'നമോ'യിൽ കുചേലവേഷത്തിൽ ജയറാം; മേക്കോവറിനെ പ്രശംസിച്ച് ചിരഞ്ജീവി

'നമോ'യിൽ കുചേലവേഷത്തിൽ ജയറാം; മേക്കോവറിനെ പ്രശംസിച്ച് ചിരഞ്ജീവി

കൃഷ്‍ണ-കുചേല കഥ പറയുന്ന 'നമോ' എന്ന സംസ്‍കൃത ചിത്രത്തിൽ കുചേലനായി ജയറാം എത്തുന്നു. തെലുങ്ക് താരം ചിരഞ്ജീവിയാണ് ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തുവിട്ടത്. ജയറാമിന്‍റെ പ്രകടനം മാസ്‍മരികമായി തോന്നിയെന്നും പ്രേക്ഷകർ സ്വീകരിക്കുമെന്നും ചിരഞ്ജീവി ട്വിറ്ററില്‍ കുറിച്ചു. കുചേലനായി മാറിയ ജയറാമിന്റെ മേക്കോവറിനേയും താരം പ്രശംസിച്ചു. കഥാപാത്രത്തിനു വേണ്ടി 20 കിലോ ശരീരഭാരമാണ് ജയറാം കുറച്ചത്. ചിത്രത്തിലെ കുചേലവേഷം പുരസ്‍കാരങ്ങള്‍ നേടിക്കൊടുക്കുമെന്നും ചിരഞ്ജീവി ആശംസിച്ചു.

പുരാണകഥയെ ആസ്പദമാക്കി വിജീഷ് മണിയാണ് 'നമോ' സംവിധാനം ചെയ്‍തിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുളള കലാകാരന്മാര്‍ ചിത്രത്തിൽ ഒന്നിച്ചിരിക്കുന്നു. യു പ്രസന്നകുമാർ, എസ് എന്‍ മഹേഷ് ബാബു എന്നിവര്‍ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എസ് ലോകനാഥനാണ് ഛായാഗ്രഹണം. ബി ലെനിന്‍ എഡിറ്റിംഗും അനൂപ് ജലോട്ട സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.

സൻകാർ ദേശായി, അഞ്ജലി നായർ, മൈഥിലി ജാവേക്കർ, മീനാക്ഷി, സാനിയ, മമനയൻ, പ്രകാശ്, മഹിന്ദർ റെഡി, കൃഷ്ണ ഗോവിന്ദ്, മാസ്റ്റർ സായന്ത്, മാസ്റ്റർ എലൻജിലോ, ബേബി കല്യാണി തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചിരിക്കന്നു. ചാരിറ്റബിള്‍ ട്രസ്റ്റാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

No stories found.
The Cue
www.thecue.in