പടം 800 കോടി വാരിയിട്ടും പ്രതിഫലമില്ല ; ലൈക്ക പ്രൊഡക്ഷന്‍സിനെതിരെ ആരോപണവുമായി സബ്‌ടൈറ്റിലിസ്റ്റ്

പടം 800 കോടി വാരിയിട്ടും പ്രതിഫലമില്ല ; ലൈക്ക പ്രൊഡക്ഷന്‍സിനെതിരെ ആരോപണവുമായി സബ്‌ടൈറ്റിലിസ്റ്റ്

രജനികാന്ത്- ശങ്കര്‍ കൂട്ടുകെട്ടിലൊരുങ്ങിയ ബിഗ് ബജറ്റ് ചിത്രം ‘2.0’ യ്ക്ക് വേണ്ടി സബ്‌ടൈറ്റിലുകള്‍ നിര്‍വഹിച്ചതിന് മാസങ്ങള്‍ പിന്നിട്ടിട്ടും പണം നല്‍കിയില്ലെന്ന് ആരോപണം. തമിഴ് തെലുങ്ക് ചിത്രങ്ങളുടെ സബ്‌ടൈറ്റില്‍ ചെയ്യുന്ന രേഖ്‌സാണ് നവംബറില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രതിഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്ന ആരോപണവുമായി രംഗത്തെത്തിയത്.

പ്രതിഫലം ഇതുവരെ നല്‍കിയില്ലെന്ന് മാത്രമല്ല ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് തന്റെ ഫോണ്‍ കോളുകള്‍ക്കും മെയിലുകള്‍ക്കും മറുപടി നല്‍കുന്നില്ലെന്നും രേഖ്‌സ് ആരോപിക്കുന്നു. ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ച രേഖ്‌സിനും മറ്റ് രണ്ടു പേര്‍ക്കും പണം ലഭിക്കാനുണ്ടെന്നും ‘2.0’ യുടെ ആദ്യ ഭാഗമായ എന്തിരന്‍ നിര്‍മിച്ച സണ്‍ പിക്‌ചേഴ്‌സും പ്രതിഫലം നല്‍കിയിരുന്നില്ലെന്നും രേഖ്‌സ് ട്വീറ്റ് ചെയ്തു

അജിത് നായകനായ ‘ആരംഭം’, കമല്‍ഹാസന്‍ ചിത്രം ‘വിശ്വരൂപം’ എന്നിവയ്ക്കും പ്രതിഫലം ലഭിച്ചിട്ടില്ലെന്ന് രേഖ്‌സ് സിനിമാ എക്‌സ്‌പ്രെസ്സിനോട് പറഞ്ഞു. ആരംഭത്തിന്റെ സംവിധായകന്‍ പ്രതിഫലം ലഭിച്ചിട്ടില്ലെന്ന് അറിയുകയും മാപ്പു ചോദിക്കുകയും ചെയ്തിരുന്നു. വിശ്വരൂപത്തിന് പ്രതിഫലം നല്‍കിയില്ലെന്ന് കമല്‍ഹാസന്‍ അറിഞ്ഞിട്ടില്ല എന്നാണ് വിശ്വസിക്കുന്നത്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത ‘വിണ്ണെത്താണ്ടി വരുവായ’, ‘നീ താനെ എന്‍ പൊന്‍വസന്തം’ എന്നീ ചിത്രങ്ങള്‍ക്കും പ്രതിഫലം നല്‍കിയില്ലെന്നും രേഖ്‌സ് പറഞ്ഞു.

എന്നാല്‍ രേഖയുടെ ആരോപണങ്ങള്‍ തെറ്റാണെന്നാണ് ലൈക്ക പ്രൊഡക്ഷന്‍ പറയുന്നത്. തങ്ങളോടൊപ്പം പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം പ്രതിഫലം നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കാറുണ്ടെന്ന് ലൈക്കയുടെ വക്താവ് സിനിമാ എക്‌സ്പ്രസിനോട് പറഞ്ഞു. രേഖ്‌സിന്റെ ട്വീറ്റ് ശ്രദ്ധിക്കപ്പെട്ട ഉടനെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രതിഫലം നല്‍കിയതിന്റെ റെക്കോര്‍ഡുകള്‍ ഉടന്‍ കണ്ടെത്താനും തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. രേഖ എല്ലാ പ്രൊഡക്ഷന്‍ ഹൗസുകള്‍ക്കും നേരെ അനാവശ്യ ആരോപണമുന്നയിക്കുന്നയാളാണെന്നും ലൈക്ക വക്താവ് ആരോപിച്ചു.

10 വര്‍ഷത്തിലധകമായി സബ്‌ടൈറ്റിലിംഗ് രംഗത്തുള്ള രേഖ്‌സ് 500ലധികം ചിത്രങ്ങള്‍ക്ക് വേണ്ടി ഇതുവരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജയം രവി നായകനായ കോമാളിയാണ് ഏറ്റവും പുതിയ ചിത്രം. 570 കോടി രൂപ മുതല്‍മുടക്കിലൊരുക്കിയ ചിത്രമാണ് 2.0. അക്ഷയ് കുമാറായിരുന്നു ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയത്. 800 കോടിയിലധികമായിരുന്നു ചിത്രം കളക്ട് ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in