'സൂര്യയുടെ തീരുമാനം സ്വാഗതാർഹം', 'സൂരരൈ പോട്ര്' ഒടിടി റിലീസിനെതിരെ ഉയരുന്ന പ്രതിഷേദങ്ങളോട് ഭാരതിരാജ

'സൂര്യയുടെ തീരുമാനം സ്വാഗതാർഹം', 'സൂരരൈ പോട്ര്' ഒടിടി റിലീസിനെതിരെ ഉയരുന്ന പ്രതിഷേദങ്ങളോട് ഭാരതിരാജ

ബി​ഗ് ബജറ്റ് ചിത്രം 'സൂരരൈ പോട്ര്' ഒടിടി റിലീസ് ചെയ്യാനുളള നടൻ സൂര്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് സംവിധായകൻ ഭാരതിരാജ. ഒടിടി പ്ലാറ്റ്ഫോമുകൾക്കെതിരെ തമിഴ് ഇന്റസ്ട്രിക്കുള്ളിൽ നിലനിൽക്കുന്ന പ്രശ്നം നടനും നിർമ്മാതാവുമായ സൂര്യയ്‌ക്കുനേരെ വഴിതിരിച്ചുവിടുന്നത് ഖേദകരമാണെന്ന് ഭാരതിരാജ പറയുന്നു. സിനിമയിൽ നിന്ന് സമ്പാദിച്ച പണം തിരികെ സിനിമയിലേയ്ക്ക് തന്നെ നിക്ഷേപിക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ് സൂര്യ, ഇപ്പോൾ നടക്കുന്ന വിവാ​ദങ്ങൾക്ക് പിന്നിലെ രാഷ്ട്രീയം എന്താണെന്ന് നിങ്ങൾക്കും എനിക്കും ഒരുപോലെ അറിയാമെന്നും ഭാരതിരാജ പറയുന്നു. ട്വിറ്ററിൽ പങ്കുവെച്ച കത്തിലൂടെ ആയിരുന്നു പ്രതികരണം.

ഒടിടി റിലീസ് തിരഞ്ഞെടുക്കാൻ നിർമ്മാതാക്കൾ നിർബന്ധിതരായതിന്റെ കാരണങ്ങളും അദ്ദേഹം കത്തിൽ പറയുന്നുണ്ട്. 'കൊവിഡ് സാഹചര്യം കണക്കിലെടുക്കുമ്പോൾ തിയറ്ററുകളിലെ ടിക്കറ്റ് വില, വിപിഎഫ് (വിർച്വൽ പ്രിന്റ് ഫീ), സമീപഭാവിയിൽ തീയറ്ററുകളിൽ നിന്ന് ലഭിക്കുന്ന വരുമാനം എന്നിവയുമായി ബന്ധപ്പെട്ടും ചില പ്രശ്നങ്ങൾ നിലവിലുണ്ട്. സിനിമാ തിയറ്ററുകൾ വീണ്ടും തുറക്കാൻ മുഖ്യമന്ത്രി അനുവദിക്കുമ്പോഴും എത്ര ആഴ്ചയോളം ഒരു സിനിമ തീയറ്ററിൽ പ്രദർശിപ്പിക്കാൻ സാധിക്കും? നല്ല സിനിമകൾക്ക് തീയറ്ററുകൾ ലഭിക്കാൻ എപ്പോഴും പ്രയാസമാണ്, അവയൊക്കെ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ തീയറ്ററുകളിൽ നിന്നും നീക്കം ചെയ്യപ്പെടും. ഇനിയും അങ്ങനെയാണെങ്കിൽ, നിർമ്മാതാക്കൾക്ക് അവരുടെ മുടക്കുമുതൽ നഷ്ടമാകും. ഒരു സിനിമയ്ക്ക് കുറഞ്ഞത് നാല് ആഴ്ചയെങ്കിലും തീയറ്ററുകളിൽ തുടരാനുളള അനുമതി ലഭിക്കണം, 'ഭാരതിരാജ പറയുന്നു.

സൂര്യയെ മാത്രം ടാർഗറ്റ് ചെയ്യുന്നത് ദയവായി നിർത്തുക. തീയറ്റർ ഉടമകൾ, വിതരണക്കാർ, വരൂ! നമുക്ക് ഇത് ചർച്ച ചെയ്ത് പരിഹരിക്കാം. കൊവിഡ് സമയത്ത് ആളുകൾക്ക് സുരക്ഷിതമായി സിനിമകൾ കാണാനുള്ള ഏറ്റവും മികച്ച മാർ​ഗമാണ് ഒടിടി, ഇത് തിരിച്ചറിഞ്ഞുകൊണ്ടുളള സൂര്യയുടെ തീരുമാനം തികച്ചും സ്വാഗതാർഹമാണ്.

ഭാരതിരാജ

'സൂര്യയുടെ തീരുമാനം സ്വാഗതാർഹം', 'സൂരരൈ പോട്ര്' ഒടിടി റിലീസിനെതിരെ ഉയരുന്ന പ്രതിഷേദങ്ങളോട് ഭാരതിരാജ
സൂര്യയും ആമസോണിൽ, ‘സൂരരൈ പോട്ര്’ റിലീസ് പ്രഖ്യാപിച്ചു

'സൂര്യയെപ്പോലുള്ള അഭിനേതാക്കളുടെ സിനിമകൾ തീയറ്ററിൽ തന്നെ കാണണമെന്ന നിങ്ങളുടെ ആഗ്രഹം ഞാൻ മനസ്സിലാക്കുന്നു, അതിനെ ഞാൻ പിന്തുണയ്ക്കുകയും ചെയ്യുന്നു, അതേസമയം തന്നെ വിവിധ കാരണങ്ങളാൽ റിലീസ് ചെയ്യാൻ കഴിയാത്ത നിരവധി ചെറിയ ബജറ്റ് ചിത്രങ്ങളും ഇന്റസ്ട്രിയിലുണ്ട്. ആ സിനിമകളെ വെളിച്ചത്ത് കൊണ്ടുവരാൻ നിങ്ങൾക്ക് കഴിയുമോ? അവർക്ക് വേണ്ടി നിങ്ങൾ യുദ്ധം ചെയ്യുമോ? ഏതൊരു സൃഷ്ടിക്കും അവയ്ക്ക് വേണ്ട രീതിയിൽ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ആവശ്യമാണ്. ഒരാളും അതിനെ നിയന്ത്രിക്കരുത്, '

ടിക്കറ്റ് വിൽപ്പന ഡിജിറ്റലൈസേഷനെക്കുറിച്ചും നിർമ്മാതാക്കൾ വീണ്ടും വീണ്ടും മുന്നോട്ട് വയ്ക്കുന്ന ചില ആശങ്കകളെക്കുറിച്ചും ഭാരതിരാജ പറയുന്നുണ്ട്. 'എന്റെ അഭിപ്രായത്തിൽ ആളുകൾ തീയറ്ററുകളിൽ സിനിമ കാണാൻ മടിക്കുന്നതിന് പ്രധാന കാരണം വിലക്കയറ്റമാണ്. ടിക്കറ്റിനേക്കാൾ കൂടുതലാണ് പോപ്‌കോൺ, പാർക്കിംഗ് തുടങ്ങിയവയ്ക്കായി ആളുകൾക്ക് ചെലവഴിക്കേണ്ടിവരുന്നത്.' ഒരു സാധാരണക്കാരന് കുടുംബത്തോടൊപ്പം തീയറ്ററിൽ സിനിമ കാണാൻ 1,000 മുതൽ 2,000 രൂപ വരെ ചെലവഴിക്കേണ്ടി വരും. അതുകൊണ്ടുകൂടിയാണ് ആളുകൾ തമിഴ് റോക്കേഴ്സ് പോലുള്ള നിയമപരമല്ലാത്ത സൈറ്റുകളിൽ താൽപര്യം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച സൂര്യയുടെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടുളള സംവിധായകൻ ഹരിയുടെ കത്തിന് പിന്നാലെയാണ് ഭാരതിരാജയുടെ കത്ത്. സൂര്യയുടെ ആരാധകനെന്ന നിലയിൽ തന്റെ ചിത്രം വലിയ സ്‌ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഹരി കത്തിൽ പറഞ്ഞത്. മാധവൻ പ്രധാന വേഷത്തിലെത്തിയ 'ഇരുതി സുട്രു'വിന് ശേഷം സുധ കൊംഗാര സംവിധാനം ചെയ്യുന്ന ചിത്രം സൂര്യയുടെ 2 ഡി എന്റർടെയ്ൻമെന്റ്, സിഖീയ എന്റർടെയ്ൻമെന്റ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ആമസോൺ പ്രൈമിൽ റിലീസിനെത്തുന്ന ആദ്യ ബിഗ് ബജറ്റ് തമിഴ് ചിത്രം കൂടിയാണ് ‘സൂരരൈ പോട്ര്’. ഒക്ടോബർ 30 നാണ് റിലീസ്.

Related Stories

No stories found.
logo
The Cue
www.thecue.in