'വിവരദോഷിയായ ചൊറിയന്‍ തവള സമൂഹത്തില്‍ അശാന്തിയുണ്ടാക്കുന്നു', ശാന്തിവിള ദിനേശിനെതിരെ ഷമ്മി തിലകന്‍

'വിവരദോഷിയായ ചൊറിയന്‍ തവള സമൂഹത്തില്‍ അശാന്തിയുണ്ടാക്കുന്നു', ശാന്തിവിള ദിനേശിനെതിരെ ഷമ്മി തിലകന്‍

സംവിധായകന്‍ ശാന്തിവിള ദിനേശിന്റെ ആരോപണങ്ങള്‍ക്ക്‌ രൂക്ഷമറുപടിയുമായി നടന്‍ ഷമ്മി തിലകന്‍. വിവരദോഷിയായ ഒരു ചൊറിയന്‍ തവള വിശാലമായ സമൂഹത്തില്‍ അശാന്തി വിളയിച്ച് സ്വയം പരിഹാസ്യനാവുകയാണെന്ന് ഷമ്മി തിലകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തിലകനെ കൂടുതല്‍ വിഷമിപ്പിച്ചത് അദ്ദേഹത്തിന് ഏറ്റവും വാത്സല്യമുണ്ടായിരുന്ന ഷമ്മിയാണെന്നായിരുന്നു ശാന്തിവിള ദിനേശിന്റെ ആരോപണം. 'സമ്പത്തിലാണ് മക്കള്‍ക്ക് നോട്ടം, നമ്മളെ വേണ്ട. അച്ഛന്‍ അനാരോഗ്യവാനാണെന്നുള്ള ബോധമൊന്നും അവര്‍ക്കില്ല'. അവസാന നാളുകളില്‍ കാണാന്‍ ചെന്ന തന്നോട് തിലകന്‍ ഇങ്ങനെ പറഞ്ഞിരുന്നതായി ശാന്തിവിള ദിനേശ് ഒരു അഭിമുഖത്തില്‍ അവകാശപ്പെട്ടിരുന്നു.

'വിവരദോഷിയായ ചൊറിയന്‍ തവള സമൂഹത്തില്‍ അശാന്തിയുണ്ടാക്കുന്നു', ശാന്തിവിള ദിനേശിനെതിരെ ഷമ്മി തിലകന്‍
മാഫിയാ പിടിയിലാണ് മലയാളസിനിമയെന്ന് പരസ്യമായി പറഞ്ഞ തിലകനല്ലേ ശരിക്കും ഹീറോ എന്ന് ഷമ്മി തിലകന്‍

മരണപ്പെട്ടവര്‍ തിരിച്ചുവരില്ലെന്ന ബോധ്യത്തോടെ പറയുന്ന അപഖ്യാതികള്‍ വന്നുതറയ്ക്കുന്നത് ജീവിച്ചിരിക്കുന്നവരുടെ ചങ്കിലാണെന്ന് ഇവര്‍ തിരിച്ചറിയുന്നില്ലെന്ന് ഷമ്മി കുറിച്ചു. ജീവിച്ചിരുന്നപ്പോള്‍ പരിസരത്ത് പോലും അടുപ്പിക്കില്ലായിരുന്നവരെപ്പറ്റി ഇത്തരം വെളിപ്പെടുത്തലുകള്‍ ഇയാള്‍ മുന്‍പ് നടത്താതിരുന്നത് തടി കേടാകും എന്ന പേടി കൊണ്ടാണ്. വെറും നക്കാപ്പിച്ചയ്ക്കുവേണ്ടി ഒത്തിരി ജീവനുകളാണിയാള്‍ വ്യക്തിഹത്യ നടത്തി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ഒരു മനുഷ്യജന്‍മത്തിന്റെ ഏറ്റവും ശോചനീയമായ, നീചമായ അവസ്ഥയാണിതെന്നും ഷമ്മി വിശദീകരിക്കുന്നു. തനിക്ക് അച്ഛന്‍ ദൈവതുല്യനാണ്. അറിഞ്ഞുകൊണ്ട് ഒരിക്കല്‍പോലും അദ്ദേഹത്തിന്റെ മനസ്സമാധാനം ഞാനായിട്ട് നഷ്ടപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന് ആവശ്യമുള്ളപ്പോഴെല്ലാം തുണയായി ഉണ്ടായിരുന്നുവെന്നും ഷമ്മി പറഞ്ഞു.

'വിവരദോഷിയായ ചൊറിയന്‍ തവള സമൂഹത്തില്‍ അശാന്തിയുണ്ടാക്കുന്നു', ശാന്തിവിള ദിനേശിനെതിരെ ഷമ്മി തിലകന്‍
അന്ന് ചേര്‍ത്ത്‌നിര്‍ത്തിയത് മമ്മൂക്ക, കരുതലിന്റെ ആഴം ഈ ഫോട്ടോയില്‍ കാണാമെന്ന് ഷമ്മി തിലകന്‍

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കൂപമണ്ഡൂകം (കിണറ്റിലെ തവള)

"അജ്ഞത കൊണ്ടുള്ള ദോഷം" എന്നത്രേ ഈ പ്രയോഗത്തിൻറെ സാരം..!കിണറ്റിൽ കിടക്കുന്ന തവളക്ക് വിശാലമായ പുറം ലോകത്തെക്കുറിച്ച് ഒന്നുമറിയില്ല.എന്നിരുന്നാലും ഈ കിണർ തന്നെയാണ് ലോകം എന്ന മിഥ്യാധാരണയിൽ, ഒരുതരം വൃത്തികെട്ട ശബ്ദത്തിൽ തവള ഇപ്പോഴും ആത്മസംതൃപ്തിയടയുന്നു..

അതുപോലെ വിവരദോഷിയായ, ഒരു ചൊറിയൻതവള..; വിശാലമായ സമൂഹത്തിൽ"അശാന്തി" വിളയിച്ച് സ്വയം പരിഹാസ്യനാകുന്നതിലുള്ള സഹതാപമാണ് ഈ കുറിപ്പ്..!

ഏതിനെയും സ്വന്തം കാഴ്ചപ്പാടിലൂടെമാത്രംകണ്ട് തീർപ്പു കൽപ്പിക്കുന്നവർ എപ്പോഴും സ്വന്തം വൈകൃതക്കാഴ്ചകളുടെ അടിമകളായിരിക്കും.സ്വന്തം കണ്ണുകളെ തൃപ്തിപ്പെടുത്തുന്നതും സ്വയം വിശ്വസിക്കാൻ കഴിയുന്നതുമായ കാഴ്ചകളോടാണ് ചിലരുടെ മനസ്സിന് ആഭിമുഖ്യം. സ്വപ്നത്തിൽ കാണുന്ന കാഴ്ചകൾ പോലും നേരിൽ കണ്ടതായി ഭാവിക്കാനും, യാഥാർഥ്യബോധത്തോടെ അവതരിപ്പിക്കാനും ഇക്കൂട്ടർക്കാകും. ഇതൊരു മാനസിക രോഗമാണ്..!ഇവർ മാനസികരോഗികളും..!

"അശാന്തി" വിതറുന്ന ഈ ചൊറിയൻ തവളയുടെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നതും അതുതന്നെയാണ്..!എന്നാൽ, അങ്ങനെ ഇയാൾ അവതരിപ്പിക്കുന്ന മായക്കാഴ്ചകളെല്ലാം തന്നെ മരണപ്പെട്ട മഹാരഥന്മാരെ സംബന്ധിക്കുന്നത് മാത്രമാകുന്നത് യാദൃശ്ചികം എന്ന് കരുതാനാവില്ല..!ഇയാളുടെ വാസ്തവവിരുദ്ധത #പൊളിച്ചടുക്കാൻ ഈ മരണപ്പെട്ടവർ ഒരു കാലത്തും വരാൻ പോകുന്നില്ല എന്നതാണ് ഇയാളുടെ ധൈര്യം.

ജീവിച്ചിരുന്നപ്പോൾ പരിസരത്തുപോലും അടുപ്പിക്കില്ലായിരുന്നവരെപ്പററി ഇത്തരം വെളിപ്പെടുത്തലുകൾ ഇയാൾ മുമ്പ് നടത്താതിരുന്നത് തടി കേടാകും എന്ന പേടി കൊണ്ടാണ്..!മരണപ്പെട്ടവർ തിരിച്ചുവരില്ലെന്ന് ബോധ്യമുള്ളതിനാൽ ഏത് അപഖ്യാതിയും ആർക്കും പറയാം. എന്നാൽ ആ പറച്ചിലുകൾ വന്നു തറയ്ക്കുന്നത് ജീവിച്ചിരിക്കുന്നവരുടെ ചങ്കിൽ ആണെന്ന് ഇവർ തിരിച്ചറിയുന്നില്ല..!വെറും നക്കാപ്പിച്ചക്കു വേണ്ടി ഒത്തിരി ജീവനുകളാണിയാൾ വ്യക്തിഹത്യ നടത്തി ഇല്ലാതാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.ഒരു മനുഷ്യജന്മത്തിൻെറ ഏററവും ശോചനീയമായ നീചമായ, അവസ്ഥയാണിത്..!

സിനിമയിൽ ഒന്നും ആവാതെ പോയ ഈ ഹതഭാഗ്യനെ സംബന്ധിച്ചിടത്തോളം അതുമൂലമുണ്ടായിട്ടുള്ള നിരാശയും വിഷമവുമൊക്കെ ചില്ലറ ആയിരിക്കില്ല..!ഒരു സിനിമ ചെയ്തു..; എട്ടു നിലയിൽ പൊട്ടി..! ഒരു സീരിയൽ ചെയ്തു..; ക്ലച്ച് പിടിച്ചില്ല..! ഗൾഫിലുള്ള ഏതോ ഒരു ഹതഭാഗ്യനെ പറഞ്ഞു പറ്റിച്ചു ഒരു സ്റ്റുഡിയോ തുടങ്ങി..; അതിൽ, ധനനഷ്ടത്തിനേക്കാളുപരി മാനനഷ്ടം ഉണ്ടാകും എന്ന തിരിച്ചറിവിൽ ഗൾഫുകാരൻ ജീവനുംകൊണ്ട് രക്ഷപ്പെട്ടു..!ഭാര്യയെ കുറിച്ച് അശ്ലീലം പറഞ്ഞെന്ന് ആരോപിച്ച് ഏതോ ഒരു സംവിധായകനെ..; അവരുടെ യുണിയന്റെ പൊതുയോഗത്തിൽ വച്ച് അസഭ്യം പറഞ്ഞതിന് യൂണിയനിൽ നിന്നും പുറത്തായി..!ചലച്ചിത്ര അക്കാദമിയിൽ പാർട്ടിയുടെ പേരും പറഞ്ഞ് സ്ഥാനം പിടിച്ചടക്കാൻ പോയി... ചെയർമാൻ ഇറക്കിവിട്ടു..!കലാകാരൻമാർക്കുളള വെൽഫയർബോർഡിൽ കാലുപിടിച്ച് കയറിപ്പററി..; കൈയ്യിലിരുപ്പുകാരണം അവർ ഇപ്പോൾ അടുപ്പിക്കുന്നില്ല..!അങ്ങനെ, കുടുംബബന്ധങ്ങൾ ഉൾപ്പെടെ പരാജയം മാത്രം നീക്കി ബാക്കി..!കിടപ്പാടം പോലും വിറ്റ് വാടക വീട്ടിലാണ് ഇപ്പോൾ..!ഇതുമൂലമൊക്കെ ഉണ്ടായ വിഷമവും നിരാശയും അങ്ങനിങ്ങനൊന്നും മാറാൻ പോകുന്നില്ല..! എന്നാൽ അതുമൂലം മാനസീക സമനില തെറ്റി, സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന ആളുകളെക്കുറിച്ച് ഇല്ലാക്കഥ പറഞ്ഞ് കുപ്രസിദ്ധി നേടാൻ ശ്രമിക്കുന്നത് സാമൂഹ്യവിരുദ്ധതയാണ്..!

നമ്മുടെ അനേകം തലമുറകൾക്ക് കണ്ടാസ്വദിക്കാനും, ഹൃദയത്തിൽ സൂക്ഷിക്കാനും പറ്റുന്ന തരത്തിലുള്ള ഒരുപാട്നല്ല സിനിമകൾ നമുക്ക് സംഭാവന ചെയ്ത് അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ, ശ്രീ.ലോഹിതദാസിനെ തന്നോട് തന്നെ താരതമ്യം ചെയ്ത്, ഒരു പരാജിതനായി സ്വയം മുദ്ര കുത്തിയപ്പോഴും..;മലയാള സിനിമ ഒന്നടങ്കം ബഹുമാനിച്ചിരുന്ന, സ്നേഹിച്ചിരുന്ന അതുല്യനായ ഛായാഗ്രാഹകൻ രാമചന്ദ്രബാബു സാറിന്റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളെ അധിക്ഷേപിച്ചപ്പോഴും..;കലാഭവൻമണിയെ കുറിച്ച് വേണ്ടാതീനം പറഞ്ഞപ്പോഴും..;ഷെയിൻ നിഗം വിഷയത്തിൽ അദ്ദേഹത്തിൻറെ ബാപ്പ അബിയെക്കുറിച്ച് ഇല്ലാവചനം പറഞ്ഞപ്പോഴും..;നടിയെ ആക്രമിച്ച വിഷയത്തിൽ ഇരയ്ക്കെതിരേയും മറ്റുചില സഹപ്രവർത്തകമാർക്കെതിരെയും മോശമായ നിലപാട് കൈക്കൊണ്ടപ്പോഴും..; എന്തിനധികം..;കേരള പോലീസ് ചീഫിന് പാഷാണം ഷാജിയോട് സാമ്യമുണ്ടെന്ന് പറഞ്ഞു ബോഡി ഷെയ്മിങ് നടത്തിയപ്പോഴുമൊന്നും ഇയാൾക്കെതിരെ ഇവരുടെയൊക്കെ ബന്ധുക്കളോ, അധികാരികളോസത്വര നടപടികൾ സ്വീകരിക്കാതിരുന്നത്, ഇയാളുടെ ചൊറിച്ചിൽ ഭയന്നാണ് എന്നാണ് ഈ തിരുമണ്ടൻ ധരിച്ചു വെച്ചിരിക്കുന്നത്..!

സിനിമയിൽ ഒന്നുമല്ല താനെന്ന് സ്വയം തെളിയിച്ച വ്യക്തിയാണ് ഈ മാന്യൻ..!സംവിധാനം ചെയ്യാനറിയില്ലെന്ന് ഇയാളേക്കാൾ നന്നായി സിനിമയിലുള്ള എല്ലാവർക്കുമറിയാവുന്നതിനാൽ ഒരാളും ഇയാൾക്ക് ഡേറ്റ് കൊടുക്കില്ല..!ടിയാനെ നാലുപേർ അറിയുന്നതു തന്നെ, ദിലീപ് വിഷയത്തിൽ ഒരു ചാനലിൽ കയറിയിരുന്നു അശ്ലീലം പറയുന്നതോടെയാണ്..!അങ്ങനെ ലൈംലൈറ്റിൽ വന്ന ശേഷം ഡേറ്റ് ചോദിച്ചുകൊണ്ട് ദിലീപിൻറെ അടുത്ത് ചെന്ന കാര്യം അരമനരഹസ്യമല്ല അങ്ങാടിപ്പാട്ടാണ്..! ഇദ്ദേഹത്തിന്റെ " കഴിവിലുള്ള" വിശ്വാസം കൊണ്ടോ..; സിനിമയെക്കുറിച്ച് വിദ്വാനുളള ജ്ഞാനം ബോധ്യപ്പെട്ടതുകൊണ്ടോ ഡേറ്റ് നൽകാൻ പറ്റില്ലെന്ന് ദിലീപ് പറഞ്ഞപ്പോൾ..;എന്നാ പിന്നെ കാശ് മതി എന്ന് കരഞ്ഞു പറഞ്ഞതും, കിട്ടിയതും മേടിച്ചോണ്ട് തിരിച്ച് പോന്ന കാര്യവും നാട്ടിൽ പാട്ടാണ്..!ഇങ്ങനെയൊന്നുമല്ല ഒരാൾ വലിയവനാകേണ്ടതും, പ്രശസ്തനാകേണ്ടതുമൊക്കെ. കുപ്രസിദ്ധി പ്രശസ്തിയായി തെറ്റിദ്ധരിക്കല്ലേ അശാന്തി വിളയിക്കുന്ന ദിനേശാ..!!

കഴിവിന് ജനം നൽകുന്ന അംഗീകാരമാണ് #പ്രശസ്തി..!പ്രശസ്തരെക്കുറിച്ച് അസംബന്ധം എഴുതി നേടുന്നതിനെ #കുപ്രസിദ്ധി എന്നാണ് പറയാറ്.നിങ്ങൾ ഒരു "കുപ്രസിദ്ധൻ" മാത്രമാണെന്ന് ആരും ഇതേവരെ പറഞ്ഞുതന്നില്ലേ സുഹൃത്തേ....

രാജ്യം പത്മശ്രീ നൽകി ആദരിച്ച തിലകൻ എന്ന എന്റെ പിതാവ്, ചില്ലക്ഷരം കൊണ്ട് പോലും കള്ളം പറയാത്തതിനാൽ കാലം നെഞ്ചിലേറ്റിയ വ്യക്തിയാണ്..!ആ പേര് ഉച്ചരിക്കാൻ പോലുമുള്ള യോഗ്യത ഇല്ലാത്തവനാണ് നിങ്ങൾ..!ആ നിങ്ങൾ എന്തടിസ്ഥാനത്തിലാണ് മക്കൾ തിലകന് മനസ്സമാധാനം കൊടുത്തിട്ടില്ലെന്നും,അതിൽ പ്രമുഖൻ ഷമ്മിയാണെന്നും മറ്റും പറഞ്ഞത്..?അല്ലയോ ചൊറിയൻ തവളേ..; ഈശനേയും ബ്രഹ്മനേയും പേടിയില്ലാത്തവനാണ് പാലപുരത്ത് കേശവൻ മകൻ സുരേന്ദ്രനാഥ തിലകൻ..! പിന്നെയാണ് ഇച്ചിരീം പോന്നഅഞ്ചാറു മക്കളെ..!!ആരൊക്കെയാണ് അദ്ദേഹത്തിന് മനസ്സമാധാനം കൊടുക്കാതിരുന്നത് എന്ന് നാട്ടുകാർക്കും എനിക്കും നന്നായി അറിയാം..!

എന്നെ സംബന്ധിച്ചിടത്തോളംഎനിക്ക് എൻറെ അച്ഛൻ ദൈവതുല്യനാണ്..!അറിഞ്ഞുകൊണ്ട് ഒരിക്കൽപോലും അദ്ദേഹത്തിൻറെ മനസ്സമാധാനം ഞാനായിട്ട് നഷ്ടപ്പെടുത്തിയിട്ടില്ല..! മറിച്ച്, അദ്ദേഹത്തിന് ആവശ്യമുള്ളപ്പോഴെല്ലാം തുണയായി ഞാൻ ഉണ്ടായിരുന്നു എന്നതാണ് വസ്തുത.അദ്ദേഹം മരിച്ചിട്ട് എട്ട് വർഷം ആകുന്ന ഈ വേളയിലും അദ്ദേഹത്തിന് നീതി കിട്ടുന്നതിനുവേണ്ടി പോരാടുന്നതിനാൽ എനിക്ക് തിരിച്ചടി നേരിടുന്ന വിവരവും നാട്ടുകാർക്ക് അറിയാവുന്നതാണ്..

കുടുംബ ബന്ധങ്ങൾ താങ്കളുടെ വീട്ടിലേതു പോലെയാണ് എല്ലായിടത്തും എന്ന് ധരിച്ചുവെച്ചിരിക്കുന്നതാണ് ഇങ്ങനെയൊക്കെ പറയാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന ഘടകം..!

ഇങ്ങനെയൊക്കെ എഴുതണമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല..!പക്ഷെ എപ്പോഴും അഭിമാനത്തോടെയും അല്പം അഹന്തയോടെയും #തിലകൻെറ_മകൻ എന്ന് അഭിമാനിക്കുന്ന എന്നെയും, എൻറെ അച്ഛനെയും കുറിച്ച് അനാവശ്യം പറഞ്ഞു പരത്തിയപ്പോൾ എനിക്കുണ്ടായ വിഷമം കൊണ്ട് പറഞ്ഞു പോയതാണ്..!ഇനി ഒരു മറുപടിക്ക് ഇടവരാതിരിക്കട്ട..!

Related Stories

No stories found.
logo
The Cue
www.thecue.in