എമ്പുരാന്‍ ചിത്രീകരണം വൈകില്ല, പണിപ്പുരയിലാണെന്ന് ആന്റണി പെരുമ്പാവൂര്‍

എമ്പുരാന്‍ ചിത്രീകരണം വൈകില്ല, പണിപ്പുരയിലാണെന്ന് ആന്റണി പെരുമ്പാവൂര്‍

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ താമസമില്ലാതെ തന്നെ ചിത്രീകരണം ആരംഭിക്കുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. പൃഥ്വിരാജും മുരളി ഗോപിയും ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികളിലാണെന്നും ഒരു അഭിമുഖത്തില്‍ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

ഈ മാസം പകുതിയോടെ ആരംഭിക്കുന്ന ദൃശ്യം 2 ന്റെ ചിത്രീകരണം, കര്‍ശനമായ മുന്‍കരുതലുകള്‍ പാലിച്ചായിരിക്കുമെന്നും നിര്‍മ്മാതാവ്. കൊവിഡ് സാഹചര്യം മാറിയില്ലെങ്കില്‍ പ്രയദര്‍ശന്റെ മരക്കാര്‍ അറബിക്കടലിന്റെ സിഹം എന്ന ചിത്രത്തിന് മുമ്പ് ദൃശ്യം 2 ആകും റിലീസ് ചെയ്യുകയെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

ആന്റണി പെരുമ്പാവൂരിന്റെ വാക്കുകള്‍:

'ദൃശ്യം 2 സെപ്റ്റംബര്‍ 14ന് ചിത്രീകരണം ആരംഭിക്കും. എറണാകുളത്തും തൊടുപുഴയിലുമായാകും ചിത്രീകരണം. കൊവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ മുന്‍കരുതലുകളോടെയാണ് ചിത്രീകരണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഭാഗമാകുന്ന എല്ലാവരിലും കൊവിഡ് പരിശോധന നടത്തും. ഒരു ഹോട്ടലിലാകും എല്ലാവരെയും താമസിപ്പിക്കുക.

കൊവിഡ് സിനിമാ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. കുഞ്ഞാലിമരക്കാര്‍ മാര്‍ച്ച് 26ന് റിലീസ് തീരുമാനിച്ചിരുന്നതാണ്. അതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ലോക്ക് ഡൗണ്‍ വന്നത്. കേരളത്തില്‍ രാത്രി 12 മണിക്ക് 300ല്‍ അധികം തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരുന്ന സിനിയമാണ് അത്. അങ്ങനെ ഒരു സാഹചര്യം ഇനി എപ്പോള്‍ ഉണ്ടാകുമെന്ന് അറിയില്ല. അതിന്റെയൊക്കെ ഒരു സങ്കടമുണ്ട്.

കൊവിഡിന്റെ സാഹചര്യമൊക്കെ മാറി, ആളുകള്‍ തിയേറ്ററില്‍ എത്തി തുടങ്ങിയതിന് ശേഷം മാത്രമേ കുഞ്ഞാലി മരക്കാര്‍ റിലീസ് ഉണ്ടാകൂ. കൊവിഡ് നീണ്ടു പോയാല്‍ ദൃശ്യം 2 ആകും ആദ്യം റിലീസ് ചെയ്യുക.

മോഹന്‍ലാലിനെ പ്രധാനകഥാപാത്രമാക്കി ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന റാം എന്ന സിനിമയുടെ ചിത്രീകരണം ലണ്ടനില്‍ ഫെബ്രുവരിയില്‍ ആരംഭിക്കും.

ലൂസിഫറില്‍ പൃഥ്വിരാജ് സംവിധായകനായെത്തിയത് വളരെ യാദൃശ്ചികമായാണ്. വളരെ നാളുകള്‍ക്ക് മുമ്പ് തന്നെ മുരളി ഗോപിയുമായി സിനിമയുടെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഹൈദരാബാദിലെ ഒരു ഷൂട്ടിങ് സൈറ്റിലെ സംസാരത്തിനിടെ മുരളീ ഗോപി ലൂസിഫറിന്റെ കഥയെ പറ്റി പൃഥ്വിരാജിനോട് പറയുകയും, ഇത് കേട്ട പൃഥ്വി സംവിധാനം ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയുമായിരുന്നു.

പൃഥ്വിരാജ് ആ സിനിമ കമ്മിറ്റ് ചെയ്ത സമയം മുതല്‍, അതിന്റെ പ്രമോഷന്‍ കഴിയുന്നത് വരെ കാണിച്ച ആത്മാര്‍ത്തത വളരെ വലുതാണ്. ഒരുപാട് സംവിധാകരോടൊപ്പം സിനിമ ചെയ്തിട്ടുണ്ട്. പെട്ടെന്ന് അത്ഭുതം തോന്നുന്ന നിമിഷങ്ങള്‍ പൃഥ്വിരാജ് സമ്മാനിച്ചിട്ടുണ്ട്. സിനിമയുടെ മുഴുവന്‍ സംഭാഷണങ്ങളും അദ്ദേഹത്തിന് കാണാപാഠമായിരുന്നു.

ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ പണിപ്പുരയിലാണ്. പൃഥ്വിരാജും മുരളി ഗോപിയുമൊക്കെ ചിത്രവുമായി ബന്ധപ്പെട്ട ജോലികളിലാണ്, അതിന്റെ ധാരണയായിട്ടുണ്ട്. വലിയ താമസമില്ലാതെ തന്നെ ചിത്രീകരണം തുടങ്ങും. ലൂസിഫര്‍ പോലുള്ള ചിത്രങ്ങളുടെ വിജയമാണ് വീണ്ടും ഇതുപോലുള്ള ചിത്രങ്ങള്‍ ചെയ്യാന്‍ ധൈര്യം തരുന്നത്.

ആദ്യ ഭാഗത്തില്‍ നിന്നും വളരെ വ്യത്യസ്തമായിരിക്കും ദൃശ്യത്തിന്റെ രണ്ടാം ഭാഗമെന്നും നിര്‍മ്മാതാവ് പറയുന്നു. 'ദൃശ്യം 2-നെ കുറിച്ച് എല്ലാവരും ഒരു കഥ മനസില്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ ദൃശ്യം 2 അവര്‍ ഉദ്ദേശിക്കുന്ന സിനിമയായിരിക്കില്ല. ആരും ചിന്തിക്കാത്ത തരത്തിലുള്ള ഒരു കാര്യം ആ സിനിമയിലുണ്ടെങ്കിലേ അത് ചെയ്തിട്ട് കാര്യമുള്ളൂ, എന്നും സെക്കന്റ് പാര്‍ട്ടുകള്‍ വളരെ സൂക്ഷിച്ച് മാത്രമേ എടുക്കാന്‍ പാടുള്ളൂ. അതുകൊണ്ട് കഥയില്‍ വളരെ അതികം ജോലികള്‍ ചെയ്തിട്ടാണ് ജീത്തു ജോസഫ് അത് ചെയ്യുന്നത്.

മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്യുന്ന ബാറോസ് എന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളെല്ലാം കഴിഞ്ഞു, ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കാമെന്നാണ് വിചാരിക്കുന്നത്. ഫുള്‍ ത്രിഡി ആയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാധാരണ സിനിമ ചെയ്യുന്നത് പോലെയല്ല ചിത്രീകരണം, ഒരുപാട് വ്യത്യാസമുണ്ട്. സിനിമ എത്ര ദൈര്‍ഘ്യമുണ്ട് എന്ന് വരെ തീരുമാനിച്ചിട്ടാണ് ചിത്രീകരണം ആരംഭിക്കുന്നത്. ടെക്‌നീഷ്യന്‍സുള്‍പ്പടെ പുറത്ത് നിന്ന് നിരവധി പേര്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്', ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എമ്പുരാന്‍ ചിത്രീകരണം വൈകില്ല, പണിപ്പുരയിലാണെന്ന് ആന്റണി പെരുമ്പാവൂര്‍
മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍; ഈ പടം അടുത്ത പടത്തിനാണോ?

Related Stories

No stories found.
logo
The Cue
www.thecue.in