അന്ന് ഓണം റിലീസായി മമ്മൂട്ടിയുടെ ആറ് സിനിമകള്‍, 'ആവനാഴി' സൂപ്പര്‍ഹിറ്റായപ്പോള്‍ സംഭവിച്ച കന്നിപരാജയം; സ്വര്‍ഗചിത്ര അപ്പച്ചന്‍ പറയുന്നു

അന്ന് ഓണം റിലീസായി മമ്മൂട്ടിയുടെ ആറ് സിനിമകള്‍, 'ആവനാഴി' സൂപ്പര്‍ഹിറ്റായപ്പോള്‍ സംഭവിച്ച കന്നിപരാജയം; സ്വര്‍ഗചിത്ര അപ്പച്ചന്‍ പറയുന്നു

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് കുറ്റാന്വേഷണ സീരീസായ സിബിഐ അഞ്ചാം ഭാഗമാണ് മമ്മൂട്ടി അടുത്തതായി ചെയ്യാനിരിക്കുന്ന സിനിമ. സ്വര്‍ഗചിത്ര അപ്പച്ചനാണ്
സിബിഐ ഫൈവിന്റെ നിര്‍മ്മാതാവ്. 14 വര്‍ഷങ്ങള്‍ക്ക് ശേഷം സേതുരാമയ്യര്‍ സിബിഐ തിരിച്ചെത്തുമ്പോള്‍ ഇതുവരെ കാണാത്ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ പ്രതീക്ഷിക്കാമെന്ന് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി നേരത്തെ പറഞ്ഞിരുന്നു. മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യണമെന്ന ആഗ്രഹവുമായി സിനിമയിലെത്തിയ ആളാണ് താനെന്ന് സ്വര്‍ഗചിത്ര അപ്പച്ചന്‍ പറയുന്നു. പൂവിന് പുതിയ പൂന്തെന്നല്‍ ആയിരുന്നു ആദ്യ സിനിമ. മെഗാ വിഷസ് ടു മെഗാസ്റ്റാര്‍ എന്ന വീഡിയോ പ്രോഗ്രാമിലാണ് അപ്പച്ചന്‍ ഇക്കാര്യം പറയുന്നത്.

പാച്ചി, അപ്പച്ചന് വേണ്ടി അടുത്ത ഓണത്തിന് നമ്മുക്കൊരു സിനിമ ചെയ്യണം

മലയാളത്തില്‍ മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ നിര്‍മ്മിക്കണമെന്ന ആഗ്രഹത്തില്‍ നിന്നാണ് തന്റെ തുടക്കമെന്ന് അപ്പച്ചന്‍. ആദ്യ ചിത്രത്തില്‍ അത് സാധിക്കാതെ പോയതും പിന്നീട് മമ്മൂട്ടി താനുമായി ഒരു സിനിമചെയ്യാമെന്ന ആഗ്രഹം അറിയിച്ചതുമെല്ലാം അദ്ദേഹം ഓര്‍ത്തെടുക്കുന്നു. മമ്മൂട്ടി എന്ന നടനോടുളള സ്‌നേഹവും സിബിഐ അഞ്ചാം ഭാഗത്തിലേയ്ക്ക് തന്നെ ക്ഷണിച്ചതിനെ കുറിച്ചും അദ്ദേഹം പറയുന്നത് ഇങ്ങനെ.

35 വര്‍ഷത്തെ സൗഹൃദമാണ് ഞാനും മമ്മൂക്കയും തമ്മില്‍. 1985ല്‍ 'വാര്‍ത്ത'യുടെ സെറ്റില്‍ വെച്ചാണ് മമ്മൂക്കയെ ആദ്യമായി പരിചയപ്പെടുന്നത്. സിനിമ നിര്‍മ്മിക്കണമെന്ന ആഗ്രഹം തോന്നിയപ്പോള്‍ ആദ്യം എന്റെ മനസില്‍ വന്ന നായകനാണ് മമ്മൂക്ക. ഒരു സിനിമയേ നിര്‍മ്മിക്കാന്‍ സാധിക്കുന്നുള്ളു എങ്കിലും അത് മമ്മൂക്കയെ വെച്ച് ചെയ്യണമെന്ന ഒരാഗ്രഹം അന്ന് മനസില്‍ തോന്നി. പക്ഷെ ആദ്യ സിനിമ മമ്മൂക്കയോടൊപ്പം ആയിരുന്നില്ല. പിന്നീട് 'പൂവിന്നു പുതിയ പൂന്തെന്നല്‍' ചെയ്തു. അത് വിജയിച്ചതുമില്ല. കാരണം സിനിമ മോശമായതുകൊണ്ടല്ല, 1986 സെപ്റ്റംബര്‍ 12നായിരുന്നു ആ റിലീസ്, ആ ഓണത്തിന് മമ്മൂക്കയുടെ ആറ് സിനിമകളാണ് തീയറ്ററില്‍. ആ സമയത്താണ് എന്റെ സിനിമ. 'ആവനാഴി' ആയിരുന്നു ഒപ്പമുണ്ടായിരുന്ന ഒരു ചിത്രം. അത് സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്. ആ സിനിമയില്‍ എനിക്ക് സാമ്പത്തിക നഷ്ടം വന്നു. രണ്ടാമതൊരു സിനിമ നിര്‍മ്മിക്കാനുളള സാമ്പത്തിക ശേഷിയെ പറ്റി ആലോചിച്ചിരിക്കുമ്പോഴാണ് മമ്മൂക്ക തന്നെ താല്‍പര്യമെടുത്ത്, ഫാസില്‍ സാറിന്റെ അടുത്ത് ചെന്ന് പറയുന്നത്, 'അപ്പച്ചന്റെ ഒരു സിനിമ കൂടി നമുക്ക് ചെയ്യണം പാച്ചി അടുത്ത ഓണത്തിന്, അപ്പച്ചന്റെ സിനിമ നന്നായി പോയില്ലാന്ന് എനിക്ക് മനസിലായി, അയാള് മലയാളസിനിമയില്‍ നില്‍ക്കണ്ട പ്രൊഡ്യൂസറാണ്'. ആ വാചകമാണ് മമ്മൂക്ക ഫാസിലിനോട് പറഞ്ഞത്. അങ്ങനെ അവര്‍ രണ്ടുപേരും കൂടി തൂരുമാനിച്ചാണ് 1987 ഓണത്തിന് 'മണിവത്തൂരിലെ അയിരം ശിവരാത്രികള്‍' എന്ന സിനിമ വരുന്നത്.

ആ സിനിമ വിജയമായിരുന്നു. പിന്നീട് ഒരുപാട് സിനിമകള്‍ അദ്ദേഹത്തെ വെച്ച് ചെയ്യാന്‍ സാധിച്ചു. അവസാനം അദ്ദേഹത്തിനൊപ്പം ചെയ്ത സിനിമ 'വേഷ'മാണ്. 'വേഷ'ത്തിന് ശേഷം മലയാളത്തില്‍ പിന്നീടൊരു സിനിമ ചെയ്യാന്‍ പറ്റിയിട്ടില്ല. ആഗ്രഹമുണ്ടെങ്കിലും മറ്റു പല കാരണങ്ങള്‍ കൊണ്ടും അത് നീണ്ടു നീണ്ടുപോയി. പിന്നീട് എസ് എന്‍ സ്വാമി സിബിഐ യുടെ അഞ്ചാം ഭാഗവുമായിട്ട് മമ്മൂക്കയുടെ അടുത്ത് ചെന്നപ്പോള്‍ സ്വാമിയോട് മമ്മൂക്ക ആദ്യം പറഞ്ഞത് 'അപ്പച്ചന്‍ അത് പ്രൊഡ്യൂസ് ചെയ്യട്ടെ, അയാളെക്കൊണ്ട് നമുക്കൊരു സിനിമ എടുപ്പിക്കണം' എന്നാണ്. പിന്നീട് സ്വാമിയുടെ ഫോണില്‍ നിന്ന് മമ്മൂക്ക എന്നെ വിളിച്ചു. സിനിമ ചെയ്യാമെന്ന് ഞാന്‍ സന്തോഷത്തോടെ പറഞ്ഞു. ഏകദേശം നാല് വര്‍ഷമായി ഈ സംസാരം നടന്നിട്ട്. ഇപ്പോള്‍ തിരക്കഥ തയ്യാറായിട്ടുണ്ട്. കോവിഡ് കഴിഞ്ഞാല്‍ മമ്മൂക്ക സിബിഐ അഞ്ചാം ഭാഗത്തില്‍ ഞങ്ങളോടൊപ്പം ജോയില്‍ ചെയ്യുമെന്നാണ് പറഞ്ഞിട്ടുളളത്. അത് നടക്കുന്ന ദിവസം കാത്തിരിക്കുകയാണ്. നല്ലൊരു സിനിമ ആവട്ടെ എന്ന് ആഗ്രഹിക്കുന്നു.

സിബിഐ അഞ്ചാം ഭാഗം പുറത്തിറങ്ങുമ്പോള്‍ അതിനേക്കാള്‍ പുതിയ ഒരു സംഭവം മലയാളത്തില്‍ ഉണ്ടാവില്ലെന്ന് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി 'ദ ക്യൂ'വിനോട് മുമ്പ് പറഞ്ഞിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തിരക്കഥ ആരംഭിച്ചതാണ്, മിക്കവാറും പഴയ ടീമിലുള്ളവര്‍ ചിത്രത്തോടൊപ്പം ഉണ്ടാകുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് 1988ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പിലെ സേതുരാമയ്യര്‍. കെ മധു സംവിധാനം ചെയ്ത ചിത്രത്തിന്റെ മൂന്ന് ഭാഗങ്ങള്‍ കൂടി പിന്നീട് ഇറങ്ങിയിരുന്നു. ജാഗ്രത (1989), സേതുരാമയ്യര്‍ സിബിഐ (2004), നേരറിയാന്‍ സിബിഐ (2005) തുടങ്ങിയവാണ് തുടര്‍ചിത്രങ്ങളായി എത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in