ഫോട്ടോയെടുക്കാന്‍ എട്ട് കിലോമീറ്ററോളം മഴയത്ത്നടന്ന മമ്മൂട്ടി, നടനാകാന്‍ പ്രേരിപ്പിച്ച തമിഴ് സിനിമ; മഹാനടനത്തിലേക്കുള്ള യാത്ര

ഫോട്ടോയെടുക്കാന്‍ എട്ട് കിലോമീറ്ററോളം മഴയത്ത്നടന്ന മമ്മൂട്ടി, നടനാകാന്‍ പ്രേരിപ്പിച്ച തമിഴ് സിനിമ; മഹാനടനത്തിലേക്കുള്ള യാത്ര
Summary

ആദ്യമായി സ്റ്റുഡിയോയില്‍ ഫോട്ടോയെടുക്കാന്‍ എട്ട് കിലോമീറ്ററോളം മഴ കൊണ്ട് നടന്ന മമ്മൂട്ടിയെക്കുറിച്ചും, മേക്കപ്പ് സാധനങ്ങള്‍ വാങ്ങാനുള്ള 50 പൈസ നല്‍കാനില്ലാതിരുന്ന മമ്മൂട്ടിയെക്കുറിച്ചും

ആ വളര്‍ച്ചയില്‍ അവനോടൊപ്പം ഒരു മോഹവും വളര്‍ന്നു, തിരശീലയില്‍ തന്റെ മുഖം കണ്ട് ഒരാളെങ്കിലും നല്ല നടനെന്ന് വിളിക്കുക. അവന്‍ സ്വപ്‌നം കണ്ടുതുടങ്ങി. പരിശ്രമിച്ചുതുടങ്ങി.

'ചമയങ്ങളുടെ സുല്‍ത്താന്‍' എന്ന ഡോക്യുമെന്ററിയുടെ നരേഷനിലുള്ള ഈ വരികള്‍ സിനിമ സ്വപ്‌നമാക്കിയ ഏതൊരാള്‍ക്കും യോജിക്കുന്നതാണ്. ഓരോ വീഴ്ചകളെയും വിജയമാക്കുമെന്ന നിശ്ചയത്തില്‍ സ്വപ്രയത്‌നം കൊണ്ട് ആ സ്വപ്‌നം സഫലമാക്കിയ മമ്മൂട്ടിയെക്കുറിച്ചുള്ള ഡോക്യുമെന്ററി തുടങ്ങുന്നത് ഈ വരികളിലൂടെയാണ്.

അഭിനേത്രി അനു സിതാരയുടെ ആമുഖത്തോടെയാണ് ചമയങ്ങളുടെ സുല്‍ത്താന്‍ എന്ന ഡോക്യുമെന്ററി. മമ്മൂട്ടിയുടെ സിനിമാ സ്വപ്‌നത്തിലേക്കുള്ള കഠിനപാതകളും അഭിനയജീവിതവും പറഞ്ഞുപോകുന്നതാണ് ചമയങ്ങളുടെ സുല്‍ത്താന്‍.

മമ്മൂട്ടി എന്ന നടന്റെ സിനിമയിലേക്കുള്ള കഠിനപാതയെക്കുറിച്ച് പുതുതലമുറയില്‍ കൂടുതല്‍ പേരും കേട്ടുകാണാനിടയില്ലാത്ത സംഭവങ്ങളും അനുഭവങ്ങളും ചേര്‍ത്താണ് സാനി യാസ് സംവിധാനം ചെയ്ത ചമയങ്ങളുടെ സുല്‍ത്താന്‍. കോട്ടയം ചെമ്പില്‍ രാജാ ടാക്കീസില്‍ വച്ച് തമിഴ് ചിത്രം 'വേലൈക്കാരന്‍' കണ്ടത് മുതലാണ് മമ്മൂട്ടിയില്‍ സിനിമയെ ആഗ്രഹിച്ചുതുടങ്ങിയതെന്ന് ഡോക്യുമെന്ററി. കുസൃതിക്കുട്ടന്‍ എന്ന സിനിമയിലേക്ക് ബാലതാരത്തെ തേടുന്നുവെന്ന പത്രപ്പരസ്യം കണ്ട് അപേക്ഷിക്കാന്‍ ആഗ്രഹിച്ചതും കുടുംബത്തിന്റെ യാഥാസ്ഥിതിക സാഹചര്യം അതിന് വിലങ്ങാവുമെന്ന് ആശങ്കപ്പെട്ടതും ഡോക്യുമെന്ററി വിവരിക്കുന്നു. അഭിനയിച്ച് ഫലിപ്പിക്കാനാകുമോ എന്ന പേടിയും പിന്തിരിപ്പിച്ചു. അധ്യാപകനായ ഭാസ്‌കരന്‍മാസ്റ്റര്‍ നാടകത്തിലേക്കും ടാബ്ലോയിലേക്കും നിര്‍ബന്ധിച്ച് ചേര്‍ത്തതും ഡോക്യുമെന്ററി വിശദീകരിക്കുന്നു.

ആദ്യമായി സ്റ്റുഡിയോയില്‍ ഫോട്ടോയെടുക്കാന്‍ എട്ട് കിലോമീറ്ററോളം മഴ കൊണ്ട് നടന്ന മമ്മൂട്ടിയെക്കുറിച്ചും, മേക്കപ്പ് സാധനങ്ങള്‍ വാങ്ങാനുള്ള 50 പൈസ നല്‍കാനില്ലാതിരുന്ന മമ്മൂട്ടിയെക്കുറിച്ചും, മഞ്ചി എന്ന തൂലികാനാമത്തിലുള്ള കയ്യെഴുത്തുമാസികയെക്കുറിച്ചും ചമയങ്ങളുടെ സുല്‍ത്താന്‍ വിശദീകരിക്കുന്നു. സിനിമാ സ്വപ്‌നങ്ങള്‍ക്കുള്ള കുറുക്കുവഴിയായി എറണാകുളം മഹാരാജാസ് കോളജില്‍ പഠിക്കാനെത്തിയതും തേവര എസ് എച്ച് കോളജിലെ പഠനവുമെല്ലാം ഡോക്യു ഫിക്ഷന്‍ പരാമര്‍ശിക്കുന്നു. 18 മിനുട്ട് 58 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് ഡോക്യുമെന്ററി.

ആരാധക കൂട്ടായ്മയില്‍ ഒരുങ്ങിയ ചെറുചിത്രം മലയാള സിനിമയിലെ അറുപതിലധികം താരങ്ങള്‍ ചേര്‍ന്നാണ് പുറത്തിറക്കിയത്. സാനി യാസാണ് രചനയും സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ട്യൂട്ടോറിയല്‍ കോളജില്‍ പഠിച്ച് തോറ്റ വിഷയങ്ങള്‍ എഴുതിയെടുത്തതും ചെറുചിത്രം പറയുന്നു. മിമിക്രിയും നാടകവും അഭിനയവും കളരിയാക്കി മാറ്റിയത് മഹാരാജാസിലെ കലാലയ കാലമാണ്. എംപ്ലോയ്‌മെന്റ് രജിസ്റ്ററില്‍ പേര് ചേര്‍ക്കാനെന്ന് കള്ളം പറഞ്ഞ് വാപ്പയില്‍ നിന്ന് പണം വാങ്ങി കെ എസ് സേതുമാധവന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ അവസരം തേടി കോട്ടയത്തെത്തിയ കഥയും സാനി യാസ് പറയുന്നുണ്ട്.

സാനി യാസ്
സാനി യാസ്

സ്വപ്നം കാണാന്‍ ഇഷ്ടപ്പെടുന്ന, കാണുന്ന സ്വപ്നങ്ങളെ ആഗ്രഹിക്കുന്ന, ആഗ്രഹിക്കുന്ന സ്വപ്നങ്ങളെ പിന്തുടരുന്ന ഒരോരുത്തരും വായിച്ചിരിക്കേണ്ട മറ്റൊരു 'അഗ്‌നിച്ചിറകുകള്‍' തന്നെയാണ് മമ്മൂട്ടി എന്ന നടന്റെ ജീവിതമെന്ന് അനു സിതാര പറയുന്നു. ബാലതാരമാകാനുളള ആദ്യ ശ്രമം ഉപേക്ഷിച്ചതും, നഷ്ടമാകുമെന്ന് കരുതിയ കലോല്‍സവ വേദിയുമെല്ലാം ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. സിനിമ കാണാനുളള മോഹത്തില്‍ കൊല്ലപ്പരീക്ഷ എഴുതാതെ പോയതും, കലാജീവിതത്തിലെ വഴിത്തിരിവായ മഹാരാജാസ് കാലവും ഓര്‍ത്തെടുക്കുന്ന ചിത്രം പ്രേക്ഷകരിലും പ്രതീക്ഷ ഉണര്‍ത്തുന്നതാണ്.

വൈശാഖ് സി. വടക്കേവീട്, സഫ സാനി എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ഡോക്യുമെന്ററിക്ക് സംഗീതം ചെയ്തിരിക്കുന്നത് സുമേഷ് സോമസുന്ദറാണ്. വരികള്‍ എഴുതിയിരിക്കുന്നത് സരയൂ മോഹന്‍. ലിന്റോ കുര്യനും സാനിയാസും ചേര്‍ന്ന് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നു. ഛായാഗ്രഹണം സിനാന്‍ ചത്തോലി, വിഷ്ണു പ്രസാദ്. അസോസിയേറ്റ് ഡയറക്ടര്‍ തേജസ് കെ ദാസ്. വിവരണം ഷഹനീര്‍ ബാബു.

Related Stories

No stories found.
logo
The Cue
www.thecue.in