പരസ്യത്തിനായി ഹോര്‍ഡിങ്ങുകള്‍ വേണ്ടെന്ന് മമ്മൂട്ടിയും വിജയ്യും;  ഗാനഗന്ധര്‍വ്വനും ബിഗിലും വലിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കില്ല 

പരസ്യത്തിനായി ഹോര്‍ഡിങ്ങുകള്‍ വേണ്ടെന്ന് മമ്മൂട്ടിയും വിജയ്യും; ഗാനഗന്ധര്‍വ്വനും ബിഗിലും വലിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കില്ല 

മമ്മൂട്ടി നായകനാകുന്ന ഗാനഗന്ധര്‍വ്വന്റെ പരസ്യത്തിനായി നിയമാനുസൃതമായ ഫ്‌ളെക്‌സ് ഉപയോഗിച്ചുള്ള വലിയ ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കില്ലെന്നും അണിയറപ്രവര്‍ത്തകര്‍. തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹത്തിനു സ്ഥാപിച്ച ഫ്‌ളെക്‌സ് ബോര്‍ഡ് പൊട്ടിവീണു യുവതി മരിച്ചതിനെ തുടര്‍ന്നാണ് നടപടി

ചെന്നെയിലെ അപകട വാര്‍ത്തയറിഞ്ഞ മമ്മൂട്ടിയും സംവിധായകന്‍ രമേഷ് പിഷാരടിയും നിര്‍മാതാവ് ആന്റോ പി. ജോസഫും ചേര്‍ന്നാണ് ഫ്‌ളെക്‌സ് ഹോര്‍ഡിങ് ഒഴിവാക്കാന്‍ തീരുമാനിച്ചത്. ചിത്രത്തിന്റെ പരസ്യത്തിനു പോസ്റ്ററുകള്‍ മാത്രമേ ഉപയോഗിക്കൂ എന്ന് രമേഷ് പിഷാരടി പറഞ്ഞു.

ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ബിഗിലിന്റെ ഓഡിയോ ലോഞ്ചിന്റെ വലിയ ഹോര്‍ഡിങ്ങുകളും ബാനറുകളും സ്ഥാപിക്കരുതെന്ന് ആരാധകരോട് നടന്‍ വിജയ്യും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 19നാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കുന്നത്.

സ്‌കൂട്ടര്‍ യാത്രികയായ യുവതിയുടെ ദേഹത്തേക്കു ഫ്‌ളക്‌സ് വീഴുന്നതിന്റെയും വാട്ടര്‍ ടാങ്കര്‍ ഇടിച്ചു തെറിപ്പിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവും ഉന്നയിച്ചിരുന്നു. എത്ര ലീറ്റര്‍ രക്തം കൊണ്ടാണു സര്‍ക്കാര്‍ റോഡുകള്‍ ചായംപൂശാന്‍ ഉപയോഗിക്കുന്നത് എന്നാണ് കോടതി ചോദിച്ചത്. അഞ്ചുലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി, ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

പ്രതിഷേധം കടുത്തതോടെയാണു ഭരണകക്ഷിയുടെ പ്രമുഖ നേതാവായ ജയഗോപാലിനെതിരെ പൊലീസ് കേസെടുത്തത്. എന്നിട്ടും അനധികൃത ഫ്‌ളെക്‌സുകള്‍ നീക്കുന്നതില്‍ വീഴ്ച വരുത്തിയ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായിട്ടില്ല. ബാനറുകളും ഫ്‌ലെക്‌സുകളും ഉപയോഗിക്കുന്ന പരിപാടിയില്‍ ഇനി പങ്കെടുക്കില്ലെന്നും ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. ഇനി ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്നു വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അണികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഡിഎംകെ, അണ്ണാ ഡിഎംകെ പാര്‍ട്ടികള്‍ മദ്രാസ് ഹൈക്കോടതിയെ ഇക്കാര്യം രേഖാമൂലം അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in