മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍, ടൊവിനോ; പ്രതീക്ഷ നല്‍കിപുതുവര്‍ഷദിനത്തിലെ പ്രഖ്യാപനങ്ങള്‍ 

മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍, ടൊവിനോ; പ്രതീക്ഷ നല്‍കിപുതുവര്‍ഷദിനത്തിലെ പ്രഖ്യാപനങ്ങള്‍ 

2019 മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച വര്‍ഷമായിരുന്നു. കലാമൂല്യം നിറഞ്ഞ ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയ സിനിമകളും 2019ല്‍ മലയാളത്തില്‍ പിറന്നു. പുതുവര്‍ഷം ആരംഭിക്കുമ്പോള്‍ ആ തുടര്‍ച്ച ഈ വര്‍ഷവും ആരംഭിക്കാന്‍ കഴിയുമെന്നാണ് സിനിമാ ലോകം പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷത്തെ പ്രതീക്ഷയായ ഒട്ടേറെ സിനിമകളുടെ പോസ്റ്റര്‍ റിലീസ് ഉള്‍പ്പെടെ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ പ്രേക്ഷകരിലേക്കെത്തി. പുതിയ ചിത്രങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു, ചിലത് ചിത്രീകരണം ആരംഭിച്ചു.

ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നായ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളത്തിലെ ഇതുവരെയുള്ള ബോക്സ് ഓഫീസ് റെക്കോര്‍ഡുകളെ തകര്‍ത്താണ് 2019ല്‍ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ 200 കോടി കളക്ഷനിലെത്തിയത്. 2020ലും മോഹന്‍ലാല്‍ എല്ലാ റെക്കോര്‍ഡുകളും ഭേദിക്കുന്ന വിജയം ലക്ഷ്യമിടുന്നുവെന്ന സൂചന നല്‍കുകയാണ് മരക്കാര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. അഞ്ച് ഭാഷകളിലായി 5000 സ്‌ക്രീനുകളിലാണ് സിനിമയുടെ വേള്‍ഡ് റിലീസ്. മലയാളത്തിന് പുറമേ ചൈനീസ്, ഹിന്ദി, തമിഴ്, തെലുങ്ക്, തമിഴ് പതിപ്പുകള്‍. മോഹന്‍ലാല്‍- സിദ്ധിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ബിഗ് ബ്രദറിലെ ഗാനവും റിലീസ് ചെയ്തിട്ടുണ്ട്.

മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ആദ്യത്തെ റിലീസായ അജയ് വാസുദേവ് ചിത്രം 'ഷൈലോക്കി'ന്റെ പുതിയ ടീസറാണ് ആരാധകര്‍ക്കായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. 'അങ്കമാലി ഡയറീസി'ലെ 'തമറടിക്കണകാലമായെടീ' എന്ന ഗാനത്തിനൊപ്പം ആസ്വദിച്ച് താളം പിടിക്കുന്ന മമ്മൂട്ടിയുടെ ടീസര്‍ യൂട്യൂബില്‍ ഇന്നലെ ട്രെന്‍ഡിങ്ങായിരുന്നു. രാജാധിരാജ, മാസ്റ്റര്‍ പീസ് എന്നീ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷൈലോക്ക്. മലയാളത്തിനൊപ്പം തമിഴില്‍ 'കുബേരന്‍' എന്ന പേരില്‍ സിനിമ തിയറ്ററുകളിലെത്തും. പലിശയ്ക്ക് പണം നല്‍കുന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് സൂചനയുണ്ട്. മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്ന സന്തോഷ് വിശ്വനാഥ് ചിത്രം 'വണ്‍' അണയിറപ്രവര്‍ത്തകര്‍ പുതിയ പോസ്റ്ററും പുറത്തുവിട്ടു.

2020 ലെ ആദ്യ ദിനം മറ്റൊരു മമ്മൂട്ടി ചിത്രത്തിന് തുടക്കം കുറിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. നവാഗതസംവിധായകന്‍ ജോഫിന്‍ ടി ചാക്കോ ഒരുക്കുന്ന ത്രില്ലര്‍ ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. മഞ്ജുവും മമ്മൂട്ടിയും ആ്ദ്യമായൊന്നിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ്.

യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ ഭാഗമാകുന്ന മൂന്ന് ചിത്രങ്ങളാണ് പുതുവര്‍ഷദിനത്തില്‍ ശ്രദ്ധയാകര്‍ഷിച്ചത്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ആദ്യചിത്രത്തിന്റെ ടൈറ്റില്‍ ആദ്യദിനം തന്നെ പ്രഖ്യാപിച്ചു. സുരേഷ് ഗോപിയും ശോഭനയും ദുല്‍ഖറിനും കല്യാണി പ്രിയദര്‍ശനുമൊപ്പം പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ പേര് 'വരനെ ആവശ്യമുണ്ട്' എന്നാണ്.

ദുല്‍ഖറിന്റെ ആദ്യ ചിത്രമായ 'സെക്കന്റ് ഷോ'യുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന 'കുറുപ്പ്' എന്ന ചിത്രത്തിന്റെ പുിയ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു. സുകുമാരക്കുറുപ്പിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ രണ്ട് ചിത്രങ്ങളുടെയും നിര്‍മാണത്തിലും ദുല്‍ഖര്‍ പങ്കാളിയാണ്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ആദ്യ ചിത്രമായ 'മണിയറയിലെ അശോകന്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തു വിട്ടിട്ടുണ്ട്. ജേക്കബ് ഗ്രിഗറിയാണ് ചിത്രത്തിലെ നായകന്‍.

പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുതുവത്സര ദിനത്തില്‍ പുറത്തിറങ്ങി. സച്ചിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷത്തെ പൃഥ്വിയുടെ ആദ്യ റിലീസ് അയ്യപ്പനും കോശിയുമായിരിക്കും. ജയസൂര്യയുടെ ഈ വര്‍ഷം ആദ്യ റിലീസിനെത്തുന്ന ചിത്രം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന 'അന്വേഷണ'മാണ്. പേര് സൂചിപ്പിക്കുന്നത് പോലെ ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം റിലീസിനെത്തുക ജനുവരി 31നാണ്.

ബിടെക്കിന് ശേഷം മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'തട്ടും വെള്ളാട്ട'ത്തിന്റെ അനൗണ്‍സ്‌മെന്റും കഴിഞ്ഞ ദിവസം ഉണ്ടായി. സൗബിന്‍ ഷാഹിര്‍, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്.

2019ല്‍ ടൊവിനോ തോമസ് ഏഴ് ചിത്രങ്ങളുടെ ഭാഗമായിരുന്നു. 2020ലും താരം ഭാഗമാകുന്ന നിരവധി ചിത്രങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്. 'കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്', 'ഫോറന്‍സിക്' എന്നീ ചിത്രങ്ങള്‍ ഈ വര്‍ഷം തിയ്യേറ്ററുകളിലെത്തും. ഇവ കൂടാതെ താരം ആദ്യമായി മൂന്ന് വേഷങ്ങളിലെത്തുന്ന 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രവും ഇന്നലെ പ്രഖ്യാപിച്ചു. മൂന്ന് കാലഘട്ടങ്ങളിലുള്ള മൂന്ന് കഥാപാത്രങ്ങളായിട്ടാണ് ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ താരമെത്തുന്നത്. ജിതിന്‍ ലാല്‍ ആണ് സംവിധാനം. യൂ ജി എം എന്റെര്‍റ്റൈന്മെന്റ് ആണ് നിര്‍മ്മാണം. കളരിക്ക് പ്രാധാന്യം നല്‍കുന്ന ചിത്രം 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലുടെയാണ് കടന്നു പോകുന്നത്.

നമിത പ്രമോദിനെ കേന്ദ്ര കഥാപാത്രമാക്കി ബോബന്‍ സാമുവല്‍ ഒരുക്കുന്ന 'അല്‍ മല്ലു', ധ്യാന്‍ ശ്രീനിവാസനും ലെനയും പ്രധാന കഥാപാത്രങ്ങളാകുന്ന മാക്‌സ് വെല്‍ ജോസ് ചിത്രം 'അടുക്കള', നീരജ് മാധവ് നായകനാകുന്ന 'ഗൗതമന്റെ രഥം', ആന്റണി വര്‍ഗീസ് നായകനാകുന്ന പ്രണയ ചിത്രം 'മേരി ജാന്‍', നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'ഓപ്പറേഷന്‍ ജാവ' തുടങ്ങിയവയുടെ പോസ്റ്ററുകളും കഴിഞ്ഞ ദിവസമെത്തി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in