഹര ഗാനങ്ങള്‍ ഒരുക്കിയ സംഗീത സംവിധാന മികവിന്.

2. അഭിനയം - നിവിന്‍ പോളി

സിനിമ - മൂത്തോന്‍

(ശില്പവും പ്രശസ്തിപത്രവും)

ലക്ഷദീപിലെ മതാത്മക ജീവിതത്തിന്റെയും മുംബൈ നഗരത്തിലെ അധോലോക ജീവിതത്തിന്റെയും ദ്വന്ദ്വഭാവങ്ങളെയും സംഘര്‍ഷഭരിതമായ പുരുഷകാമനകളെയും അയത്നലളിതമായി ആവിഷ്‌കരിച്ച അഭിനയമികവിന്.

3. അഭിനയം - അന്ന ബെന്‍

സിനിമ - ഹെലന്‍

(ശില്പവും പ്രശസ്തിപത്രവും)

മരണത്തെ മുഖാമുഖം കാണുന്ന പ്രതിസന്ധിഘട്ടത്തില്‍ അകപ്പെട്ട പെണ്‍കുട്ടി മനോബലം കൊണ്ടും സ്ഥിരോത്സാഹം കൊണ്ടും അതിജീവിക്കുന്നതിന്റെ തീക്ഷ്ണമായ ഭാവാവിഷ്‌കാരത്തിന്.

4. അഭിനയം - പ്രിയംവദ കൃഷ്ണന്‍

സിനിമ - തൊട്ടപ്പന്‍

(ശില്പവും പ്രശസ്തിപത്രവും)

കൊലയാളികളുടെയും മോഷ്ടാക്കളുടെയും ഇടയില്‍ ജീവിക്കേണ്ടി വരുന്ന ഒരു പെണ്‍കുട്ടിയുടെ ആത്മസംഘര്‍ഷങ്ങളുടെയും പ്രണയകാമനകളുടെയും തീവ്രമായ ഭാവാവിഷ്‌കാര മികവിന്.

രചനാ വിഭാഗം

1. മികച്ച ചലച്ചിത്ര ഗ്രന്ഥം - സിനിമാ സന്ദര്‍ഭങ്ങള്‍ : സിനിമാശാലയും കേരളീയ പൊതുമണ്ഡലവും

ഗ്രന്ഥകര്‍ത്താവ് - ഡോ. പി. കെ. രാജശേഖരന്‍

(രചയിതാവിന് 30,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)

സിനിമാ കൊട്ടകകളുടെ ഉയര്‍ച്ചയും വളര്‍ച്ചയുമായി ബന്ധപ്പെടുത്തി മലയാള സിനിമയുടെ ചരിത്രത്തെ നോക്കിക്കാണാനുള്ള കാമ്പുറ്റ ശ്രമം. ഏറെ ഗവേഷണ മൂല്യമുള്ള ഒരു കൃതി.

2. മികച്ച ചലച്ചിത്ര ലേഖനം - 1. മാടമ്പള്ളിയിലെ മനോരോഗി

2. കോമാളി മേല്‍ക്കൈ നേടുന്ന കാലം

ലേഖകന്‍ - ബിപിന്‍ ചന്ദ്രന്‍

(രചയിതാവിന് 20,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)

1. മന:ശാസ്ത്രപരമായ ഉള്‍ക്കാഴ്ചയോടുകൂടി 'മണിച്ചിത്രത്താഴി'ലെ സ്ത്രീ കഥാപാത്ര ചിത്രീകരണത്തെ വിലയിരുത്തുന്നു. ദീര്‍ഘമായ സൈദ്ധാന്തിക ചര്‍ച്ച.

2. ലോകസിനിമയുടെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മലയാള സിനിമയിലെ കോമാളിത്തം, ചിരി, ഭ്രാന്ത് എന്നിവ. അനേകം വാതായനങ്ങളുള്ള ഒരു വിഷയം.

പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍

1. ചലച്ചിത്ര ഗ്രന്ഥം - സിനിമ : മുഖവും മുഖംമൂടിയും

ഗ്രന്ഥകര്‍ത്താവ് - ഡോ. രാജേഷ് എം. ആര്‍.

(രചയിതാവിന് ശില്പവും പ്രശസ്തിപത്രവും)

സിനിമയുടെ ഭിന്നമുഖങ്ങള്‍ അടയാളപ്പെടുത്താനുള്ള ശ്രമം ഇതിലുണ്ട്. ചലച്ചിത്ര സൗന്ദര്യശാസ്ത്രത്തിന്റെയും സാമൂഹ്യശാസ്ത്രത്തിന്റെയും അംശങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

2. ചലച്ചിത്ര ലേഖനം - ജെല്ലിക്കെട്ടിന്റെ ചരിത്രപാഠങ്ങള്‍

ലേഖകര്‍ - 1. ഡോ. സെബാസ്റ്റ്യന്‍ ജോസഫ്

2. സുധി. സി. ജെ.

(രചയിതാവിന് ശില്പവും പ്രശസ്തിപത്രവും)

ചരിത്രാംശങ്ങളുമായി ചേര്‍ത്തുവെച്ച് 'ജെല്ലിക്കെട്ടി'നെ അപഗ്രഥിക്കുന്നു. നിരീക്ഷണത്തിലെ തനിമയും ആവിഷ്‌കരണത്തിലെ കെട്ടുറപ്പും ലേഖനത്തെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമാക്കി.

ജൂറി അംഗങ്ങള്‍

ചലച്ചിത്ര വിഭാഗം

1. ശ്രീ. മധു അമ്പാട്ട് - ജൂറി ചെയര്‍മാന്‍

2. ശ്രീ. സലിം അഹമ്മദ് - മെമ്പര്‍

3. ശ്രീ. എബ്രിഡ് ഷൈന്‍ - മെമ്പര്‍

4. ശ്രീ. വിപിന്‍ മോഹന്‍ - മെമ്പര്‍

5. ശ്രീ. എല്‍.ഭൂമിനാഥന്‍ - മെമ്പര്‍

6. ശ്രീ. രാധാകൃഷ്ണന്‍ എസ്. - മെമ്പര്‍

7. ശ്രീമതി. എന്‍. ലതിക - മെമ്പര്‍

8. ശ്രീമതി. ജോമോള്‍ - മെമ്പര്‍

9. ശ്രീ. ബെന്യാമിന്‍ - മെമ്പര്‍

10. ശ്രീ. സി. അജോയ് - മെമ്പര്‍ സെക്രട്ടറി

രചനാവിഭാഗം

1. ഡോ. വി. രാജകൃഷ്ണന്‍ - ജൂറി ചെയര്‍മാന്‍

2. ശ്രീ.പി.ജി.സദാനന്ദന്‍ - മെമ്പര്‍

3. ഡോ. ടി. അനിതാകുമാരി - മെമ്പര്‍

4. ശ്രീ. സി.അജോയ് - മെമ്പര്‍ സെക്രട്ടറി

ജൂറി നിര്‍ദ്ദേശങ്ങള്‍- ചലച്ചിത്ര വിഭാഗം

1. സമര്‍പ്പിക്കപ്പെടുന്ന ചിത്രങ്ങളുടെ എണ്ണം വര്‍ഷം തോറും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ റൂള്‍ (3)-ല്‍ നിര്‍ദ്ദേശിക്കുന്നതിന് വ്യത്യസ്തമായി അവസാന റൗണ്ടിലേക്ക് പരിഗണിക്കാവുന്ന പരമാവധി ചിത്രങ്ങളുടെ എണ്ണം 21 - എന്നത് മാറ്റി മൊത്തം ചിത്രങ്ങളുടെ 30 ശതമാനം എന്ന് ആക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു.

2. താഴെ പറയുന്ന വിഭാഗങ്ങളിലേക്ക് അവാര്‍ഡുകള്‍ നിര്‍ദ്ദേശിക്കുന്നു.

1. വിഎഫ്എക്‌സ്

2. ആക്ഷന്‍ ഡയറക്ടര്‍

3. ഡിബറ്റ് ആര്‍ട്ടിസ്റ്റ് (ആണ്‍-പെണ്‍)

4. ജനപ്രിയഗാനം

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജൂറി നിര്‍ദ്ദേശങ്ങള്‍- രചന വിഭാഗം

1. ജഡ്ജിംഗ് കമ്മിറ്റി പ്രത്യേകം നിര്‍ദ്ദേശിക്കുകയാണെങ്കില്‍ പ്രസ്തുത വര്‍ഷത്തിലെ മികവുറ്റ ഒരു ചലച്ചിത്ര ഗ്രന്ഥം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്താന്‍ ആവശ്യമായ സഹായം ചലച്ചിത്ര അക്കാദമി ചെയ്യേണ്ടതാണ്.

2. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച സിനിമാ പഠനഗ്രന്ഥത്തിന് ഒരു പ്രത്യേക പുരസ്‌കാരം ഏര്‍പ്പെടുത്താവുന്നതാണ്.

3. സിനിമാ നിരൂപകര്‍ക്ക് വേണ്ടി ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഒരു ത്രിദിന ശില്പശാല നടത്തുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാവുന്നതാണ്.

Related Stories

The Cue
www.thecue.in