‘ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതികാരങ്ങളുടെ കഥ’; ‘മാമാങ്കം’ ചരിത്രത്തോടെ നീതി പുലര്‍ത്തുമെന്ന് മമ്മൂട്ടി

‘ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതികാരങ്ങളുടെ കഥ’; ‘മാമാങ്കം’ ചരിത്രത്തോടെ നീതി പുലര്‍ത്തുമെന്ന് മമ്മൂട്ടി

എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കത്തിന്റെ നിര്‍മാതാവായ വേണു കുന്നപ്പള്ളിയെ പുകഴ്ത്തി മമ്മൂട്ടി. ചിത്രത്തിന്റെ ഏറ്റവും വലിയ ഭാഗ്യം നിര്‍മ്മാതാവാണ്. മലയാളത്തില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ചെലവേറിയ സിനിമയാണ് മാമാങ്കം, അത് ഏറ്റെടുക്കാന്‍ തയ്യാറായ വേണുവാണ് ഈ സിനിമയുടെ ശക്തി. അദ്ദേഹത്തിനാണ് ഏറ്റവും കൂടുതല്‍ പ്രോത്സാഹനം കൊടുക്കേണ്ടതെന്നും മമ്മൂട്ടി പറഞ്ഞു. ഇന്നലെ നടന്ന സിനിമയുടെ ഓഡിയോ ലോഞ്ചിലായിരുന്നു താരത്തിന്റെ പ്രതികരണം.

തന്റെ കാഴ്ചപ്പാടില്‍ വളരെ ഓര്‍ഗാനിക്കായിട്ടുള്ള ചിത്രമാണ് മാമാങ്കമെന്നും മമ്മൂട്ടി പറഞ്ഞു. ചരിത്രത്തോട് നീതി പുലര്‍ത്തി തന്നെയാണ് ചിത്രത്തിലെ ഓരോ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്, വളരെ കുറച്ച് ഗ്രാഫിക്‌സ് രംഗങ്ങളേ സിനിമയിലുള്ളു. ഒരിക്കലും സിനിമയില്‍ അവിശ്വസനീയത വരില്ല, കണ്ടാല്‍ വിശ്വസിക്കാവുന്ന, ,കണ്ടറിയേണ്ട അനുഭവിക്കേണ്ട രംഗങ്ങളുമാണ് ചിത്രമെന്നും മമ്മൂട്ടി പറഞ്ഞു

ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതികാരങ്ങളുടെ കഥയാണ്, എന്നോ നടന്ന പോയ ദുരന്തത്തിന്റെ തലമുറകളായി പ്രതികാരം ചെയ്യുന്ന ആത്മഹൂതി ചെയ്യുന്ന ചാവേറുകളുടെ കഥ

മമ്മൂട്ടി

കേരളവര്‍മ പഴശ്ശിരാജയ്ക്കു ശേഷം മമ്മൂട്ടി നായകനാകുന്ന മറ്റൊരു ചരിത്ര സിനിമയാണ് മാമാങ്കം. 17ാം നൂറ്റാണ്ടില്‍ ഭാരതപ്പുഴയുടെ തീരത്ത് നടന്നിരുന്ന മാമാങ്കത്തിന്റെ ചരിത്രപശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സാമൂതിരിയ്ക്ക് നേരെ ചാവേറുകള്‍ എന്ന് വിളിപ്പേരുള്ള യോദ്ധാക്കള്‍ നടത്തിവന്നിരുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.

ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, അനു സിതാര, കനിഹ, ഇനിയ, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം റിലീസ് ചെയ്യും.

സജീവ് പിള്ള രചനയും സംവിധാനവും നിര്‍വഹിക്കുമെന്ന് പ്രഖ്യാപിച്ച് ചിത്രീകരിച്ച മാമാങ്കം പിന്നീട് നിര്‍മ്മാതാവുമായുള്ള പ്രശ്നത്തെ തുടര്‍ന്ന് പദ്മകുമാറില്‍ എത്തുകയായിരുന്നു. സജീവ് പിള്ളയ്ക്ക് പകരം അവലംബിത തിരക്കഥ, സംഭാഷം എന്നീ ക്രെഡിറ്റുകളില്‍ ഷങ്കര്‍ രാമകൃഷ്ണനാണ് പോസ്റ്ററുകളില്‍ ഉള്ളത്. രാജാ മുഹമ്മദ് എഡിറ്റിംഗും ഷാം കൗശല്‍ ആക്ഷന്‍ കൊറിയോഗ്രഫിയും നിര്‍വഹിക്കുന്നു. വിവേക് രാമദേവന്‍, അയജോ ആന്റണി എന്നിവര്‍ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍മാരുമാണ്. റഫീക്ക് അഹമ്മദും അജയ് ഗോപാലുമാണ് ഗാനരചന. പിഎം സതീഷ്, മനോജ് ഗോസ്വാമി സൗണ്ട് ഡിസൈന്‍. ശ്രീനാഥ് ഉണ്ണിക്കൃഷ്ണന്‍ സ്റ്റില്‍സ്, ഓള്‍ഡ് മോങ്ക്സ് മീഡിയാ ഡിസൈന്‍.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in