'കോഴിപ്പോര്' സംവിധായകരിലൊരാളായ ജിബിറ്റ് അന്തരിച്ചു, ലോക്ക് ഡൗണില്‍ പാതിയില്‍ പിന്‍വലിച്ച സിനിമ

'കോഴിപ്പോര്' സംവിധായകരിലൊരാളായ ജിബിറ്റ് അന്തരിച്ചു, ലോക്ക് ഡൗണില്‍ പാതിയില്‍ പിന്‍വലിച്ച സിനിമ

'കോവിഡ് - 19 നെ പ്രതിരോധിക്കേണ്ട സമയമാണ്... അതിജീവനത്തിന് ശേഷം തിരിച്ചു വരാം'. കോഴിപ്പോര് എന്ന സിനിമ ലോക്ക് ഡൗണിനെ തുടര്‍ന്ന് തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചപ്പോള്‍ ഇരട്ട സംവിധായകരില്‍ ഒരാളായ ജിബിറ്റ് ജോര്‍ജ്ജ് ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചിരുന്നു. ആദ്യ സിനിമ കൊവിഡ് ഭീതിയൊഴിഞ്ഞാല്‍ വീണ്ടും പ്രേക്ഷകരിലെത്തുമെന്ന പ്രതീക്ഷ അവശേഷിപ്പിച്ച് ജിബിറ്റ് യാത്രയായി.

നെഞ്ചുവേദനയെ തുടര്‍ന്ന് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആശുപത്രിയില്‍ വച്ചാണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരണം. സുഹൃത്ത് ജിനോയ് ജനാര്‍ദ്ദനനൊപ്പം ചേര്‍ന്നാണ് ജിബിറ്റ് ജോര്‍ജ്ജ് കോഴിപ്പോര് സംവിധാനം ചെയ്തത്. സംവിധായകര്‍ തന്നെയായിരുന്നു തിരക്കഥ. ഇന്ദ്രന്‍സ്, പൗളി വല്‍സണ്‍, നവജിത് നാരായണന്‍, ജോളി ചിറയത്ത് എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങള്‍.

ജിബിറ്റിനെക്കുറിച്ച് അഭിനേത്രി ജോളി ചിറയത്ത്' ഒരു പാട് വര്‍ഷത്തെ അലച്ചിലിനൊടുവിലെ രണ്ടു യുവാക്കളുടെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു ഈ സിനിമ. ഷൂട്ടിന് ശേഷം പിന്നെയും ഒരു വര്‍ഷമെടുത്തു തിയ്യറ്ററിലെത്താന്‍.ഒരു വിധം സിനിമ പൂര്‍ത്തീകരിച്ച് പിന്നീട് തിയ്യറ്ററിലെത്തിക്കാന്‍ വഴിയില്ലാതെ സ്വന്തം വീടും പോലും പണയപ്പെടുത്തിയാണ് സിനിമ ഇറക്കിയത്. ഇറങ്ങിയതും ദിവസങ്ങള്‍ക്കകം കൊറോണ മൂലം തിയറ്ററുകള്‍ അടച്ച് അതും തീര്‍ന്നു.സിനിമാ സ്വപ്നങ്ങളില്‍ വെന്ത് നടന്ന രണ്ടു ചെറുപ്പക്കാരില്‍ (ജിനോയ് - ജിബിറ്റ്) ജിബിറ്റ് വിട പറഞ്ഞിരിക്കുന്നു.നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല'

കോഴിപ്പോര് എന്ന സിനിമയില്‍ നവജിത് നാരായണന്‍ അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ പേര് ജിബിറ്റ് എന്നായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in