മോഹന്‍ലാല്‍ കൊവിഡ് ബാധിച്ചു മരിച്ചെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

മോഹന്‍ലാല്‍ കൊവിഡ് ബാധിച്ചു മരിച്ചെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

മോഹന്‍ലാല്‍ കൊവിഡ് 19 ബാധിച്ച് മരിച്ചുവെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. കാസര്‍കോട് പാഡി സ്വദേശി സമീര്‍ ബി എന്നയാളാണ് അറസ്റ്റിലായത്. മാര്‍ച്ച് 31 രാത്രി മുതലാണ് സമൂഹമാധ്യമങ്ങളില്‍ മോഹന്‍ലാല്‍ മരിച്ചെന്ന് ഒരു സിനിമയിലെ മരണരംഗം ഉള്‍പ്പെടുത്തി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. മോഹന്‍ലാല്‍ ഫാന്‍സ് ആന്റ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

തിരുവനന്തപുരം റേഞ്ച് ഡിഐജി കെ സഞ്ജയ് കുമാര്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊവിഡ് വൈറസുമായി ബന്ധപ്പെട്ട് നിരവധി വിഐപികളെയും സെലിബ്രിറ്റികളെയും ബാധിക്കുന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനും, പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തതിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഐപിസി 469, സിഐടി 66, ദുരന്ത നിവാരണ 54 നിയമ പ്രകാരമാണ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. പൊലീസ് പരിശോധനക്കിടയില്‍ വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിക്കാനും, പ്രചരിപ്പിക്കാനും ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് കേരള പൊലീസ് അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in