എല്ലാ രീതിയിലും ഇല്ലാതാക്കി, കേരളത്തില്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോലും അനുവദിച്ചില്ല; 'ഡാം 999' സംവിധായകന്‍ സോഹന്‍ റോയ്

എല്ലാ രീതിയിലും ഇല്ലാതാക്കി, കേരളത്തില്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോലും അനുവദിച്ചില്ല; 'ഡാം 999' സംവിധായകന്‍ സോഹന്‍ റോയ്

ഡാം 999 എന്ന സിനിമ വീണ്ടും നിരോധിച്ച തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതികരണവുമായി സംവിധായകന്‍ സോഹന്‍ റോയ്. സാമൂഹിക പ്രതിബദ്ധതയോടെ ചെയ്ത ചിത്രത്തിന് കേരളത്തില്‍ നിന്നുള്‍പ്പടെ പിന്തുണ ലഭിച്ചില്ലെന്നും സോഹന്‍ റോയ് ദ ക്യുവിനോട് പറഞ്ഞു.

'ഈ ചിത്രം തമിഴ്‌നാട്ടില്‍ ഔദ്യോഗികമായി നിരോധിച്ചപ്പോള്‍ പലയിടത്തും അനൗദ്യോഗികമായി നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. കേരളത്തില്‍ പോലും ഒരു പോസ്റ്റര്‍ ഒട്ടിക്കാന്‍ അനുവദിച്ചിട്ടില്ല. നേരിട്ട് പോയി ചില തിയേറ്ററുകളെടുത്ത് സിനിമ കാണിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്കൊക്കെ കളക്ഷന്‍ ഫൈന്‍ അയി അടക്കാന്‍ നിര്‍ദേശം ലഭിച്ചു', സോഹന്‍ റോയ് പറഞ്ഞു.

ഡാം ദുരന്തം പശ്ചാത്തലമാക്കി 2011ല്‍ ഇറങ്ങിയ ചിത്രത്തിന്റെ കഥയ്ക്ക് മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി സാമ്യമുണ്ടെന്ന് ആരോപിച്ചായിരുന്നു തമിഴ്‌നാട് സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനത്തിന്റെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചതോടെയാണ് വീണ്ടും പുതുക്കിയത്.

സംവിധായകന്റെ വാക്കുകള്‍

'ഡാം 999ന്റെ നിരോധനത്തിന് ഒമ്പത് വര്‍ഷം തികയുകയാണ്. തമിഴ്‌നാട് വീണ്ടും നിരോധനം പുതുക്കിയിരിക്കുന്നു. ഇനി എന്ന് നിരോധനം മാറ്റുമെന്ന് ആര്‍ക്കും അറിയില്ല. ഈ സിനിമയുടെ മരണം എന്നോ നിശ്ചയിക്കപ്പെട്ട് കഴിഞ്ഞതാണ്. ഇത് ഇന്ത്യയിലെ ഒരു സാറ്റലൈറ്റ് ചാനലുകള്‍ വഴി വരാനും സാധ്യതയില്ല. ചിത്രത്തിനെതിരെ എല്ലാ രീതിയിലുള്ള എതിര്‍പ്പുകളുമുണ്ടായിരുന്നു. ചിത്രം നിരോധിക്കുന്നതിനായാണ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ വരെ ശ്രമിച്ചത്. അവസാനം സുപ്രീംകോടതി ഇടപെട്ടാണ് സെന്‍സര്‍ഷിപ്പ് പാസാക്കിയത്.

ഇന്ത്യ കണ്ട ഏറ്റവും വലിയ റിലീസിന് തയ്യാറെടുത്ത ചിത്രമായിരുന്നു ഡാം 999. അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുക്കിയത്. ഇന്ത്യയില്‍ ആദ്യമായായിരുന്നു അത്. അതിന് ശേഷം വന്ന ബാഹുബലി പോലും നാല് ഭാഷകളിലാണ് വന്നത്. അത്രയും തയ്യാറെടുപ്പുകള്‍ നടത്തിയതാണ്.

ചിത്രം ഒരുപാട് സാമ്പത്തിക ബാധ്യതകളുമുണ്ടാക്കിയിരുന്നു. എന്റെ 16 വര്‍ഷത്തെ സമ്പാദ്യമാണ് ആ ചിത്രത്തിന് വേണ്ടി ചെലവഴിച്ചത്. നാല് വര്‍ഷത്തെ അധ്വാനവും ചിത്രത്തിന് പിന്നിലുണ്ടായിരുന്നു. അതെല്ലാം നഷ്ടപ്പെട്ടു.

ഈ ചിത്രം ജനങ്ങളിലേക്കെത്താത്തതില്‍ വിഷമമുണ്ട്. സമ്പത്തൊക്കെ പിന്നീടായാലും ഉണ്ടാക്കിയെടുക്കാം പക്ഷെ അന്നുണ്ടായ മാനസിക സമ്മര്‍ദ്ദം വളരെ വലുതായിരുന്നു. ഈ സിനിമ എനിക്കൊരു മേല്‍വിലാസമുണ്ടാക്കി തന്നു എന്നത് സന്തോഷമുള്ള കാര്യമാണ്. 130ഓളം ഫിലിം ഫെസ്റ്റിവലുകളില്‍ പങ്കെടുക്കാന്‍ സാധിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്നെങ്കിലും ചിത്രം പ്രദര്‍ശനത്തിന് വരും, എന്നെങ്കിലും ഇന്ത്യയിലെ ഒരു സാറ്റലൈറ്റ് ചാനല്‍ ചിത്രത്തിന്റെ റൈറ്റ്‌സ് എടുക്കും എന്നതാണ് ഇപ്പോഴും പ്രതീക്ഷ. മലയാളത്തില്‍ ഇത്രയധികം ചാനലുകളുണ്ടായിട്ടും, സാമൂഹിക പ്രതിബദ്ധതയോടെ ചെയ്ത ഈ ചിത്രം ആരും എടുത്തില്ല. പിന്നീട് വന്ന ഫ്‌ളവേഴ്‌സ് ചാനല്‍ രണ്ട് തവണ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഈ ചിത്രത്തെ മലയാളത്തിലെ ചാനലുകള്‍ പിന്തുണച്ചില്ലെങ്കില്‍ പിന്നെ ഏത് ചിത്രത്തെയാണ് അവര്‍ പിന്തുണക്കുക എന്ന് അവരാണ് ആലോചിക്കേണ്ടത്.

എല്ലാ രീതിയിലും ഈ ചിത്രത്തെ ഇല്ലാതാക്കിയതാണ്. അതില്‍ വേദനയുണ്ട്, എങ്കിലും എന്നെങ്കിലും മോക്ഷം ലഭിക്കും എന്നുള്ള പ്രതീക്ഷയിലാണ് താനും ഈ ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരുമെന്ന് സോഹന്‍ റോയ് ദ ക്യുവിനോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in