വിനയന്റെ വിലക്ക് നീക്കിയതല്ല ഫെഫ്ക ചോദ്യം ചെയ്തതെന്ന് ബി ഉണ്ണികൃഷ്ണന്‍, ട്രേഡ് യൂണിയന്‍ കോംപറ്റീഷന്‍ കമ്മീഷന്റെ പരിധിയില്‍ വരുമോ എന്നത്

വിനയന്റെ വിലക്ക് നീക്കിയതല്ല ഫെഫ്ക ചോദ്യം ചെയ്തതെന്ന് ബി ഉണ്ണികൃഷ്ണന്‍, ട്രേഡ് യൂണിയന്‍ കോംപറ്റീഷന്‍ കമ്മീഷന്റെ പരിധിയില്‍ വരുമോ എന്നത്

കോംപറ്റീഷന്‍ കമ്മിഷന്റെ വിധിക്കെതിരെ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക സുപ്രീംകോടതിയെ സമീപിച്ചത്, വിനയനെതിരെയുള്ള വിലക്ക് നീട്ടാനാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. ട്രേഡ് യൂണിയനുകള്‍ കോംപറ്റീഷന്‍ കമ്മീഷന്റെ പരിധിയില്‍ വരുമോ എന്ന ചോദ്യമാണ് അപ്പീലിന്റെ രൂപത്തില്‍ ഫെഫ്ക കോടതിയില്‍ ഉന്നയിച്ചതെന്നും ബി ഉണ്ണികൃഷ്ണന്‍ ദ ക്യുവിനോട് പറഞ്ഞു.

ട്രേഡ് യൂണിയന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു തൊഴിലാളി സംഘടനയാണ് ഫെഫ്ക. അതുകൊണ്ട് തന്നെ ഫെഫ്കയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് ട്രേഡ് യൂണിയന്‍ ആക്ടിന്റെ പരിധിയില്‍ വരുന്ന ലേബര്‍ കോടതിയോ ലേബര്‍ കമ്മീഷനോ സിവില്‍ കോടതികളോ ആണ്.

ഒരു ചരക്കിന്റെ ഉല്‍പാദനത്തിലും വിതരണത്തിലും കുത്തകവല്‍ക്കരണം തടയുക എന്ന ലക്ഷ്യത്തില്‍ മുതലാളിമാര്‍ തമ്മിലുള്ള കിടമല്‍സരം തടയുക എന്ന ലക്ഷ്യത്തിലാണ് കോംപറ്റീഷന്‍ ആക്ട് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു തൊഴിലാളി സംഘടനയെ കോംപറ്റീഷന്‍ കമ്മീഷന്റെ പരിധിയില്‍ കൊണ്ടുവരുക എന്ന് പറയുന്നത് തൊഴിലാളികളുടെ അവകാശങ്ങളെ ഒരു ചരക്കായി കാണുന്നതിന് തുല്യമാണ്. അത് നിയമപരമായി നിലനില്‍ക്കില്ലെന്നായിരുന്നു ഫെഫ്കയുടെ വാദം. എന്നാല്‍ ഇത് കോംപറ്റീഷന്‍ കമ്മീഷന്‍ അംഗീകരിച്ചില്ല. ട്രേഡ് യൂണിയനുകളും തങ്ങളുടെ നിയമനിര്‍വഹണ പരിധിയില്‍ വരും എന്നായിരുന്നു അവര്‍ പറഞ്ഞത്.

ഈ ഉത്തരവിനെ അംഗീകരിച്ചാല്‍, നാളെ ഏത് തൊഴില്‍ സമരവും, തൊഴിലാളി യൂണിയനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുമായി ഒരാള്‍ക്ക് ലേബര്‍ കോടതികളെ ഒഴിവാക്കി കോംപറ്റീഷന്‍ കോടതികളിലേക്ക് പോകാന്‍ സാധിക്കും. കളക്ടീവ് ബാര്‍ഗെയിനിങ് എന്ന് പറയുന്നത് നിയമവിരുദ്ധമായി മാറും. ഈ ഉത്തരവിനെയാണ് അപ്പീലിന്റെ രൂപത്തില്‍ ഫെഫ്ക സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തത്.

ട്രേഡ് യൂണിയനുകള്‍ കോംപറ്റീഷന്‍ കമ്മീഷന്റെ പരിധിയില്‍ വരുമോ എന്നതായിരുന്നു അപ്പീല്‍. അല്ലാതെ വിനയനെ വിലക്കുക എന്നുള്ളതായിരുന്നില്ല.

ബി ഉണ്ണികൃഷ്ണന്‍

ഇത്തരം വിശാലമായ പ്രശ്‌നങ്ങള്‍ പ്രത്യേക കേസായി വന്നാലേ പരിഗണിക്കാനാകൂ എന്ന സാങ്കേതികത്വമാണ് അപ്പീല്‍ പരിഗണിക്കവെ കോടതി വ്യക്തമാക്കിയത്. അപ്പീല്‍ തള്ളിയ കോടതി, വിഷയം വേറെ ഒരു കേസായി ഉന്നയിക്കാമെന്നും വ്യക്തമാക്കി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തൊഴിലാളി സംഘടനകളുടെ നിലനില്‍പ്പാണ് ഈ കേസിനാധാരം. മറ്റ് തൊഴിലാളി സംഘടനകളുമായി സംസാരിച്ച്, അത് പ്രത്യേക നിയമപ്രശ്‌നമായി തന്നെ ഉന്നതതലത്തില്‍ ഉന്നയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സിഐടിയു, എഐടിയുസി, ബിഎംഎസ് തുടങ്ങിയ സംഘടനകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നുവെന്നും ബി ഉണ്ണികൃഷ്ണന്‍ ദ ക്യു'വിനോട് വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in