മോഹന്‍രാജ് സാമ്പത്തിക ഭദ്രതയുള്ളയാള്‍, സഹായം ആവശ്യമില്ലെന്ന് കീരീടത്തിന്റെ സഹനിര്‍മ്മാതാവ്

മോഹന്‍രാജ് സാമ്പത്തിക ഭദ്രതയുള്ളയാള്‍, സഹായം ആവശ്യമില്ലെന്ന് കീരീടത്തിന്റെ സഹനിര്‍മ്മാതാവ്

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ മോഹന്‍രാജിനെ സന്ദര്‍ശിച്ച് നിര്‍മ്മാതാവും നടനുമായ ദിനേശ് പണിക്കര്‍. കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രമായി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ മോഹന്‍രാജ് ചികിത്സാ സഹായം തേടുന്നതായി വ്യാജ പ്രചരണമുണ്ടായിരുന്നു. ആശുപത്രിയില്‍ അവശനിലയിലുള്ള വീഡിയോയും ചിത്രങ്ങളുമാണ് പ്രചരിപ്പിക്കപ്പെട്ടത്. സിബി മലയില്‍ സംവിധാനം ചെയ്ത കിരീടം എന്ന ചിത്രമാണ് മോഹന്‍രാജിനെ കീരിക്കാടന്‍ ജോസ് എന്ന വില്ലന്റെ പേരിലേക്ക് പ്രതിഷ്ഠിച്ചത്. ദിനേശ് പണിക്കര്‍ ഈ സിനിമയുടെ സഹനിര്‍മ്മാതാവായിരുന്നു.

ദിനേശ് പണിക്കര്‍ മോഹന്‍രാജിന്റെ ആരോഗ്യനിലയെക്കുറിച്ച് പറയുന്നത്

കീരിക്കാടന്‍ ജോസ്, 1989ല്‍ ഞാന്‍ നിര്‍മ്മിച്ച മോഹന്‍ലാല്‍ ചിത്രം കിരീടത്തിലെ മറക്കാനാകാത്ത വില്ലനാണ്. ഒരാഴ്ചയായി വാര്‍ത്തകളില്‍ കീരിക്കാടനാണ്. മോഹന്‍രാജ് എന്ന കീരീക്കാടന്‍ ജോസിനെക്കുറിച്ച് ആരോ പ്രചരിപ്പിച്ച വ്യാജവാര്‍ത്തയായിരുന്നു സാമ്പത്തിക സഹായം തേടുന്നുവെന്നത്. ഗുരുതര രോഗാവസ്ഥയിലാണെന്നതും വാസ്തവ വിരുദ്ധമായിരുന്നു. എന്റെ അടുത്ത ചങ്ങാതി കൂടിയായ മോഹന്‍രാജ് ഞാന്‍ നിര്‍മ്മിച്ച മൂന്ന് സിനിമകളില്‍ അഭിനയിച്ചിരുന്നു. കീരീടം കൂടാതെ ചെപ്പ് കിലുക്കണ ചങ്ങാതിയും സ്റ്റാലിന്‍ ശിവദാസും.

വെരിക്കോസ് വെയിനുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഉള്ള മോഹന്‍രാജിനെ കണ്ട്, കുറേ നേരം സംസാരിച്ചു. സാധാരണ ജീവിതത്തിലേക്ക് വൈകാതെ മോഹന്‍രാജ് എത്തും. അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലം നന്നായി അറിയാം. അദ്ദേഹം സാമ്പത്തിക ഭദ്രതയുള്ള ആളാണെന്നും ചികിത്സാ സഹായം ആവശ്യമില്ലെന്നും എനിക്കുറപ്പുണ്ട്.

എക്‌സൈസ് ആന്‍ഡ് കസ്റ്റംസില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് മോഹന്‍രാജ് സിനിമയിലെത്തുന്നത്. കിരീടത്തിലെ ഗുണ്ട കീരിക്കാടന്‍ ജോസ് ആയുള്ള വരവ് മോഹന്‍രാജിനെ ആ പേരിലേക്ക് പ്രതിഷ്ഠിച്ചു. മൂന്നാംമുറ, ഏയ് ഓട്ടോ, ആനവാല്‍ മോതിരം, ഏഴിമലൈ എന്നീ സിനിമകളിലും അഭിനയിച്ചു തമിഴിലും സജീവമായിരുന്നു. ഹലോ എന്ന ചിത്രത്തില്‍ കോമഡി റോളിലും മോഹന്‍രാജ് അഭിനയിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in