'സീ യു സൂണിലേയ്ക്ക് വിളിക്കുന്നത് ഫഹദ്'; ദർശന രാജേന്ദ്രൻ അഭിമുഖം
Film News

'സീ യു സൂണിലേയ്ക്ക് വിളിക്കുന്നത് ഫഹദ്'; ദർശന രാജേന്ദ്രൻ അഭിമുഖം

Sulthana Salim

'സീ യു സൂണി'ലേയ്ക്ക് താൻ എത്തുന്നത് ഫഹദിലൂടെയാണെന്ന് ദർശന രാജേന്ദ്രൻ. 2014 മുതൽ സിനിമകൾ ചെയ്തു തുടങ്ങിയ ദർശന പ്രേക്ഷകശ്രദ്ധ നേടുന്നത് ആഷിക് അബു സംവിധാനം ചെയ്ത 'മായാനദി'യിലെ സപ്പോർട്ടിങ് റോളിലൂടെയാണ്. പിന്നീട് 'വൈറസ്' എന്ന ചിത്രത്തിലും അഞ്ചലി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. 'സീ യു സൂണി'ലൂടെയാണ് ആദ്യമായി മുഴുനീള കഥാപാത്രമായി ദർശന എത്തുന്നത്. ചിത്രത്തിലെ അനു സെബാസ്റ്റ്യൻ എന്ന കഥാപാത്രം ട്രെയ്ലർ മുതൽക്കേ ശ്രദ്ധ നേടിയിരുന്നു. സിനിമയുടെ റിലീസിന് ശേഷം ഫഹദിന്റേയും റോഷന്റേയും കഥാപാത്രങ്ങൾക്കൊപ്പം പ്രശംസിക്കപ്പെട്ടു ദർശനയുടെ അനു സെബ്സ്റ്റ്യനും.

ദർശന 'ദ ക്യു'വിന് നൽകിയ അഭിമുഖത്തിൽ നിന്ന്,

ഫഹദ് ആണ് എന്നെ 'സീ യു സൂണി'ലേയ്ക്ക് വിളിക്കുന്നത്. 'ഇങ്ങനെ ഒരു സം​ഗതി പ്ലാൻ ചെയ്യുന്നുണ്ട്, എന്തായിരിക്കും എവിടെ ആയിരിക്കും എന്നൊന്നും അറിയില്ല. നമ്മളെല്ലാരും ഒരുമിച്ച് ഫി​ഗർഔട്ട് ചെയ്യുന്ന ഒരു സംഭവം ആയിരിക്കും. നിനക്ക് താൽപര്യമുണ്ടെങ്കിൽ നമുക്ക് സ്ക്രിപ്റ്റ് കേൾക്കാം', എന്നായിരുന്നു പറഞ്ഞത്. എനിക്ക് നല്ല താൽപര്യമായിരുന്നു. പിന്നെ സ്ക്രിപ്റ്റ് കേട്ടു, പെട്ടെന്ന് തന്നെ ഷൂട്ടും തുടങ്ങി. റിലീസിന് കുറച്ചു ദിവസം മുന്നേ ഞങ്ങൾ എല്ലാരും ഒരുമിച്ചിരുന്ന് സിനിമ കണ്ടിരുന്നു. കഴിഞ്ഞ ഉടനെ ഫഹദ് എഴുന്നേറ്റ് ചുറ്റും ഞങ്ങൾ എല്ലാവരേയും ചിരിച്ചുകൊണ്ട് ഒന്ന് നോക്കി. എന്തായി എന്നുള്ള രീതിയിൽ. മാത്രമല്ല ആദ്യ എഡിറ്റിന് ശേഷം ഫഹദ് എനിക്ക് മെസേജ് അയച്ചിരുന്നു. ഒരുപാട് സന്തോഷം തോന്നിയ സമയമാണത്.

ഫഹദ് ഫാസിൽ, റോഷൻ മാത്യു, ദർശനാ രാജേന്ദ്രൻ എന്നിവർക്ക് പുറമെ സൈജു കുറുപ്പ്, മാലാപാർവതി എന്നിവരും ചിത്രത്തിലുണ്ട്. ഗോപിസുന്ദറിന്റെ പശ്ചാത്തലസം​ഗീതവും സബിൻ ഉരാളിക്കണ്ടിയുടെ ക്യാമറയും മികച്ചു നിൽക്കുന്നു. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സിന്റെ ബാനറിൽ ഫഹദാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. രാജീവ് രവി സംവിധാനം ചെയ്ത് നിവിൻ പോളി നായകനാകുന്ന 'തുറമുഖം', വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് നായകനാകുന്ന 'ഹൃദയം', റോഷനൊപ്പം ദർശന വീണ്ടുമൊന്നിക്കുന്ന 'പെണ്ണും ചെറുക്കനും' എന്നിവയാണ് ദർശനയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.

The Cue
www.thecue.in