‘കാഞ്ചനമാലയുടെ റോള്‍ തരാം’, വിമലിന്റെ കര്‍ണ്ണന്റെ പേരില്‍ വ്യാജ കാസ്റ്റിംഗ് ഡയറക്ടറുടെ തട്ടിപ്പ്

‘കാഞ്ചനമാലയുടെ റോള്‍ തരാം’, വിമലിന്റെ കര്‍ണ്ണന്റെ പേരില്‍ വ്യാജ കാസ്റ്റിംഗ് ഡയറക്ടറുടെ തട്ടിപ്പ്

‘എന്ന് നിന്റെ മൊയ്തീന്’ ശേഷം ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത പുതിയ ചിത്രമായ ‘കര്‍ണ’യിലേക്ക് അഭിനേതാക്കളെ തേടുന്നു എന്ന പേരില്‍ സാമ്പത്തിക തട്ടിപ്പ്. ചിയാന്‍ വിക്രം നായകനാകുന്ന ചിത്രത്തിലേക്ക് സഹതാരങ്ങളെ ആവശ്യമുണ്ടെന്ന പേരില്‍ ഓണ്‍ലൈന്‍ വഴി നടക്കുന്ന പ്രചരണങ്ങളുമായി യാതൊരു ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി സംവിധായകന്‍ ആര്‍.എസ് വിമല്‍ മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ക്ക്പരാതി നല്‍കി.

സോഷ്യല്‍ മീഡിയ വഴി ചിത്രത്തിന്റെയും പ്രൊഡക്ഷന്‍ കമ്പനിയുടെയും ലോഗോയും മറ്റ് വിവരങ്ങളും ഉപയോഗിച്ചാണ് തട്ടിപ്പ് നടക്കുന്നത്. ചിത്രത്തിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ടെന്ന് കാണിച്ച് ചില വെബ്‌സൈറ്റുകളില്‍ പരസ്യം നല്‍കുകയും പുതുമുഖ താരങ്ങളെ നേരിട്ട് കോണ്ടാക്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. 76 ദിവസത്തെ ഷൂട്ടിങ്ങ് ഉണ്ടാവുമെന്നും ഇതിന് വേണ്ടി ചെലവായി 200000 രൂപ വരെ അഭിനേതാക്കള്‍ തന്നെ വഹിക്കണമെന്നും സന്ദേശങ്ങളില്‍ പറയുന്നു. ചിത്രത്തിന് വേണ്ടി സെലക്ട് ചെയ്താല്‍ 8500 രൂപ ഓണ്‍ലൈനായി അടച്ച് കരാര്‍ സൈന്‍ ചെയ്യണമെന്നും പറഞ്ഞാണ് തട്ടിപ്പ്.

മിതേഷ് നൊയ്ഡു, അനിത രാജ് എന്നീ പേരുകളിലുള്ള രണ്ട് പേരാണ് തട്ടിപ്പു നടത്തുന്നത്. ഇതിനകം ഇവരുടെ പരസ്യം കണ്ട് പ്രതികരിച്ച ഒരു യുവതിയ്ക്ക് റോള്‍ ലഭിച്ചുവെന്നും, അത് ഉറപ്പാക്കാന്‍ ഒരു ലക്ഷം രൂപ ഉടന്‍ നല്‍കാനും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ സംശയം തോന്നിയ യുവതിയുടെ വീട്ടുകാര്‍ കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. സിനിമയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാരെ കബളിപ്പിച്ച് നടത്തുന്ന സ്‌ക്രീന്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ തുടങ്ങിയവയമുയി തങ്ങള്‍ക്ക് ബന്ധമില്ലെന്നും തട്ടിപ്പുകാര്‍ ഇതിനകം തന്നെ നിര്‍മാതാക്കളാണെന്ന് അവകാശപ്പെട്ട് പലരുടെയും കയ്യില്‍ നിന്ന് പണം തട്ടിയതായി സംശയിക്കുന്നതായും ആര്‍എസ് വിമല്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ആര്‍ എസ് വിമല്‍ ഫിലിംസ്, ഇംപാക്ട് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ലോഗോ, ലെറ്റര്‍പാഡ് തുടങ്ങിയവ എല്ലാം ഉപയോഗിച്ചു കൊണ്ടുള്ള തട്ടിപ്പിനെതിരെ നടപടിയെടുക്കണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ണ്ണന്‍ ചിത്രവുമായി ബന്ധപ്പെട്ട് തനിക്ക് ഹൈദരാബാദ് മാത്രമാണ് ഓഫീസ് ഉള്ളതെന്നും ചിത്രത്തിലേക്കുള്ള അഭിനയിതാകളെ ആറു മാസം മുന്‍പ് തന്നെ തിരഞ്ഞെടുത്തുയെന്നും ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ വലയില്‍ പെടരുതെന്നും ആര്‍.എസ് വിമല്‍ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in