'യാഥാർഥ്യം എന്തെന്ന് മനസിലാക്കുക', സൈബർ ആക്രമണങ്ങളോട് അഹാന

'യാഥാർഥ്യം എന്തെന്ന് മനസിലാക്കുക', സൈബർ ആക്രമണങ്ങളോട് അഹാന

ഇൻസ്റ്റ​ഗ്രാം സ്‌റ്റോറിയെ തുടർന്ന് തനിക്കുനേരെ ഉണ്ടായ സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി അഹാന കൃഷ്ണ. വായിൽ തോന്നുന്നത് വിളിച്ച് പറയുന്നതിന് മുൻപ് യാഥാർഥ്യം എന്തെന്ന് മനസിലാക്കണമെന്നും കോവിഡ് മഹാമാരിയോട് നിർവികാരമായി പ്രതികരിച്ചു എന്ന ആരോപണം അംഗീകരിക്കാനാവില്ലെന്നും അഹാന പറയുന്നു. കൊവിഡ് വ്യാപനം ഗുരുതര സ്ഥിതി സൃഷ്ടിച്ച തിരുവനന്തപുരം നഗത്തില്‍ സര്‍ക്കാര്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ സ്വര്‍ണ്ണക്കടത്തുമായി ബന്ധിപ്പിച്ച് പ്രചരിപ്പിക്കുന്നത് അപകടമാണെന്നും, അഹാനയുടെ പോസ്റ്റ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ആയിരുന്നു സമൂഹ മാധ്യമങ്ങളിൽ ഉയർന്നുവന്ന ആരോപണം.

സംഭവത്തിൽ അഹാനയുടെ പ്രതികരണം ഇങ്ങനെ:

എന്നോട് വാർത്ത കാണാൻ ആവശ്യപ്പെടുന്നവരോടും, നമ്മുടെ രാജ്യത്തെ, സംസ്ഥാനത്തെ, ന​ഗരത്തിലെ നിലവിലുള്ള കോവിഡ് വ്യാപനത്തെക്കുറിച്ച് ഞാൻ ബോധവതിയല്ലെന്ന് പറയുന്നവരോടും, ദയവായി സത്യാവസ്ഥ അറിയാൻ ശ്രമിക്കുക.

ലോക്ഡൗൺ അനാവശ്യമെന്ന് ഒരിടത്തും ഞാൻ പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ തെളിവ് കൊണ്ട് വരൂ. ഇപ്പോൾ എനിക്കു നേരെ വന്നിരിക്കുന്ന ആരോപണങ്ങൾ ആരുടെയൊക്കെയോ ഭാവനയിൽ നിന്ന് ഉണ്ടായവയാണ്. ഞാനൊന്ന് പറ‍ഞ്ഞു. മറ്റൊരാൾ അത് വേറൊരു തരത്തിൽ വ്യാഖ്യാനിച്ചു. വായിൽ തോന്നുന്നത് വിളിച്ച് പറയുന്നതിന് മുൻപ് യാഥാർഥ്യം എന്തെന്ന് മനസ്സിലാക്കുക. മറ്റുള്ളവരോട് എനിക്കൊന്നും പറയാനില്ല. ചെറിയ വിദ്വേഷങ്ങളോട് ഞാൻ പ്രതികരിക്കുന്നുമില്ല. എന്നാൽ ഉത്തരവാദിത്തമുള്ള ഒരു പൗരൻ എന്ന നിലയിൽ, കോവിഡ് മഹാമാരിയോട് നിർവികാരമായി പ്രതികരിച്ചു എന്ന ആരോപണം അം​ഗീകരിക്കാനാവില്ല.

സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്, എന്ന വ്യാജപ്രചരണം സാമൂഹ്യമാധ്യമങ്ങളില്‍ ഉണ്ടായിരുന്നു. ഇതിന് ബലം പകരുന്നതും, ഗുരുതരമായ സ്ഥിതിവിശേഷത്തെ നിസാരവല്‍ക്കരിക്കുന്നതുമാണ് അഹാനയുടെ പോസ്റ്റ് എന്നതായിരുന്നു വിമർശനങ്ങൾക്ക് കാരണം.

Related Stories

No stories found.
logo
The Cue
www.thecue.in