Film News

ബുക് മൈ ഷോയെ 'ആപ്പി'ലാക്കാന്‍ നിര്‍മാതാക്കള്‍; ഈ വെക്കേഷന് ടിക്കറ്റ് ബുക്കിങ്ങിന് പുതിയ സംവിധാനം, കുറയുമോ ഹാന്‍ഡ്‌ലിങ്ങ് ചാര്‍ജ് ?

സിനിമയ്ക്ക് ടിക്കറ്റെടുക്കാന്‍ ക്യൂ നിന്നിരുന്ന കാലം മലയാളി പതിയെ മറന്നു കഴിഞ്ഞു. റിലീസ് ദിനങ്ങളില്‍ തിയ്യേറ്ററുകളില്‍ നേരത്തെയെത്തി കാത്തിരുന്ന, ഗേറ്റ് തുറക്കുവാന്‍ നേരം ചാടിക്കടന്ന് ആദ്യമെത്തി നിന്നിരുന്നതിനെല്ലാം പകരം ഇന്ന് ആദ്യമെത്തുക ഇന്റര്‍നെറ്റിലാണ്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങ് മാര്‍ഗങ്ങളുപയോഗിച്ച് ഏത് ദിവസമാണോ സിനിമ കാണേണ്ടത് അന്നത്തെ ടിക്കറ്റും, സീറ്റും എല്ലാം നേരത്തെ തന്നെ പ്രേക്ഷകര്‍ തീരുമാനിക്കുന്നു. പല ആപ്പുകളും ഇതിനായി നിലവിലുണ്ടെങ്കിലും 'ബുക്ക് മൈ ഷോ'യാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. സര്‍ക്കാര്‍ സംവിധാനത്തില്‍ ബുക്കിങ്ങിന് ആപ്ലിക്കേഷന്‍ വരുമെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നുവെങ്കിലും നടപ്പായിട്ടില്ല, ഇപ്പോഴിതാ അത്തരമൊരു സംവിധാനം ഒരുക്കാന്‍ പോവുകയാണ് നിര്‍മാതാക്കാളുടെ സംഘടന.

ടിക്കറ്റ് ബുക്കിങ്ങിനായി വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും ആരംഭിക്കുന്നതിനായി മൂന്ന് കമ്പനികളുമായി കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. ടിക്കറ്റ്ബുക്കിങ്ങ് ആപ്പുകള്‍ ഹാന്‍ഡ്‌ലിങ്ങ് ചാര്‍ജായി വലിയ തുക വാങ്ങിയിട്ടും അതില്‍ നിന്ന് നിര്‍മാതാക്കള്‍ക്ക് ഒന്നും തന്നെ ലഭിക്കുന്നില്ലെന്ന് കെഎഫ്പിഎ പ്രസിഡന്റ് രജപുത്ര രഞ്ജിത് 'ദ ക്യൂ'വിനോട് പ്രതികരിച്ചു. തങ്ങള്‍ നിര്‍മിക്കുന്ന സിനിമയുടെ പേരിലാണ് വലിയ തുക ചാര്‍ജ് ചെയ്യുന്നത്. പക്ഷേ അതില്‍ നിന്ന് ഒന്നും നിര്‍മാതാവിനോ വിതരണക്കാരനോ ലഭിക്കുന്നില്ല. ഒപ്പം തങ്ങളുടെ തുക വാങ്ങിയിട്ട് ചിത്രങ്ങളെ മോശമായി ചിത്രീകരിക്കുക കൂടി ചെയ്യുന്നുവെന്ന് രഞ്ജിത് പറഞ്ഞു.

പ്രേക്ഷകര്‍ അറിയാത്ത കാര്യമെന്തെന്നാല്‍ ഹാന്‍ഡ്‌ലിങ്ങ് ചാര്‍ജിന്റെ പകുതി തുക തിയ്യേറ്ററിനും ബാക്കി പകുതി ആപ്പ് നിര്‍മിക്കുന്ന കമ്പനിയ്ക്കുമാണ് ലഭിക്കുന്നത്. നമ്മളുണ്ടാക്കുന്ന കണ്ടന്റിന്റെ പേരിലാണ് ഇത് വില്‍ക്കപ്പെടുന്നത്. അത് നല്ല സിനിമയാകുമ്പോഴാണ് ടിക്കറ്റ് വില്‍ക്കപ്പെടുക. പക്ഷേ നമ്മളുടെ സിനിമകളെ വില്‍ക്കുകയും നമ്മുടെ പണമെടുക്കുകയും ആ സിനിമകളെ തന്നെ മോശമായി റേറ്റ് ചെയ്യുകയും ചെയ്യുന്നു. അങ്ങനെ എല്ലാ പീഡനങ്ങളും നിര്‍മാതാക്കള്‍ അനുഭവിക്കുകയാണ്.അത്തരമൊരു അവസ്ഥ വന്നപ്പോഴാണ് ഒരു പ്രൈവറ്റ് കമ്പനിയുമായി മുന്നോട്ട് പോകാതെ മറ്റൊരു സംവിധാനം ഉണ്ടാക്കാമെന്ന് തീരുമാനിച്ചത്.
രജപുത്ര രഞ്ജിത്

Also Read: ഒരു നിര്‍മ്മാതാവിനും ഈ ഗതി വരരുത്, ബുക് മൈ ഷോയില്‍ കൈക്കൂലി വാങ്ങി റേറ്റിംഗ് അട്ടിമറിയെന്ന് ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്

ആപ്ലിക്കേഷന്‍ ആരംഭിക്കുന്നതിനായി ഒരു സ്റ്റാര്‍ട്ടപ്പ് ഉള്‍പ്പടെ മൂന്ന് കമ്പനികളുമായി അസോസിയേഷന്‍ ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു. അടുത്ത ആഴ്ചയോടെ ഇതില്‍ ഒരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടും. എത്രയും പെട്ടെന്ന് പുതിയ സംവിധാനം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് രഞ്ജിത അറിയിച്ചു. പെട്ടന്ന് എല്ലാ തിയേറ്ററുകളിലും നടപ്പാക്കാന്‍ കഴിയണമെന്നില്ല, പക്ഷേ ഈ വെക്കേഷന്‍ സമയത്ത് പുതിയ സംവിധാനം കൊണ്ടു വരുകയും പിന്നീട് മറ്റ് തിയേറ്ററുകളിലേക്ക് വ്യാപിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

നിലവില്‍ 140 രൂപയുടെ ഒരു ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 20 രൂപയാണ് 'ബുക്ക് മൈ ഷോ' ഹാന്‍ഡലിങ്ങ് ചാര്‍ജായി വാങ്ങുന്നത്. ഒന്നിലധികം ടിക്കറ്റ് വാങ്ങിയാല്‍ ടിക്കറ്റിന്റെ എണ്ണമനുസരിച്ച് 20 രൂപ വീതം ചാര്‍ജ് ചെയ്യുന്നു. ടിക്കറ്റിന്റെ തുക അനുസരിച്ച് ചാര്‍ജ് വര്‍ധിക്കുകയും ചെയ്യുന്നു. ബുക്ക് മൈ ഷോയില്‍ ഒരു സിനിമ ലിസ്റ്റ് ചെയ്യുന്നത് തിയേറ്ററുകളാണ്. പുതിയ റിലീസും അവരുടെ ഷോയുമെല്ലാം തിയ്യേറ്ററുകളുമായിട്ടുള്ള എഗ്രിമെന്റിലാണ് ലിസ്റ്റ് ചെയ്യുന്നത്. അതില്‍ നിര്‍മാതാവിന് ഇടമില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ 'ബുക്‌മൈഷോ' വഴി തിയേറ്ററുകള്‍ക്ക് ലഭിക്കുന്ന വരുമാനത്തില്‍ കുറവ് വരാതെയാണ് പുതിയ ആപ്ലിക്കേഷന്‍ ഒരുക്കാനും നിര്‍മാതാക്കളുടെ സംഘടന ഒരുങ്ങുന്നത്.

Also Read: കാണണം ഈ സെക്‌സ് എജ്യുക്കേഷന്‍ | BINGE WATCH Ep-7 | THE CUE

ഇപ്പോള്‍ തിയേറ്ററുകള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന തുക അവര്‍ക്ക് ലഭിക്കും അവരെ ബുദ്ധിമുട്ടിക്കില്ലെന്ന് എം രഞ്ജിത് 'ക്യൂ'വിനോട് പറഞ്ഞു. സിനിമയോടുള്ള ഇഷ്ടത്തില്‍ പ്രേക്ഷകനെടുക്കുന്ന ടിക്കറ്റില്‍ വലിയ തുക കമ്പനികള്‍ ചാര്‍ജ് ചെയ്യുന്നു, നിലവില്‍ തിയ്യേറ്ററുകള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന തുക ലഭിച്ചില്ലെങ്കില്‍ അവര്‍ പുതിയ സംവിധാനത്തെ എതിര്‍ക്കും. ഇത് വലിയ രീതിയില്‍ കുറയ്ക്കാന്‍ കഴിയാത്തതിന് കാരണമാകുന്നു. എങ്കിലും തിയ്യേറ്ററുകള്‍ക്ക് ലഭിക്കുന്ന തുക അതുപോലെ നല്‍കിക്കൊണ്ട് ബാക്കിയുള്ള ചാര്‍ജിലായിരിക്കും കുറവ് വരുത്താന്‍ ശ്രമിക്കുക. പുതിയ സംവിധാനത്തില്‍ എല്ലാ തിയ്യേറ്ററുകളും ഒപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം രഞ്ജിത് കൂട്ടിച്ചേര്‍ത്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം