ജോജുവിന്റെ സ്റ്റൈലിഷ് തമിഴ് എന്‍ട്രി, കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ പ്രധാന കഥാപാത്രം
കാര്‍ത്തിക് സുബ്ബരാജിന്റെ ലണ്ടനില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയില്‍ പ്രധാന റോളില്‍ ജോജു ജോര്‍ജ്ജും. ധനുഷ്, ഐശ്വര്യലക്ഷ്മി എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ജെയിംസ് കോസ്മോ അഭിനയിക്കുന്ന സിനിമയില്‍ സുപ്രധാന റോളില്‍ ജോജുവുമെത്തും. ജോജു അഭിനയിക്കുന്ന അടുത്ത ചിത്രം കൂടിയാണിത്. അടുത്ത ദിവസം തന്നെ സിനിമയുടെ ഷൂട്ടിന് ജോയിന്‍ ചെയ്യുമെന്ന് ജോജു ജോര്‍ജ്ജ് ദ ക്യൂവിനോട് പറഞ്ഞു. ചോല എന്ന സിനിമയുടെ തമിഴ് പതിപ്പു ജോസഫും കണ്ടാണ് കാര്‍ത്തിക് സുബ്ബരാജ് ജോജുവിനെ സിനിമയിലേക്ക് ക്ഷണിച്ചത്. വെനീസ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ സനല്‍കുമാര്‍ ശശിധരന് നിര്‍മ്മിച്ച് ജോജു ജോര്‍ജ്ജ്, നിമിഷാ സജയന്, അഖില്‍ വിശ്വനാഥ് എന്നിവര്‍ അഭിനയിച്ച ചോല ഹൊറിസോണ്ടി കാറ്റഗറിയില്‍ മത്സരിച്ചിരുന്നു. സിനിമയെ പ്രതിനിധീകരിച്ച് സനലും ജോജുവും നിമിഷയും അഖിലും വെനീസിലെത്തിയിരുന്നു.
കമല്‍ കെ എം സംവിധാനം ചെയ്യുന്ന പട, ലിജോ ജോസ് പെല്ലിശേരി ചിത്രം എന്നിവയ്ക്ക് ശേഷം ജോജു അഭിനയിക്കുന്ന ചിത്രവുമാണ് കാര്‍ത്തിക് സുബ്ബരാജിന്റേത്. വൈ നോട്ട് സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രം ധനുഷിനെ നായകനാക്കി കാര്‍ത്തിക് മുമ്പ് തന്നെ ആലോചിച്ചിരുന്നതാണ്. ഹോളിവുഡ് ഇതിഹാസതാരം അല്‍ പാച്ചിനോയെ ചിത്രത്തില്‍ പ്രധാന കഥാപാത്രമാക്കി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ശ്രമം വിജയകരമായിരുന്നില്ല.
എച്ച്ബിഒയുടെ ജനപ്രിയ ടെലിവിഷന്‍ സീരീസായ 'ഗെയിം ഓഫ് ത്രോണ്‍സി'ലെ 'ലോര്‍ഡ് കമാന്‍ഡര്‍ ജിയോര്‍ മോര്‍മണ്ടാ'യി വേഷമിട്ട കോസ്മോസ് ആണ് ഈ റോളിലെത്തുന്നത്. 'ട്രോയ്', 'ബ്രേവ്ഹാര്‍ട്ട്' എന്നീ ചിത്രങ്ങളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് കോസ്മോസ്.
ജോസഫിന് ലഭിച്ച സ്വീകാര്യതക്ക് പിന്നാലെ ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിന്റെ വിജയത്തിന് ശേഷം ജോജു പ്രധാന കഥാപാത്രമാകുന്ന നിരവധി സിനിമകളാണ് ഒരുങ്ങുന്നത്. ലണ്ടനില്‍ ചിത്രീകരിക്കുന്ന ഗാംഗ്സ്റ്റര് ചിത്രം കൂടിയാണ് കാര്‍ത്തിക്കിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നത്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം. ശ്രേയസ് കൃഷ്ണയാണ് ക്യാമറ.