'നീയെനിക്കാരായിരുന്നുവെന്ന് പറയാന്‍ വാക്കുകളില്ല, നമ്മുടെ കുഞ്ഞായി നീ വീണ്ടും ഭൂമിയിലേക്ക് വരും', ഹൃദയം തൊടുന്ന കുറിപ്പുമായി മേഘ്‌ന

'നീയെനിക്കാരായിരുന്നുവെന്ന് പറയാന്‍ വാക്കുകളില്ല, നമ്മുടെ കുഞ്ഞായി നീ വീണ്ടും ഭൂമിയിലേക്ക് വരും', ഹൃദയം തൊടുന്ന കുറിപ്പുമായി മേഘ്‌ന

കന്നട നടന്‍ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തെയാകെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവായ ചിരഞ്ജീവി ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. മേഘ്‌ന ഗര്‍ഭിണിയാണെന്ന വാര്‍ത്തകളും ഇതിന് പിന്നാലെ പുറത്തുവന്നു. പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2018ലായിരുന്നു മേഘ്‌നയുടെയും ചിരഞ്ജീവിയുടെയും വിവാഹം. ഇപ്പോള്‍ തന്റെ 'ചിരു'വിനെയോര്‍ത്ത് ഹൃദയം തൊടുന്ന കുറിപ്പുമായെത്തിയിരിക്കുകയാണ് മേഘ്‌ന.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത മേഘ്‌നയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു:

'ചിരു, ഞാന്‍ ഒരുപാട് ശ്രമിച്ചു. പക്ഷെ, നിന്നോട് പറയാനുള്ള കാര്യങ്ങള്‍ വാക്കുകളാക്കാന്‍ എനിക്ക് കഴിയുന്നില്ല. നീയെനിക്ക് ആരായിരുന്നുവെന്ന് പറയാന്‍ ഈ ലോകത്തെ മുഴുവന്‍ വാക്കുകള്‍ക്കുമാകില്ല. എന്റെ സുഹൃത്ത്, എന്റെ കാമുകന്‍, എന്റെ പങ്കാളി, എന്റെ കുഞ്ഞ്, എന്റെ വിശ്വസ്തന്‍, എന്റെ ഭര്‍ത്താവ്, ഇതിനെല്ലാം അപ്പുറമാണ് നീയെനിക്ക്. നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമാണ് ചിരു.

'ഞാന്‍ വീട്ടിലെത്തി' എന്നു പറഞ്ഞുകൊണ്ട് നീ കടന്നുവരാത്ത വാതിലിലേക്ക് ഓരോ തവണ നോക്കുമ്പോഴും എന്റെയുള്ളില്‍ അഗാധമായ വേദനയുണ്ടാകുന്നു. ഓരോ ദിവസവും ഓരോ നിമിഷവും നിന്നെ തൊടാനാകാതെ എന്റെ ഹൃദയം വിങ്ങുകയാണ്, പതിയെ, വേദനിച്ച്, ഒരായിരം തവണ ഞാന്‍ മരിക്കുന്നത് പോലെ. പക്ഷേ, ഒരു മാന്ത്രിക ശക്തിപോലെ നിന്റെ സാന്നിദ്ധ്യം എന്റെ ചുറ്റുമുള്ളതായി അനുഭവപ്പെടുന്നു. ഓരോ തവണ ഞാന്‍ തളരുമ്പോഴും, ഒരു കാവല്‍ മാലാഖയെ പോലെ നീ എനിക്ക് ചുറ്റുമുണ്ട്.

നീയെന്നെ ഒരുപാട് സ്‌നേഹിക്കുന്നു, അതുകൊണ്ട് തന്നെ നിനക്കെന്നെ തനിച്ചാക്കാന്‍ കഴിയില്ല, അല്ലേ? നീ എനിക്കു നല്‍കിയ ഏറ്റവും വിലമതിക്കാനാകാത്ത സമ്മാനമാണ് നമ്മുടെ കുഞ്ഞ്, നമ്മുടെ സ്‌നേഹത്തിന്റെ പ്രതീകം. ഈ അത്ഭുതത്തിന് ഞാന്‍ എക്കാലവും നിന്നോട് കടപ്പെട്ടവളാണ്.

നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാന്‍ എനിക്ക് കാത്തിരിക്കാനാകുന്നില്ല, നിന്നെ വീണ്ടും കൈകളിലേന്താന്‍, നിന്റെ പുഞ്ചിരി കാണാന്‍, മുറി മുഴുവന്‍ പ്രകാശം പരത്തുന്ന നിന്റെ ചിരി കേള്‍ക്കാന്‍ ഇനിയും കാത്തിരിക്കാന്‍ വയ്യ. ഞാന്‍ നിനക്കായി കാത്തിരിക്കും. മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കണം. എന്റെ അവസാന ശ്വാസം വരെ നീ ജീവിക്കും. നീ എന്റെയുള്ളില്‍ തന്നെയുണ്ട്.'

Related Stories

No stories found.
logo
The Cue
www.thecue.in